ബ്ലാസ്‌റ്റേഴ്‌സിന്റെ തയാറെടുപ്പ് സജീവം; ഐ ലീഗ് താരം ബികാഷ് സിങ്ങിനെ സ്വന്തമാക്കി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ ഗംഭീരമാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ യുവ മിഡ്ഫീല്‍ഡര്‍ ബികാഷ് സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.
ഐ ലീഗ് ഫുട്‌ബോള്‍ ടീം ട്രാവു എഫ്.സിയുടെ താരമായിരുന്ന ബികാഷിനെ രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചിയത്. മണിപ്പൂര്‍ സ്വദേശിയായ 22-കാരന്‍ മധ്യനിരയില്‍ ഏതു പൊസിഷനില്‍ കളിക്കാനും മിടുക്കുള്ള താരമാണ്.
കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന്റെ ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ബികാഷ് ഫുട്‌ബോള്‍ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ട്രാവുവില്‍ എത്തിയ താരം അവര്‍ക്കായി ഇതുവരെ 22 മത്സസരങ്ങളിലാണ് ബൂട്ടണിഞ്ഞത്. മൂന്നു ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
പുതിയ സീസണിനു മുന്നോടിയായി ഓസ്ട്രേലിയന്‍ താരം ജോഷ്വാ സൊറ്റീരിയോ, ബംഗളുരു എഫ്.സി. താരം പ്രബീര്‍ ദാസ് എന്നിവരെ നേരത്തെ ടീമില്‍ എത്തിച്ചിരുന്നു. ഇതിനു മുമ്പ് അഡ്രിയാന്‍ ലൂണ, ദിമിത്രി ഡയമെന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇനി രണ്ടു വിദേശ താരങ്ങക്കെൂടി സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും.
ഓസ്ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഈ സീസണില്‍ ക്ലബ് വിട്ട ഗ്രീക്ക്-ഓസ്ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്ട്രേലിയന്‍ വിങ്ങറെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിച്ചത്.
എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സിനായും വെല്ലിങ്ടണ്‍ ഫീനിക്സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമാണ് ജോഷ്വ.