ഹോമില്‍ ഫോമാകുമോ? ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ
തുടര്‍ച്ചയായ രണ്ട് തോല്‍വിക്കുശേഷം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് മുംബൈ സിറ്റി എഫ് സിയെ നേരിടും. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. മൂന്ന് മത്സരങ്ങളില്‍ ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്സ് അവസാന രണ്ട് മത്സരവും തോറ്റിരുന്നു. അതേസമയം, ഒരു ജയവും രണ്ട് സമനിലയുമായാണ് മുംബൈ കൊച്ചിയില്‍ എത്തുന്നത്. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും നന്നായി മനസിലാക്കുന്ന രണ്ട് ടീമുകളുടെ പോരാട്ടത്തിനാകും കൊച്ചി സാക്ഷ്യം വഹിക്കുക.
ഐഎസ്എല്‍ ഉദ്ഘാട മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1 ന് തുരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തിലെ ആവേശം പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും കണ്ടില്ല. കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബംഗാനോട് അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. അവസാന മത്സരത്തില്‍ ഒഡിഷ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തുവിട്ടു. ഇന്ന് വീണ്ടും സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ ജയവും മൂന്ന് പോയിന്റും അല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും മഞ്ഞപ്പടയ്ക്കുണ്ടാകില്ല. പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ജയം അനിവാര്യമാണ്. അത് ഉന്നംവെച്ചാകും കോച്ച് ഇവാന്‍ വുകോമനോവിച്ച് ഇന്ന് ടീമിനെ ഇറക്കുക. കഴിഞ്ഞ മത്സരങ്ങളില്‍ ആടിയുലഞ്ഞ പ്രതിരോധ നിരയെ ശക്തിപ്പെടുത്തിയാവും ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയെ നേരിടുക.
അതേസമയം, കഴിഞ്ഞ സീസണ്‍ മുതല്‍ തുടരുന്ന നിരാശകളെല്ലാം മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍, തോല്‍വി വഴങ്ങിയിട്ടില്ല എന്നതാണ് ടീമിന്റെ നേട്ടം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ 3-3ന് സമനിലയില്‍ തളച്ചാണ് മുംബൈ സീസണ്‍ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഒഡിഷ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ് സിയോട് 1-1 സമനില വഴങ്ങി. കൊച്ചിയിലും ജയം തന്നെയാണ് ബക്കിംഹാമും സംഘവും പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ ഉള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ മുംബൈയെ കൂടുതല്‍ ശക്തരാക്കിയിട്ടുണ്ട്.
ഐഎസ്എല്ലില്‍ ഇതുവരെ 16 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേരെത്തിയത്. ആറ് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു. 4 മത്സരങ്ങള്‍ മുംബൈ നേടിയപ്പോള്‍ ആറെണ്ണം സമനിലയില്‍ അവസാനിച്ചു. മുംബൈയ്‌ക്കെതിരായ ആധിപത്യം ആവര്‍ത്തിക്കാനാണ് വുകോമനോവിച്ച് ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരകയറാന്‍ സ്വന്തം മണ്ണിലുള്ളതിനേക്കാള്‍ മികച്ച മറ്റൊരു അവസരമില്ലെന്ന് മഞ്ഞപ്പടയ്ക്കും അറിയാം.