യൂറോ കപ്പിനൊരുങ്ങി ബെൽജിയം; ഇനി ഡൊമെനിക്കോ ടെഡെസ്കോ യുഗം
ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി മുന്‍ ആർ ബി ലെപ്സിഗ് പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്കോയെ നിയമിച്ചു. അടുത്ത വർഷം ജൂണില്‍ ജർമനി വേദിയാകുന്ന യൂറോ കപ്പ് മുന്നിൽ കണ്ട് ജൂലൈ 31 വരെയാണ് നിലവിലത്തെ കരാർ. ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജി വച്ച മുൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ പകരക്കാരനായാണ് 37 കാരനായ ടെഡെസ്കോയുടെ നിയമനം.
2017ലാണ് ഡൊമെനിക്കോ ടെഡെസ്കോ മുതിർന്നവരുടെ ടീമിനെ പരിശീലിപ്പിക്കാൻ തുടങ്ങുന്നത്. 2016-17 സീസണിൽ ജർമനിയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചു തുടങ്ങിയ ടെഡെസ്കോ ഷാൽക്കയുടെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അരങ്ങേറ്റ സീസണിൽ തന്നെ ബുണ്ടസ്‌ലിഗയിൽ ഷാൽക്കയെ ടെഡെസ്കോ രണ്ടാമതെത്തിച്ചു. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിയിൽ സ്ഥാനം നഷ്ട്ടമായ ടെഡെസ്കോ തുടർന്ന് റഷ്യിലെ സ്പാർട്ടക്ക് മോസ്കോയിലെത്തി. രണ്ട് സീസണുകൾക്ക് ശേഷം മോസ്കൊ വിട്ട അദ്ദേഹം ആർ ബി ലെപ്സിഗ് പരിശീലകനായി ജർമനിയിൽ തിരിച്ചെത്തി. ഇക്കാലയളവിൽ ലെപ്സിഗിനെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് നയിച്ച അദ്ദേഹം, ലെപ്സിഗിന് ഡിഎഫ്ബി പോകൽ കിരീടവും സമ്മാനിച്ചു. ഈ സീസണിലെ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് സെപ്റ്റംബർ ഏഴിന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
പരിശീലകനായി നിയമിതനായതിന് പിന്നാലെ ചുമതല ഏറ്റെടുക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ ടെഡെസ്കോ, ടീമിനെ മത്സരസജ്ജമാക്കാൻ ലഭിച്ച അവസരത്തിന്റെ ആവേശത്തിലാണെന്നും കൂട്ടിച്ചേർത്തു. അടുത്ത മാസം 24ന് സ്വീഡനുമായുള്ള യൂറോ കപ്പ് യോഗ്യത മത്സരമാകും ബെൽജിയം പരിശീലകനായുള്ള ടെഡെസ്കോയുടെ അരങ്ങേറ്റ മത്സരം.