വിബിനും സച്ചിനും ആദ്യ ഇലവനില്‍ ഉണ്ടായേക്കും; ബ്ലാസ്‌റ്റേഴ്‌സിന് 'ഭാവി കാര്യം'
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിന് ഇന്ന് കേളികൊട്ടുണരുമ്പോള്‍ ഭാവിപ്രതീക്ഷകള്‍ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ചുമതലയാണ് ഇക്കുറി ടീം മാനേജ്‌മെന്റ് കോച്ച് ഇവാന്‍ വുകുമനോവിച്ചിന് നല്‍കിയിരിക്കുന്നത്. ഇത് ഏറ്റവും ഗുണം ചെയ്യുന്നത് മലയാളി യുവതാരങ്ങളായ വിബിന്‍ മോഹനനും സച്ചിന്‍ സുരേഷിനുമാണ്.
വിബിന് വിദേശത്ത് അയച്ച് പരിശീലനം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായി
ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ കെ പി രാഹുലിനൊപ്പം സ്ഥാനം ഉറപ്പാക്കിയിരിക്കുന്ന രണ്ടു മലയാളി താരങ്ങളാണ് ഇരുവരും. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ടീം വിട്ട മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റൈ പകരക്കാരനായാണ് വിബിനെ ടീം കാണുന്നത്. കഴിഞ്ഞ സീസണില്‍ സഹല്‍ വഹിച്ച റോള്‍ ഇക്കുറി വിബിനെയാണ് കോച്ച് ഉത്തരവാദത്തോടെ ഏല്‍പിക്കാന്‍ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിബിന് വിദേശത്ത് അയച്ച് പരിശീലനം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായി.
ഒമ്പതാം വയസില്‍ ഇന്ത്യന്‍ ഇതിഹാസം ഐ എം വിജയന്റെ കീഴില്‍ കേരളാ പോലീസ് അക്കാദമിയിലൂടെ പന്ത് തട്ടിത്തുടങ്ങിയ വിബിന്‍ 2020 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബി ടീമില്‍ അംഗമാണ്. ഇതിനിടെ രണ്ടു സീസണുകളില്‍ ഐഎസ്എല്‍ ക്ലബ് ഇന്ത്യന്‍ ആരോസില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച താരം അവര്‍ക്കായി 29 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിരുന്നു. പിന്നീട് 2022 ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമില്‍ ഇടം നേടിയ വിബിന് കഴിഞ്ഞ സീസണില്‍ നാലു മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങാന്‍ സാധിച്ചു. ഗോളൊന്നും നേടിയിരുന്നില്ലെങ്കിലും ലഭിച്ച പ്ലേയിങ് ടൈമില്‍ മിന്നുന്ന പ്രകടനങ്ങഴുമായി ശ്രദ്ധപിടിച്ചു പറ്റിയ വിബിന്‍ താന്‍ ഭാവി വാഗ്ദാനമാണെന്ന് അന്നേ തെളിയിച്ചതാണ്. ഇതിനിടെ 'പൊന്നുംവില'യ്ക്ക് സഹല്‍ കൊല്‍ക്കത്ത ക്ലബ് മോഹന്‍ ബഗാനിലേക്കു പോയതോടെ വിബിന്റെ യുവത്വവും പ്രകടനമികവും ടീമിന് മുതല്‍ക്കൂട്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഇത്തവണത്തെ ഡ്യൂറന്‍ഡ് കപ്പില്‍ വിബിന് പരമാവധി പ്ലേയിങ് ടൈം നല്‍കിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടൂര്‍ണമെന്റില്‍ കളിച്ച രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് വിബിന്‍ പുറത്തെടുത്തത്. ബംഗളുരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒരസിസ്റ്റും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെതിരേ ടീം 5-0 ജയം നേടിയ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും നല്‍കാന്‍ വബിനു കഴിഞ്ഞു.
ഗോളടിക്കുന്നതിനേക്കാള്‍ ഗോളിനു വഴിയൊരുക്കാനുള്ള വിബിന്റെ മികവിനെ ഇന്നലെ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തിനെത്തിയ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡ്യുവന്‍ ഏറെ പുകഴ്ത്തുകയും ചെയ്തു. മധ്യനിരയില്‍ ജാപ്പനീസ് താരം ദായ്‌സുകെ സഖായി, ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡ, ജീക്‌സണ്‍ സിങ് എന്നിവര്‍ക്കൊപ്പം മികച്ച ഒത്തിണക്കമാണ് വിബിനുള്ളത്. മുന്നണിയില്‍ കുതിച്ചുകയറുന്ന കെനപി രാഹുലിനും ദിമിത്രി ഡയമെന്റക്കോസിനും അവരുടെ വേഗത്തിന് അനുസരിച്ച് പന്തെത്തിച്ചു നല്‍കാനുള്ള ചുമതലയാണ് വിബിനുമേല്‍ ടീം നല്‍കിയിരിക്കുന്നത്. സീസണില്‍ ക്ലിക്കാകാന്‍ വിബിന് കഴിഞ്ഞാല്‍ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കന്നതിനും അധികം കാത്തിരിക്കേണ്ടി വരില്ല.
