സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍; സെമി കാണാതെ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്
എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ചിരവൈരികളായ ബംഗളുരു എഫ്.സിയോട് 1-1 സമനില വഴങ്ങേണ്ടി വന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായത്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍ നിന്നു തിരിച്ചടിച്ചു പൊരുതിയെങ്കിലും പക്ഷേ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല.
ആവേശകരമായ മത്സരത്തിന്റെ 23-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബംഗളുരു എഫ്.സിയാണ് ആദ്യം ലീഡ് നേടിയത്. പ്രത്യാക്രമണത്തിലൂടെ ആരംഭിച്ച ബംഗളൂരുവിന്റെ നീക്കം ഗോളില്‍ കലാശിക്കുകയായിരുന്നു. റോയ് കൃഷ്ണയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ആദ്യം തടഞ്ഞെങ്കിലും പന്ത് വീണ്ടും റോയ് കൃഷ്ണയുടെ കാലിലെത്തി. റീബൗണ്ടില്‍ വീണ്ടും വലയിലേക്കു തിരിച്ചുവിട്ട റോയ്ക്ക് പിഴച്ചില്ല. ബംഗളുരു 1-0ന് മുന്നില്‍. ലീഡ് നേടിയ ബംഗളൂരു വീണ്ടും മുന്നേറ്റം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തമാക്കി. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു.
രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് വീര്യത്തോടെ പന്തുതട്ടി. 58ാം മിനിറ്റില്‍ ഡാനിഷിനെയും സഹീഫിനും പകരം ജീക്സണ്‍ സിങ്ങും ഹോര്‍മിപാമും എത്തി. ഒപ്പമെത്താനുള്ള ശ്രമം ബ്ലാസ്റ്റേഴ്സ് തുടര്‍ന്നു. ഒടുവില്‍ 77-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നിരന്തര മുന്നേറ്റത്തിന് ഫലമുണ്ടായി. ഹോര്‍മിപാമിന്റെ ക്രോസില്‍ തലവച്ച് ഡയമന്റാകോസ് മഞ്ഞപ്പടയുടെ മറുപടി ഗോള്‍ നേടി.
സമനില നേടിയതോടെ പൂര്‍വാധികം ഉത്സാഹത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചു കളിച്ചെങ്കിലും ബംഗളുരു പ്രതിരോധം കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സമനിലയോടെ ഇരുകൂട്ടരും പോയിന്റ്ു പങ്കിട്ടു പിരിഞ്ഞു. മറ്റൊരു നിര്‍ണായക മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനോടു അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതോടെ സമനിലയില്‍ നിന്നു ലഭിച്ച പോയിന്റ് ബംഗളുരുവിന് സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.
മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റുമായാണ് ബംഗളുരു മുന്നേറിയത്. ഓരോ ജയവും തോല്‍വിയും സമനിലയുമടക്കം നാലു പോയിന്റുമായി ശ്രീനിധി രണ്ടാമതും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും ഫിനിഷ് ചെയ്തു. മൂന്നുപോയിന്റുള്ള പഞ്ചാബാണ് അവസാന സ്ഥാനത്ത്.