സാദിയോ മാനെയും(ഇടത്) ലിറോയ് സാനെയും.
സാദിയോ മാനെയും(ഇടത്) ലിറോയ് സാനെയും.

സാനെയുടെ മുഖത്തടിച്ചു; മാനെയെ വില്‍ക്കാനൊരുങ്ങി ബയേണ്‍

തിരിച്ചു പ്രതികരിക്കാന്‍ സാനെയും തയാറെടുത്തതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Updated on
1 min read

സഹതാരത്തിന്റെ മുഖത്തടിച്ചതിന് സെനഗല്‍ താരം സാദിയോ മാനെയ്‌ക്കെതിരേ നടപടിക്കൊരുങ്ങി ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഡ്രെസിങ് റൂമില്‍ വച്ചാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.

തോല്‍വിയെച്ചൊല്ലി സഹതാരം ലിറോയ് സാനെയുമായി തര്‍ക്കിച്ച മാനെ നിയന്ത്രണം വിട്ട് സാനെയുടെ മുഖത്തടിക്കുകയായിരുന്നു. അപ്രതീക്ഷിത പ്രഹരമേറ്റ സാനെയുടെ ചുണ്ട് പൊട്ടി രക്തമൊലിച്ചു. തിരിച്ചു പ്രതികരിക്കാന്‍ സാനെയും തയാറെടുത്തതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം പുറത്തറിഞ്ഞതോടെ നാണക്കേടിലായ ബയേണ്‍ മാനേജ്‌മെന്റ് താരത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നലെ ടിയന്തരമായി ചേര്‍ന്ന ടീം മാനേജ്‌മെന്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായതായാണ് വിവരം. താരത്തിന് പിഴയോ സസ്‌പെന്‍ഷനോ നല്‍കുമെന്നു പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചു കടുത്ത നടപടി വേണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതെന്ന് സ്‌കൈ സ്‌പോര്‍ട്്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ക്ലബിന് മൊത്തം മാനക്കേട് വരുത്തിവച്ച മാനെയെ ഇനി ടീമില്‍ തുടരാന്‍ അനുവദിക്കേണ്ടെന്നും അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ താരത്തെ വിറ്റൊഴിവാക്കണമെന്നുമാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതോടെ താരത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ബയേണ്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ സിറ്റിക്കെതിരേ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോല്‍വിയാണ് ബയേണ്‍ ഏറ്റുവാങ്ങിയത്. സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റോഡ്രി, ബെര്‍നാര്‍ഡോ സില്‍വ, എര്‍ലിങ് ഹാലണ്ട് എന്നിവരാണ് ബയേണിന്റെ വലകുലുക്കിയത്.

logo
The Fourth
www.thefourthnews.in