വിബിനൊപ്പം തന്നെ ദേശീയശ്രദ്ധ നേടാനുള്ള തയാറെടുപ്പിലാണ് യുവഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷും. ആദ്യ സീസണില്‍ വലകാത്ത ഡേവിഡ് ജയിംസിനെ മാറ്റിനിര്‍ത്തിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് അധികം 'നിക്ഷേപം' നടത്താത്ത സ്ഥാനമാണ് ഗോള്‍കീപ്പര്‍മാരുടേത്. പിന്നീട് കൂടുതലും ഇന്ത്യന്‍ താരങ്ങളെയാണ് ബ്ലാസ്‌റ്റേഴ്‌സ് വലകാക്കാന്‍ ആശ്രയിച്ചത്. ഇതില്‍ സന്ദീപ് നന്ദി, പ്രഭ്‌സുഖന്‍ സിങ് ഗില്‍ തുടങ്ങിയവര്‍ മിന്നുന്ന പ്രകടനങ്ങളുമായി തിളങ്ങുകയും ചെയ്തു.
കഴിഞ്ഞ മൂന്നു സീസണുളായി വലകാത്ത പ്രഭ്‌സുഖന്‍ ഇക്കുറി ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയതോടെയാണ് വിശ്വസ്ത കാവല്‍ക്കാരനു വേണ്ടിയുള്ള അന്വേഷണം ടീം മാനേജ്‌മെന്റ് ആരംഭിച്ചത് ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് വെറ്ററന്‍ താരവും പരിചയസമ്പന്നനുമായ കരണ്‍ജിത്ത് സിങ്ങിനെ എത്തിച്ചാണ് ഝടുതിയില്‍ വിടവ് അടച്ചത്. എന്നാല്‍ 37-കാരനായ കരണ്‍ജിത്തിന്റെ പ്രായം ഒരു പോരായ്മയായി. ഇതോടെയാണ് യുവതാരം സച്ചിന്‍ സുരേഷിന് നറുക്കുവീണത്.
മൂന്നു വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് അക്കാദമിയിലുള്ള തൃശൂരില്‍ നിന്നുള്ള ഈ യുവതാരത്തില്‍ കോച്ച് ഇവാന്‍ വുകുമനോവിച്ചിനുള്ള വിശ്വാസമാണ് തുണയായത്. 2022 ഡ്യൂറന്‍ഡ് കപ്പിലും 2023 സൂപ്പര്‍ കപ്പിലും ടീമിന്റെ വലകാത്തത് സച്ചിന്‍ സുരേഷാണ്. സൂപ്പര്‍ കപ്പില്‍ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലൂടെയായിരുന്നു സീനിയര്‍ ടീം അരങ്ങേറ്റം. ഇതിനു പിന്നാലെ മൂന്നു വര്‍ഷകരാറും ഒപ്പുവച്ചു.
ഈ സീസണില്‍ ഗോകുലം കേരളയ്‌ക്കെതിരേ ഡ്യൂറന്‍ഡ് കപ്പിലായിരുന്നു തുടക്കം. ആദ്യ മത്സരത്തില്‍ നാലു ഗോളുകള്‍ വഴങ്ങിയാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെതിരേ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി. ഇന്ത്യ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകളുടെ ഭാഗമായിരുന്നു. 2020 അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറും സച്ചിനായിരുന്നു.
ഓരോ സീസണിലും ആഭ്യന്തര താരങ്ങളെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി കോച്ച് ഇവാന്‍ വുകുമനോവിച്ച് നടത്തുന്ന ശ്രമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയതാണ്. ഇക്കുറി ഇവര്‍ രണ്ടുപേരുമാണ് ഇവാന്റെ പദ്ധതിയിലുള്ളത്. ഇന്ന് ആദ്യ മത്സരത്തില്‍ തന്നെ ഇരുവര്‍ക്കും ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂമിങ് പ്രോഗ്രാമിന്റെയും ഭാഗമാണ് ഇവര്‍.