ഹോര്‍മിപാമിനെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; 2027 വരെ കരാര്‍

ഹോര്‍മിപാമിനെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; 2027 വരെ കരാര്‍

മഞ്ഞപ്പടയ്ക്കു വേണ്ടി ഇതുവരെ 34 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2022-ലായിരുന്നു ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റം.
Updated on
1 min read

യുവപ്രതിരോധ താരം ഹോര്‍മിപാം റുയിവാഹിനെ നിലനിര്‍ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. താരവുമായി 2027 വരെ കരാര്‍ പുതുക്കിയെന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മൂന്നു സീസണുകളായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയിലെ വിശ്വസ്ത താരമാണ് ഹോര്‍മിപാം.

2021-ല്‍ ഐ ലീഗ് ക്ലബ് ഇന്ത്യന്‍ ആരോസില്‍ നിന്നാണ് ഹോര്‍മിപാം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. മഞ്ഞപ്പടയ്ക്കു വേണ്ടി ഇതുവരെ 34 മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2022-ലായിരുന്നു ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റം. ഒരു രാജ്യാന്തര മത്സരം മാത്രമാണ് ഹോര്‍മി ഇതുവരെ കളിച്ചിട്ടുള്ളത്.

മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയായ ഹോര്‍മിപാം ഇംഫാലിലെ സായ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ഫുട്‌ബോളിലേക്ക് എത്തുന്നത്. 2018-ല്‍ പഞ്ചാബ് എഫ്.സിയുടെ അണ്ടര്‍ 18 ടീമില്‍ അംഗമായി പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചു. പിന്നീട് മിനര്‍വ യുണൈറ്റഡിന്റെ അണ്ടര്‍ 18 ടീമിലേക്കു മാറിയ ഹോര്‍മി പാം 2019-ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 18 സാഫ് കപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

പുതിയ സീസണിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തുന്ന നാലാമത്തെ താരമാണ് ഹോര്‍മി. നേരത്തെ വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, ദിമിത്രി ഡയമെന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയിരുന്നു. ഹോര്‍മിയെക്കൂടാതെ മലയാളി താരം വിബിന്‍ മോഹനനെയും നിലനിര്‍ത്തിയേക്കുമെന്ന സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in