ഗോവ വീണു; ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫില്‍
Faheem Hussain

ഗോവ വീണു; ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫില്‍

അടുത്ത രണ്ട് കളിയില്‍ തോറ്റാലും ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടു റൗണ്ട് ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ എഫ്.സി. ഗോവ ചെന്നൈയിന്‍ എഫ്.സിയോടു തോല്‍വി വഴങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിലേക്ക് അനായാസം വഴിതുറന്നത്.

18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. പ്ലേഓഫ് പോരാട്ടത്തില്‍ കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്ന ഗോവയ്ക്ക് തോല്‍വിയോടെ 19 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റാണിപ്പോള്‍ ഉള്ളത്. അവശേഷിക്കുന്ന ഒരുമത്സരതില്‍ ജയിച്ചാല്‍പ്പോലും അവര്‍ക്ക് 30 പോയിന്റേ ആകൂ. ഇതോടെ31 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബംഗളുരുവും പ്ലേ ഓഫ് യോഗ്യത നേടി.

അടുത്ത രണ്ട് കളിയില്‍ തോറ്റാലും ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത. ആദ്യ സ്ഥാനങ്ങളിലുള്ള മുംബയ്യും ഹൈദരാബാദും നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി നാല് ടീമുകള്‍ക്കും സെമിയിലെത്താന്‍ എലിമനേറ്ററില്‍ ജയിക്കണം.

ഇന്നലെ ഗോവയ്‌ക്കെതിരെ ക്വാമേ കരികരി പെനാല്‍റ്റിയില്‍ നിന്നുള്‍പ്പെടെ നേടിയ ഇരട്ടഗോളുകളാണ്‌ചെന്നൈയിന് ജയമൊരുക്കിയത്. സഡൗയിയാണ് ഗോവയുടെ സ്‌കോറര്‍. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഗോവ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. എന്നാല്‍ ചെന്നൈയിന്‍ ആണ് ആദ്യ ഗോള്‍ നേടിയത്.

വിന്‍സി ബറേറ്റോ നല്‍കിയ പാസില്‍ നിന്ണാട് കരികാരി ചെന്നൈയിനു ലീഡ് നല്‍കിയത്. ഇതോടെ ആക്രമണം ഒന്നുകൂടി കനപ്പിച്ച ഗോവയ്ക്കു പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി. ആദ്യ പകുതില്‍ ഒരു ഗോള്‍ ലീഡില്‍ ചെന്നൈയിന്‍ സ്വന്തമാക്കി.

തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എഫ്‌സി ഗോവ അര്‍ഹിച്ച സമനില ഗോള്‍ നേടിയെടുത്തു. എഡു ബെഡിയ നല്‍കിയ മികച്ചൊരു പാസില്‍ നിന്നുു നോവ സാദോയി ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ 72-ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി മുതലെടുത്ത് ചെന്നെയിന്‍ വീണ്ടും മുന്നിലെത്തി.

എഡു ബെഡിയ നല്‍കിയ മൈനസ് പാസ് അനിരുദ്ധ് ഥാപയിലേക്ക് എത്തിയപ്പോള്‍ തടുക്കാനുള്ള ധീരജിന്റെ ശ്രമം ഫൗളില്‍ കലാശിക്കുകയായിരുന്നു. പെനാല്‍റ്റി എടുത്ത കരികാരി പിഴവില്ലാതെ വലകുലുക്കി. അവസാന മിനിറ്റുകളില്‍ ചെന്നൈയിന്‍ പ്രതിരോധം കൂടുതല്‍ ഉറപ്പിച്ചപ്പോള്‍ ഗോവ വിയര്‍ത്തു. ഇതോടെ സമനില എങ്കിലും നേടാമെന്ന അവരുടെ പ്രതീക്ഷയും പൊലിഞ്ഞു.

logo
The Fourth
www.thefourthnews.in