കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്‍ണിവല്‍; തകര്‍പ്പന്‍ ജയം, മൂന്നാമത്‌
Divyakant Solanki

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്‍ണിവല്‍; തകര്‍പ്പന്‍ ജയം, മൂന്നാമത്‌

അപ്പോസ്തലോസ് ജിയാനു, ദിമിത്രി ഡയമെന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.
Updated on
2 min read

കൊച്ചിന്‍ കാര്‍ണിവല്‍ സമാപിച്ചതിനു പിന്നാലെ കൊച്ചിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വക ഫുട്‌ബോള്‍ കാര്‍ണിവല്‍. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ കരുത്തരായ ജംഷഡ്പൂര്‍ എഫ്‌സിയെ 3-1ന് കീഴടക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതുവത്സരാഘോഷം ഗംഭീരമാക്കിയത്.

അപ്പോസ്തലോസ് ജിയാനു, ദിമിത്രി ഡയമെന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ഡാനിയേല്‍ ചുകുവാണ് ജംഷഡ്പൂരിന്റെ ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ബ്ലാസ്‌റ്റേഴ്‌സിനായി. 12 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണുള്ളത്.

ഒഡീഷ എഫ്സിക്കെതിരെ കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയത്. നാലു മഞ്ഞക്കാര്‍ഡുകള്‍ കാരണം സസ്പെന്‍ഷനിലായ ഇവാന്‍ കല്യൂഷ്നിക്ക് പകരം അപ്പോസ്തൊലോസ് ജിയാനു മധ്യനിരയിലെത്തി.

തകര്‍പ്പന്‍ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആദ്യമിനിറ്റുകളില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പിന്നാലെ, ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഇടതുഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ജംഷഡ്പൂര്‍ ബോക്സിലേക്ക് കുതിച്ച ഡയമന്റകോസ് പ്രതിരോധ താരങ്ങളെയും വെട്ടിച്ച് ബോക്സിനകത്ത് കയറി വലക്ക് മുന്നിലേക്ക് പന്തുനല്‍കി. പന്ത് പിടിചെചടുത്ത ജിയാനു കൃത്യതയോടെ ലക്ഷ്യം കണ്ടു.

പക്ഷേ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 18ാം മിനിറ്റില്‍ ജംഷഡ്പൂര്‍ തിരിച്ചടിച്ചു. മൈതാന പകുതിയില്‍ കളി മെനയുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കുണ്ടായ പിഴവില്‍ ജംഷഡ്പൂര്‍ പന്ത് കൈക്കലാക്കി. ഡാനിയേല്‍ ചുക്വുവിന്റെ ഷോട്ട് വലക്ക് കുറുകെ ചാടി തടയാനുള്ള ലെസ്‌കോവിച്ചിന്റെ ശ്രമം വിഫലമായി, ജംഷഡ്പൂര്‍ കളി സമനിലയിലാക്കി.

അപ്രതീക്ഷഇത സമനില വഴങ്ങിയതോ2െ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി. കൗണ്ടര്‍ അറ്റാക്കിങിന് ജംഷഡ്പൂരും ശ്രമിച്ചു. 22ാം മിനിറ്റില്‍ രാഹുലിന്റെ വല ലക്ഷ്യമാക്കിയുള്ള ഒരു ഷോട്ട് ഗോളി അനായാസം കയ്യിലാക്കി. 28ാം മിനിറ്റില്‍ മറ്റൊരു ശ്രമം ബാറിന് മുകളിലൂടെ പറന്നു.

31ാം മിനിറ്റില്‍ ബ്ലാസ്റ്റേ്ഴ്സ് വീണ്ടും മുന്നിലെത്തി. ബോക്സിനകത്ത് ജെസെലിന്റെ നീക്കം തടയുന്നതിനിടെ പന്ത് ബോറിസ് സിങിന്റെ കയ്യില്‍ തട്ടി, ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്കില്‍ ഡയമന്റകോസ് അനായാസം ലക്ഷ്യം കണ്ടു.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച ജെസെലിനെ പിന്‍വലിച്ച് നിഷുകുമാറിനെ പകരക്കാരനാക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്കിറങ്ങിയത്.

60ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. സന്ദീപ് സിങിന്റെ ഒരു ബുള്ളറ്റ് ഷോട്ട് വിശാല്‍ കുത്തിയകറ്റി. അഞ്ചു മിനിറ്റുകള്‍ക്കകം ബ്ലാസ്റ്റേഴ്സ് വീണ്ടും ലക്ഷ്യത്തിലെത്തി. മനോഹരമായ ടീം ഗെയിമിനൊടുവില്‍ അഡ്രിയാന്‍ ലൂണയുടേതായിരുന്നു ഗോള്‍. ബോക്സിനകത്ത് ലൂണ നല്‍കിയ പന്ത് സഹല്‍ തിരികെ നല്‍കി, വലയിലേക്ക് ഒന്നുകൂടി അടുത്ത ലൂണ, ദിമിത്രിയോസിന് പന്ത്കൈമാറി. ദിമിത്രിയോസിന്റെ ചടുല നീക്കത്തില്‍ പന്ത് ജിയാനുവിന്റെ കാലിലെത്തി. പുറങ്കാല്‍ കൊണ്ട് ആദ്യഗോള്‍ നേടിയ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ സമാനമായൊരു നീക്കത്തില്‍ ലൂണയ്ക്ക് തന്നെ പന്ത് നല്‍കി. ഇതിനകം ബോക്സില്‍ കയറിയ ലൂണയുടെ ലോ ഷോട്ടില്‍ ജംഷെഡ്പൂര്‍ ഗോളിയും പ്രതിരോധവും കാഴ്ച്ചക്കാര്‍ മാത്രമായി.

കളിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ ഗോള്‍ മടക്കാന്‍ ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയും ഗോളിയെയും മറികടക്കാനായില്ല. ജനുവരി എട്ടിന് മുംബൈ ഫുട്ബോള്‍ അരീനയില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

logo
The Fourth
www.thefourthnews.in