ചിരവൈരികള്‍ നേര്‍ക്കുനേര്‍; കണക്കുകള്‍ തീര്‍ക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്
മഞ്ഞക്കടലിന് നടുവില്‍ തങ്ങളുടെ രണ്ടാം ഹോം മത്സരത്തിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ചിരവൈരികളായ എ ടി കെ മോഹന്‍ ബഗാനാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ ഇറങ്ങുന്നത്. രാത്രി 7:30 മുതലാണ് മത്സരം.
ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ നിന്നുതന്നെയുള്ള ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരേ അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഗോളില്‍ തോല്‍വി വഴങ്ങിയാണ് ബഗാന്റെ വരവ്.
വിജയത്തുടര്‍ച്ചയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുമ്പോള്‍ വിജയവഴിയിലേക്കു കടന്നുകയറാനാണ് ബഗാന്റെ ശ്രമം. ഐ എസ്. എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ തോല്‍പിക്കാനാകാത്ത ഏക ടീമാണ് ബഗാന്‍(എ ടി കെയുമായി ലയിച്ചശേഷം). നാലു തവണ നേരിട്ടപ്പോള്‍ മൂന്നു തോല്‍വിയും ഒരു സമനിലയുമായിരുന്നു ഫലം.
കഴിഞ്ഞ സീസണിലെ ഫോം ഇക്കുറിയും പുറത്തെടുക്കുന്ന സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ ബൂട്ടുകളിലേക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. ഈസ്റ്റ് ബംഗാളിനെതരേ തകര്‍പ്പനൊരു വോളിയിലൂടെ ടീമിന്റെ ആദ്യഗോള്‍ നേടിയത് ലൂണയായിരുന്നു. ആ മത്സരത്തില്‍ പന്തില്‍ ഏറ്റവും കൂടുതല്‍ ടച്ച് നടത്തിയതും ലൂണയാണ്, 71 തവണ.
മത്സരത്തില്‍ പകരക്കാരായി ഇറങ്ങിയ യുക്രെയ്ന്‍ താരം ഇവാന്‍ കലൂഷ്‌നിയും ഇന്ത്യന്‍ താരം ബിദ്യാസാഗറും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കലൂഷ്‌നി രണ്ടു ഗോളുകളുമായി ടോപ് സ്‌കോററായപ്പോള്‍ ഒരു അസിസ്റ്റുമായി ബിദ്യാസാഗറും തന്റെ റോള്‍ നിര്‍വഹിച്ചു.
ആദ്യ കളിയിലെ മിന്നും പ്രകടനത്തിലൂടെ കലൂഷ്‌നി ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇവാന്‍ വുകുമനോവിച്ച് നിലനിര്‍ത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.
മറുവശത്ത് ആദ്യ കളിയിലെ പാളിച്ചകള്‍ പരിഹരിക്കാനാണ് ബഗാന്‍ ശ്രമിക്കുന്നത്. ഇതാദ്യമായാണ് ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം തട്ടകത്തില്‍ ഇറങ്ങുന്നത്. കഴഇഞ്ഞ നാലു തവണയും അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു അവര്‍ ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടത്. സ്‌ട്രൈക്കര്‍ മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ കൊളാസോ എന്നിവരിലാണ് ബഗാന്റെ പ്രതീക്ഷ.
ചെന്നൈയിനെതിരേ അവസാന മിനിറ്റുകളില്‍ പ്രതിരോധം പാളിയെങ്കിലും അഴിച്ചുപണിക്ക് കോച്ച് യുവാന്‍ ഫെറാന്‍ഡോ തയാറാകില്ലെന്നാണ് സൂചന. പ്രതിരോധത്തില്‍ സുഭാഷിഷ് ബോസ്, ബ്രെന്‍ഡന്‍ ഹാമില്‍, പ്രീതം കോട്ടാല്‍ എന്നിവര്‍ തന്നെ അണിനിരന്നേക്കും. എങ്കിലും ഏതാനും അഴിച്ചുപണി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.