ഡ്യൂറന്‍ഡ് കപ്പ്; ആര്‍മി ഗ്രീനിനെ കീഴടക്കി, ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറില്‍

ഡ്യൂറന്‍ഡ് കപ്പ്; ആര്‍മി ഗ്രീനിനെ കീഴടക്കി, ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറില്‍

മുഹമ്മദ് ഐമന്‍, അരിത്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
Updated on
1 min read

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് യുവനിര ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നു നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആര്‍മി ഗ്രീനിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് മഞ്ഞപ്പട അവസാന എട്ടില്‍ ഇടംപിടിച്ചത്.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മുഹമ്മദ് ഐമന്‍, അരിത്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച കേരളാ ടീമിനായി 25-ാം മിനിറ്റില്‍ ഐമനാണ് ആദ്യം ലക്ഷ്യം കണ്ടത്.

ഒരു ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു യുവതാരത്തിന്റെ ഗോള്‍ നേട്ടം. ടൂര്‍ണമെന്റില്‍ ഐമന്റെ മൂന്നാം ഗോളായിരുന്നു ഇത്. ഒന്നാം പകുതി അവസാനിക്കും മുമ്പേ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറി അരിത്രയുടെ ഇടങ്കാലന്‍ ഷോട്ടാണ് ടീമിന്റെ ലീഡ് ഉയര്‍ത്തിയത്.

ഇടവേളയില്‍ രണ്ടു ഗോള്‍ ലീഡില്‍ പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും നിര്‍ഭാഗ്യം വിനയായി. ജയത്തോടെ ഏഴു പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.

ആര്‍മി ഗ്രീന്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ അവര്‍ക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ട്. അതു ജയിച്ചാല്‍ ഏഴു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമെത്താന്‍ അവര്‍ക്കാകും. എന്നാല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്നു നേടിയ ജയത്തിലൂടെ ആര്‍മി ഗ്രീനിനെ മറികടന്നു ബ്ലാസ്‌റ്റേഴ്‌സ് തന്നെ ക്വാര്‍ട്ടര്‍ കളിക്കും.

ഗ്രൂപ്പില്‍ കളിച്ച മൂന്നു കളികളും ജയിച്ച് ഒഡീഷ എഫ്.സി. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനും ഒഡീഷയ്ക്കും പുറമേ ഗ്രൂപ്പ് സിയില്‍ നിന്ന് ഹൈദരാബാദ് എഫ്.സി, ഗ്രൂപ്പ് ബിയില്‍ നിന്ന് മുംബൈ സിറ്റി, ഗ്രൂപ്പ് എയില്‍ നിന്ന് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്, ബംഗളുരു എഫ്‌സി എന്നിവരാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

logo
The Fourth
www.thefourthnews.in