ഒറ്റഗോള്‍ തോല്‍വി; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിക്കണം

ഒറ്റഗോള്‍ തോല്‍വി; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിക്കണം

തോല്‍വിയോടെ എ.ടി.കെ. മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്.സിക്കുമെതിരായ അവസാന രണ്ടു ലീഗ് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമായി.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ നിലവിലെ റണ്ണറപ്പുകളായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. ഇന്നു നടന്ന മത്സരത്തില്‍ ബംഗളുരു എഫ്.സിയോടേറ്റ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പെന്ന നിലയില്‍ ബംഗളുരുവിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ 32-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ബംഗളുരുവിന്റെ വിജയഗോള്‍ നേടിയത്. ഹാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പാസ് സ്വീകരിച്ചു ബോക്‌സിലേക്ക് ഓടിക്കയറിയ റോയ് കൃഷ്ണ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന് ഒരവസരവും നല്‍കാതെ വല കുലുക്കുകയായിരുന്നു.

തോല്‍വിയോടെ എ.ടി.കെ. മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്.സിക്കുമെതിരായ അവസാന രണ്ടു ലീഗ് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമായി. നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്നു പോയിന്റ് നേടിയാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കാനാകൂ.

18 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുമായി ഒന്നാമതുള്ള മുംബൈ സിറ്റിയും 17 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയുമാണ് നിലവിയില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കിയിട്ടുള്ളത്. ബ്ലാസ്‌റ്റേഴ്‌സിനു പിന്നില്‍ 17 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി എ.ടി.കെ മോഹന്‍ ബഗാനും 18 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ബംഗളുരു എഫ്.സിയും പ്ലേ ഓഫ് ബെര്‍ത്തിനായി മത്സരിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in