ബോക്സിങ് ഡേയില്‍ ജയം തേടി ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ഒഡിഷ എഫ് സി
ഈ വർഷം വിടപറയും മുൻപ് കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിൽ വിജയ മധുരത്തിന്റെ സമ്മാന പൊതി അഴിക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഒരിക്കൽകൂടി ഇറങ്ങുന്നു. ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന ബോക്സിങ് ഡേ മത്സരത്തിൽ ഒഡിഷ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7:30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ പകുതി മത്സരങ്ങളും പൂർത്തിയാക്കിയ ഇരു ടീമുകളുടെയും രണ്ടാം ഘട്ടത്തിനാണ് ഇന്നത്തോടെ തുടക്കമാവുക. തുടർച്ചയായി ആറ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ യാത്ര. അതേസമയം അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ ഒഡിഷയ്ക്ക് ജയിക്കാനായിട്ടില്ല. ഈ കണക്കുകൾ ബ്ലാസ്റ്റേഴ്സിന് അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും സീസണിൽ ഇതിനുമുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒഡിഷയോടേറ്റ തോൽവി ബ്ലാസ്റ്റേഴ്സിന്റെ മനസിലുണ്ടാകും. അതിന് സ്വന്തം ഗ്രൗണ്ടിൽ പകരം വീട്ടാനായാൽ മഞ്ഞപ്പടയുടെ ആരാധകർക്കുള്ള ക്രിസ്മസ്, പുതുവത്സര സമ്മാനമാകും അത്.
സീസണിന്റെ തുടക്കത്തിലുണ്ടായ താളപ്പിഴകളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളിൽ കരുത്തരായ എതിരാളികളെ വീഴ്ത്തിയത് കളിക്കാർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. തോൽവി അറിയാതെ മുന്നേറുന്ന ടീമിൽ നിന്ന് പ്ലെയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് കോച്ച് മുതിരാൻ ഇടയില്ല. അഞ്ച് ഗോളുകൾ ഇതിനോടകം സ്വന്തം പേരിലെഴുതിച്ചേർത്ത ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിനെ മുൻ നിർത്തിയാകും ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങൾ മെനയുക. കൂടാതെ സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, കെ പി രാഹുൽ, മാർക്കോ ലെസ്‌കോവിച്ച് എന്നിവരുടെ മികച്ച ഫോമും ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.
ഒഡിഷയാകട്ടെ ജയത്തോടെ സീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇരട്ട ജയം ആഘോഷിക്കാമെന്ന കണക്കുക്കൂട്ടലിലാകും കൊച്ചിയിലേക്കെത്തുന്നത്. ബ്രസീലിയൻ താരം ഡീഗോ മൗറീഷ്യോയുടെ ഫോമില്ലായ്മ അവർക്ക് തലവേദനയാണ്. ഗോളടിക്കുമെന്ന കണക്കുകൂട്ടലിൽ ഇറങ്ങുന്ന താരത്തിന് ഇതുവരെ മൂന്ന് തവണ മാത്രമാണ് എതിരാളിയുടെ വല ചലിപ്പിക്കാനായത്. ഒഡിഷയുടെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളടിച്ചുതുടങ്ങിയ മൗറീഷ്യോ പിന്നീട് ഏഴാം മത്സരത്തിലാണ് ഒരു ഗോൾ നേടിയത്.
പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരു ടീമുകളും ആറ് ജയങ്ങളും മൂന്ന് തോൽവിയും ഒരു സമനിലയും നേടി. ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ഒഡിഷ ആറാമതുമാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ജയിക്കുന്ന ടീമിന് മൂന്നാം സ്ഥാനത്തേക്കുയരാനാകും.
ഐഎസ്എല്ലിൽ എട്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഒഡിഷയെ നേരിടാനൊരുങ്ങുന്നത്. പത്തൊൻപത് തവണ ഏറ്റുമുട്ടിയതിൽ രണ്ട് ടീമുകളും ആറ് ജയം നേടിയപ്പോൾ ഏഴ് മത്സരം സമനിലയിലായി.