ദെഷാംപ്‌സിന് മറുപടി നല്‍കി ബെന്‍സേമ; തകര്‍പ്പന്‍ ജയവുമായി റയല്‍

ദെഷാംപ്‌സിന് മറുപടി നല്‍കി ബെന്‍സേമ; തകര്‍പ്പന്‍ ജയവുമായി റയല്‍

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 12 ജയവും രണ്ടു സമനിലകളും ഒരു തോല്‍വിയുമടക്കം 38 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനത്തേക്കു കയറിയത്.
Updated on
1 min read

ഖത്തറില്‍ ഡിസംബര്‍ 18ന് സമാപിച്ച ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ കളിക്കാന്‍ അവസരം നല്‍കാതിരുന്ന ഫ്രഞ്ച് ദേശീയ ടീം കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് മറുപടിയുമായി സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ.

ഗ്രൂപ്പ് റൗണ്ടിനിടെ പരുക്കേറ്റ ബെന്‍സേമ ലോകകപ്പിനിടെ നാട്ടിലേക്കു മടങ്ങിയിരുന്നു. പിന്നീട് പരുക്ക് ഭേദമായ ശേഷം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ താരം ഫ്രാന്‍സിനായി കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കോച്ച് ദെഷാംപ്‌സ് താരത്തെ പരിഗണിച്ചില്ല.

ഈ വിഷയത്തില്‍ ഇതുവരെ ബെന്‍സേമ പരസ്യമായി പ്രതികരിച്ചിട്ടില്ല. ലോകകപ്പിനു ശേഷം ക്ലബ് ഫുട്‌ബോളില്‍ വീണ്ടും സജീവമായ ബെന്‍സേമ ഇന്നലെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ഇരട്ട ഗോളുകള്‍ നേടിയാണ് ദെഷാംപ്‌സിന് മറുപടി നല്‍കിയത്.

റയല്‍ വല്ലലോയിഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു റയല്‍ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ബെന്‍സേമയാണ് ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ രക്ഷകനായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും റയലിനായി.

മത്സരത്തിന്റെ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബെന്‍സേമ ആദ്യ ഗോള്‍ കുറിച്ചത്. ബോക്‌സിനുള്ളില്‍ വല്ലലോയിഡ് താരം യാവി സാഞ്ചസ് പന്ത് 'കൈകാര്യം' ചെയ്തതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ബെസേമ പിഴവില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.

ലീഡ് നേടിയതോടെ ഉണര്‍ന്നെഴുന്നേറ്റ റയല്‍ പിന്നീട് നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 89-ാം മിനിറ്റിലാണ് പട്ടിക തികച്ചത്. ഫ്രഞ്ച് ടീമിലെ സഹതാരം കമാവിംഗ നല്‍കിയ പാസില്‍ നിന്നായിരുന്നു ബെന്‍സേമ സ്‌കോര്‍ ചെയ്തത്.

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 12 ജയവും രണ്ടു സമനിലകളും ഒരു തോല്‍വിയുമടക്കം 38 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 14 കളികളില്‍ നിന്ന് 12 ജയങ്ങളും ഒന്നു വീതം ജയവും തോല്‍വിയുമടക്കം 37 പോയിന്റാണ് ബാഴ്‌സയുടെ അക്കൗണ്ടിലുള്ളത്.

logo
The Fourth
www.thefourthnews.in