കോപ്പാ ഡെല്‍റെ; ബെന്‍സേമ ഹാട്രിക്കില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍
സീസണില്‍ തുടര്‍ച്ചയായ മൂന്നു എല്‍ ക്ലാസിക്കോകളില്‍ തോല്‍വിയേറ്റു വാങ്ങിയ റയല്‍ മാഡ്രിഡിന് ഒടുവില്‍ ആശ്വാസം. ഇന്നലെ നടന്ന കോപ്പാ ഡെല്‍ റേ രണ്ടാം പാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍പിച്ച് അവര്‍ പ്രായശ്ചിത്തം നേടി, ഒപ്പം ഫൈനല്‍ ബെര്‍ത്തും.
ഇന്നലെ ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ്‌നൗവില്‍ നടന്ന മത്സരത്തില്‍ ഹാട്രിക് നേടിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ മിന്നും പ്രകടനമാണ് റയലിന് തുണയായത്. വിനീഷ്യസ് ജൂനിയറാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. ആദ്യ പാദത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചിരുന്നു. ഫൈനലില്‍ ഒസാസുനയാണ് റയലിന്റെ എതിരാളികള്‍.
എല്‍ ക്ലാസിക്കോയുടെ ആവേശം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടുത്തി വിരസമായ ആദ്യ പകുതിയായിരുന്നു ഇന്നലെ ക്യാമ്പ്‌നൗവില്‍ കണ്ടത്. ബാഴ്‌സ പന്ത് കൈവശം വച്ചു കളിച്ചപ്പോള്‍ റയല്‍ സാഹസത്തിനു മുതിരാതെയുള്ള കളിയാണ് കെട്ടഴിച്ചത്.
ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്നു കരുതി. എന്നാല്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് വിനീഷ്യസ് സമനിലച്ചരട് പൊട്ടിച്ചു. ബാഴ്‌സ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി നടത്തിയ ആക്രമണത്തിനു പ്രത്യാക്രമണമെന്ന തരത്തില്‍ റയല്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.
മധ്യവരയില്‍ നിന്നു പന്ത് ലഭിച്ച ബെന്‍സേമ നല്‍കിയ പാസ് സ്വീകരിച്ച വിനീഷ്യസ് ബാഴ്‌സ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍സ്റ്റീഗന് ഒരവസരവും നല്‍കാതെ ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ കളിയുടെ ഗതിമാറ്റുന്ന പ്രകടനമാണ് റയല്‍ പുറത്തെടുത്തത്.
ബെന്‍സേമയാണ് റയലിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. 50-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ പാസില്‍ നിന്നു ലീഡ് ഉയര്‍ത്തിയ ഫ്രഞ്ച് താരം 59-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് മൂന്നാക്കി. പിന്നീട് 82-ാം മിനിറ്റില്‍ വിനീഷ്യസിന്റെ പാസില്‍ നിന്ന് ഗോള്‍ നേടി ഹാട്രിക് തികച്ച ബെന്‍സേമ റയലിന്റെ പട്ടികയും പൂര്‍ത്തിയാക്കി.