ഹീറോ സൂപ്പര്‍ കപ്പ്: ബംഗളുരു എഫ്.സിയെ തളച്ച് ശ്രീനിധി
എഐഎഫ്എഫ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സ്‌റ്റേജിലെ ആദ്യ മത്സരത്തില്‍ ഐ.എസ്.എല്‍. വമ്പന്മാരായ ബംഗളരു എഫ്.സിയെ തളച്ച് ഐ ലീഗ് ടീം ശ്രീനിധി ഡെക്കാന്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനാണ് ശ്രീനിധി സൂപ്പര്‍ താരങ്ങളടങ്ങിയ ബംഗളുരുവിനെ പിടിച്ചുകെട്ടിയത്.
മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ലീഡ് നേടിയ ശേഷമാണ് ബംഗളുരു സമനില വഴങ്ങിയത്. അഫ്ഗാനിസ്ഥാന്‍ താരം ഫായ്‌സല്‍ ഷയെസ്‌തേയാണ് ശ്രീനിധിയുടെ സമനില ഗോള്‍ നേടിയത്. ഗ്രൂപ്പ് എയില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ രാത്രി 8:30ന് കേരളാ ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ഏറ്റുമുട്ടും.
കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ടു നടന്ന മത്സരം ബംഗളുരുവിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. എട്ടാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍ നേടുന്നതിന് അടുത്തെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നായകന്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് പുറത്തേക്കായിരുന്നു.
തൊട്ടുത്ത മിനിറ്റില്‍ തന്നെ അവര്‍ ആ പിഴവിന് പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. പ്രതിരോധ താരം റോഷന്‍ സിങ്ങ് ബോക്‌സിലേക്ക് നല്‍കിയ പാസ് പിടിച്ചെടുത്ത് റോയ് കൃഷ്ണ തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. എന്നാല്‍ പന്ത് ലഭിച്ചത് സ്പാനിഷ് താരം ഹെര്‍ണാണ്ടസിന്റെ ബൂട്ടില്‍. ലഭിച്ച അവസരം പാഴാക്കാതെ ഹെര്‍ണാണ്ടസ് വലകുലുക്കുകയും ചെയ്തു.
ലീഡ് വഴങ്ങിയ ശ്രീനിധി തളരാതെ, പക്ഷേ തിരിച്ചടിക്കു കോപ്പുകൂട്ടുകയാണ് ചെയ്തത്. കൃത്യം 10 മിനിറ്റിനകം അവര്‍ ഒപ്പമെത്തുകയും ചെയ്തു. അഫ്ഗാന്‍ താരം ഷയെസ്‌തേ നടത്തിയ മിന്നുന്ന നീക്കമാണ് ബംഗളുരു വലയില്‍ പന്തെത്തിച്ചത്. ആദ്യപകുതിയിലെ സംഭവവികാസങ്ങള്‍ ഇതോടെ അവസാനിച്ചു.
ഇടവേളയ്ക്കു ശേഷം ഇരുടീമുകളും വിജയഗോളിനു വേണ്ടി കിണഞ്ഞു പൊരുതിയെങ്കിലും സ്‌കോര്‍ നിലയില്‍ മാറ്റമുണ്ടായില്ല. 12-ന് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായാണ് ശ്രീനിധിയുടെ അടുത്ത മത്സരം. ബംഗളുരുവാകട്ടെ അന്ന് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെയും നേരിടും.