'മാജിക്കും മൊഞ്ചുമൊന്നും അങ്ങനെ പൊയ്‌പ്പോകൂല്ല'; രാജകീയ തിരിച്ചുവരവുമായി ഇവാനും സംഘവും, ഗോവയെ തകര്‍ത്തത് 4-2ന്
അദ്ഭുത തിരിച്ചുവരവ്... കൊച്ചിയില്‍ ആര്‍ത്തലച്ച മഞ്ഞക്കടലിനു നടുവില്‍ തലകുനിച്ചു മടങ്ങാനാകുമായിരുന്നില്ല കേരളാ ബ്ലാസ്‌റ്റേഴ്‌സിന്. രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം ആരാധകരുടെ ആര്‍പ്പുവിളിയില്‍ നിന്ന് ഊറ്റംകൊണ്ട് തിരിച്ചടിച്ച ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആറു ഗോള്‍ പിറന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്.
തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ ജയം. ആദ്യപകുതിയില്‍ 2-0ന് പിന്നിലായ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലാണ് നാലു ഗോളുകളും നേടിയത്. ഇരട്ടഗോളുകള്‍ നേടിയ ദിമിത്രി ഡയമെന്റക്കോസും ദായ്‌സുകെ സകായ്, ഫെഡര്‍ സെര്‍ണിച്ച് എന്നിവരുമാണ് സ്‌കോറര്‍മാര്‍. ഗോവയ്ക്കു വേണ്ടി റൗളിന്‍ ബോര്‍ജസ്, മുഹമ്മദ് യാസിര്‍ എന്നിവരാണ് ലക്ഷ്യം കണ്ടത്. ചരിത്രത്തിലാദ്യമായാണ് രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം ജയം നേടുന്നത്.
തുടക്കത്തില്‍ തന്നെ എതിരാളികള്‍ ലീഡ് നേടുന്നത് കണ്ടുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരം ആരംഭിച്ചത്. ഏഴാം മിനിറ്റിലാണ് ഗോവ മുന്നിലെത്തിയത്. സെറ്റ് പീസ് ക്ലിയര്‍ ചയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ബോര്‍ജസാണ് വലകുലുക്കിയത്. പത്ത് മിനിറ്റിനകം അവര്‍ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 17-ാം മിനിറ്റില്‍ നോവ നല്‍കിയ ഒരു ക്രോസില്‍ നിന്നാണ് യാസിര്‍ ലക്ഷ്യം കണ്ടത്.
മറുവശത്ത് ദിമിത്രിയുടെ നേതൃത്വത്തില്‍ തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് പൊരുതിയെങ്കിലും ഫലംകണ്ടില്ല. രണ്ടു ഗോള്‍ ലീഡ് വഴങ്ങി ഇടവേളയ്ക്കു പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് അടിമുടി മാറിയാണ് തിരിച്ചെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലേ ആക്രമണമഴിച്ചുവിട്ട അവര്‍ 51-ാം മിനിറ്റില്‍ ഗോള്‍വേട്ട ആരംഭിച്ചു. തകര്‍പ്പനൊരു ഫ്രീകിക്കിലൂടെ ദായ്‌സുകെയാണ് തിരിച്ചുവരവിന് തുടക്കമിട്ടത്.
പിന്നീട് ഇടതടവില്ലാതെ ആക്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് 80-ാം മിനിറ്റില്‍ സമനില നേടി. ഗോവന്‍ താരം പന്ത് കൈകൊണ്ടു തടുത്തതിന് ലഭിച്ച പെനാല്‍റ്റി ദിമിത്ര കൃത്യതയോടെ വലയിലെത്തിക്കുയായിരുന്നു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് ജയത്തിനായാണ് കളിച്ചത്. 84-ാം മിനിറ്റില്‍ വീണ്ടും ദിമിത്രി അവതരിച്ചു. ഗോവന്‍ ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ട ഗ്രീക്ക് താരം ടീമിനെ മുന്നിലെത്തിച്ചു.
നാലുമിനിറ്റിനും ശേഷം ഒരു ലോകോത്തര ഫിനിഷിലൂടെ സെര്‍നിച്ച് നാലാം ഗോളും നേടി വിജയമുറപ്പാക്കി. ഈ സീസണിന്റെ പകുതിക്കുവച്ച് ടീമിലെത്തിയ സെര്‍നിച്ച് ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ നേടിയ ആദ്യ ഗോളാണിത്. ജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് ഒമ്പതു ജയവും രണ്ടു സമനിലയുമടക്കം 29 പോയിന്റുമായി സെമി സാധ്യത നിലനിര്‍ത്താനും ബ്ലാസ്‌റ്റേഴ്‌സിനായി. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍. 32 പോയിന്റുള്ള ഒഡീഷ എഫ്‌സിയാണ് ഒന്നാമത്. 31 പോയിന്റുമായി മുംബൈ സിറ്റിയും 30 പോയിന്റുമായി മോഹന്‍ ബഗാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.