ഈസ്റ്റ് ബംഗാളിനെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടുന്ന അഡ്രിയാന്‍ ലൂണ.- ഫോട്ടോ അജയ് മധു.
ഈസ്റ്റ് ബംഗാളിനെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടുന്ന അഡ്രിയാന്‍ ലൂണ.- ഫോട്ടോ അജയ് മധു.

രാജകീയ തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിന്റെ 'കഥ തീര്‍ത്ത്' ബ്ലാസ്‌റ്റേഴ്‌സ്‌

യുക്രെയ്ന്‍ യുവതാരം ഇവാന്‍ കലൂഷ്‌നി നേടിയ ഇരട്ടഗോളുകളും സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ഫിനിഷുമാണ് ടീമിന് മിന്നുന്ന ജയം
Updated on
3 min read

രണ്ടു വര്‍ഷത്തെ കാത്തിരുപ്പ് വെറുതേയായില്ല. സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്കു മുന്നിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തി, രാജകീയമായിത്തന്നെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കരത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍കകു തകര്‍ത്ത് ഇവാന്‍ വുകുമനോവിച്ചും കുട്ടികളും തിരിച്ചുവരവ് ഗംഭീരമാക്കി.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷി നിര്‍ത്തി യുക്രെയ്ന്‍ യുവതാരം ഇവാന്‍ കലൂഷ്‌നി നേടിയ ഇരട്ടഗോളുകളും സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ഫിനിഷുമാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ടച്ചോടെ ആരംഭിച്ച മത്സരത്തിന്റെ ആദ്യപകുതിയില്‍ പക്ഷേ ഹോം അഡ്‌വാന്റേജ് മുതലാക്കാന്‍ ആതിഥേയര്‍ക്കായില്ല. ആദ്യ 45 മിനിറ്റില്‍ ഭൂരിഭാഗം സമയം പന്ത് കൈവശം വച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തത് വെറും ഒരു തവണ മാത്രമാണ്. നാലു ഷോട്ടുകള്‍ ലക്ഷ്യം തെറ്റിപ്പാഞ്ഞു.

മധ്യനിരയില്‍ മലയാളി താരം സഹലിനും യുവതാരം ജീക്‌സണ്‍ സിങ്ങും നിറം മങ്ങിയത് മുന്നേറ്റത്തെ ബാധിച്ചു. സീസണില്‍ പുതുതായി എത്തിയ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമെന്റോസിനും അപ്പോസ്തലോസ് ഗിയാന്നോവും ആദ്യ 45 മിനിറ്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

മത്സരം കൂടുതല്‍ ബ്ലാസ്‌റ്റേഴ്‌സ് പകുതിയിലായിരുന്നു. ഈസ്റ്റ് ബംഗാള്‍ മധ്യനിര താരം അലക്‌സാന്ദ്രെ ഡി ലിമയും സ്‌ട്രൈക്കര്‍ മലയാളി താരം കൂടിയായ വി പി സുഹൈറും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഒന്നാം പകുതിയില്‍ മൂന്നു തവണയാണ് ഈസ്റ്റ് ബംഗാള്‍ ബ്ലാസ്‌റ്റേഴ്‌സ് കോട്ടയിലേക്ക് ലക്ഷ്യം വച്ചത്.

എട്ടാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ഡി ലിമയുടെ കരുത്തുറ്റ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ സമര്‍ഥമായി തടഞ്ഞിട്ടു. 32-ാം മിനിറ്റില്‍ സുഹൈര്‍ നടത്തിയ നീക്കത്തിന്‍ൊടുവില്‍ തുഹിന്‍ ദാസ് തൊടുത്ത ഷോട്ടും നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ ഒരുനിമിഷം ഞെട്ടിച്ചു. എന്നാല്‍ ലക്ഷ്യം പുറത്തേക്കായിരുന്നു.

ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിത്രിയും നായകന്‍ ജെസല്‍ കര്‍നെയ്‌റോയും ഈസ്റ്റ്ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഫിനിഷിങ്ങില്‍ കൃത്യത പോരായിരുന്നു. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ സുവര്‍ണാവസരം ലഭിക്കുന്നത്. ബോക്‌സിന് 20 വാരയകലെ അനുകൂലമായി ലഭിച്ച ഫ്രീകിക്ക് അഡ്രിയാന്‍ ലൂണ ഗോളിലേക്ക് തൊടുത്തത് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മുഴുനീള ഡൈവ് ചെയ്തു രക്ഷപെടുത്തുകയായിരുന്നു.

