ദേശീയ ഗെയിംസ് ഫുട്‌ബോള്‍; ഗോള്‍മഴയില്‍ പ്രതീക്ഷ പൊലിഞ്ഞു കേരളം

ദേശീയ ഗെയിംസ് ഫുട്‌ബോള്‍; ഗോള്‍മഴയില്‍ പ്രതീക്ഷ പൊലിഞ്ഞു കേരളം

ഹാട്രിക് നേടിയ നായകന്‍ നരോ ഹരിശ്രേഷ്ഠയുടെ മിന്നുന്ന പ്രകടനമാണ് ബംഗാളിനു തുണയായത്.
Updated on
1 min read

രണ്ടര പതിറ്റാണ്ടിനു ശേഷം ദേശീയ ഗെയിംസ് ഫുട്‌ബോള്‍ സ്വര്‍ണമെന്ന കേരള ഫുട്‌ബോള്‍ ടീമിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു. 1997-ല്‍ ബംഗളുരുവില്‍ സ്വര്‍ണമണിഞ്ഞ ശേഷം ഇതാദ്യമായി ദേശീയ ഗെയിംസ് ഫുട്‌ബോള്‍ ഫൈനല്‍ കളിച്ച കേരളത്തെ നാണം കെടുത്തി ചിരവൈരികളായ ബംഗാള്‍ സ്വര്‍ണമണിഞ്ഞു.

ഇന്ന് അഹമ്മദാബാദിലെ ഇകെഎ അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബംഗാള്‍ കേരളത്തെ തുരത്തിയത്. ഹാട്രിക് നേടിയ നായകന്‍ നരോ ഹരിശ്രേഷ്ഠയുടെ മിന്നുന്ന പ്രകടനമാണ് ബംഗാളിനു തുണയായത്. റോബിന്‍ ഹന്‍സ്ദ, അമിത് ചക്രവര്‍ത്തി എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് ബംഗാള്‍ ലീഡ് നേടിയിരുന്നു. ഇരുപകുതികളിലുമായാണ് കൊല്‍ക്കത്ത കസ്റ്റംസ് താരം കൂടിയായ ഹരിശ്രേഷ്ഠ ഹാട്രിക് പൂര്‍ത്തിയാക്കിയത്.

ജയത്തോടെ സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യാനും ബംഗാളിനായി. ഇതു മൂന്നാം തവണയാണ് അവര്‍ ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. ഇതിനു മുമ്പ് 1994, 2011 വര്‍ഷങ്ങളിലായിരുന്നു നേട്ടം. കേരളം അവസാനമായി ദേശീയ ഗെയിംസ് സ്വര്‍ണമണിഞ്ഞത് 1997-ലാണ്. അതിനു മുമ്പ് 1987-ലും സ്വര്‍ണം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in