ആദ്യ പകുതി അതോടെ ഗോള്‍രഹിതമായി അവസാനിച്ചു. ഇടവേളയ്ക്കു ശേഷം തന്ത്രം മാറ്റി ഓള്‍ഔട്ട് അറ്റാക്കിങ്ങിലേക്കു ഗിയര്‍മാറ്റിയാണ് വുകുമനോവിച്ച് ടീമിനെ ഇറക്കിവിട്ടത്. രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ ഒന്നിനു പിറകെ ഒന്നായി ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

എന്നാല്‍ പലപ്പോഴും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് സന്ദര്‍ശകരുടെ രക്ഷകനായി. 50-ാം മിനിറ്റില്‍ സെക്കന്‍ഡുകളുടെ ഇടവേളയില്‍ സഹലും അപ്പോസ്തലോസും തുടരെ തുടരെ വലയിലേക്കു ഷോട്ടുതിര്‍ത്തെങ്കിലും കമല്‍ജിത്ത് വഴിമുടക്കി. 51-ാം മിനിറ്റില്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചിന്റെയും 54-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെയും ഷോട്ടുകര്‍ തടുത്തിട്ട കമല്‍ജിത്ത് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങളെ ഒറ്റയ്ക്കു പ്രതിരോധിച്ചു.

ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയുടെ ആഹ്‌ളാദം.
ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയുടെ ആഹ്‌ളാദം.

മത്സരം 70 മിനിറ്റ് പിന്നിട്ടതോടെ ആദ്യ സബ്‌സ്റ്റിറ്റിയൂഷന് കോച്ച് വുകുമനോവിച്ച് തയാറായി. താളം കണ്ടെത്താന്‍ വിഷമിച്ച സഹലിനെ 71-ാം മിനിറ്റില്‍ പിന്‍വലിച്ച് മറ്റൊരു മലയാളി താരം കെ പി രാഹുലിനെ കളത്തിലിറക്കി. ഇതിനു ശേഷമുള്ള ആദ്യ നീക്കത്തില്‍ തന്നെ ഗ്യാലറിയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോളും നേടി.

മധ്യവരയില്‍ നിന്ന് പ്രതിരോധ താരം ഹര്‍മന്‍ജ്യോത് ഖാബ്ര ഏവരുടെയും തലയ്ക്കു മുകളിലൂടെ ഉയര്‍ത്തി നല്‍കിയ ക്രോസ് ബോക്‌സിന്റെ ഇടതു മൂലയില്‍ കൃത്യമായി സ്വീകരിച്ച ലൂണ തകര്‍പ്പനൊരു വോളിയിലൂടെ കമല്‍ജിത്തിന്റെ പ്രതിരോധം തകര്‍ത്തു. സ്‌കോര്‍ ബ്ലാസ്‌റ്റേഴ്‌സ് -1 ഈസ്റ്റ് ബംഗാള്‍-0.

ലീഡ് നേടിയതോടെ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് ഈസ്റ്റ്ബംഗാള്‍ പ്രതിരോധത്തെ അടക്കിയിരുത്തിയിട്ടില്ല. 80-ാം മിനിറ്റില്‍ അപ്പോസ്തലോസിനെയും പൂട്ടിയയെയും പിന്‍വലിച്ച് വുകുമനോവിച്ച് അടുത്ത നീക്കം നടത്തി. പകരക്കാരായി ഇറങ്ങിയത് ഇവാന്‍ കലൂഷ്‌നിയും ബിദ്യാസാഗറും.

ഇവാന്‍ കലൂഷ്‌നി ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടുന്നു.
ഇവാന്‍ കലൂഷ്‌നി ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടുന്നു.

കളത്തിലിറങ്ങി ഒരു മിനിറ്റ് തികയും മുമ്പേ ബിദ്യാസാഗര്‍ നല്‍കിയ കലൂഷ്‌നി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നായിരുന്നു ഷോട്ട്. രണ്ടു ഗോള്‍ ലീഡിന് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് ആക്രമണത്തിനു മാത്രമാണ് ശ്രമിച്ചത്. ഇതു മുതലെടുത്ത് ഈസ്റ്റ് ബംഗാള്‍ 88-ാം മിനിറ്റില്‍ അലക്‌സിലൂടെ ഒരു ഗോള്‍ മടക്കി.

തന്റെ രണ്ടാം ഗോള്‍ നേടിയ കലൂഷ്‌നി സഹതാരം കെ പി രാഹുലിനൊപ്പം ആഹ്‌ളാദ നൃത്തത്തില്‍.
തന്റെ രണ്ടാം ഗോള്‍ നേടിയ കലൂഷ്‌നി സഹതാരം കെ പി രാഹുലിനൊപ്പം ആഹ്‌ളാദ നൃത്തത്തില്‍.

എന്നാല്‍ 89-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയ കലൂഷ്‌നി അവര്‍ക്കൊരു തിരിച്ചുവരവ് സാധ്യത അടച്ചു. അനുകൂലമായി ലഭിച്ച കോര്‍ണര്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ക്ലിയര്‍ ചെയ്തത് പിടിച്ചെടുത്ത കലൂഷ്‌നി ബോക്‌സിനു പുറത്ത നിന്ന് തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in