പെലെ ആശുപത്രിയില്‍: ആശങ്കപ്പെടാനില്ലെന്ന് മകള്‍

പെലെ ആശുപത്രിയില്‍: ആശങ്കപ്പെടാനില്ലെന്ന് മകള്‍

അര്‍ബുദബാധിതനായ താരത്തിന് നീര്‍വീക്കവും ഹൃദയ സംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
Updated on
1 min read

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദബാധിതനായ താരത്തിന് നീര്‍വീക്കവും ഹൃദയ സംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പെലെയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മകള്‍ കെലി നാസിമെന്റോ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. 82കാരനായ പെലെ അര്‍ബുദത്തിന് ചികിത്സയിലാണ്.

അച്ഛന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സാമുഹ്യമാധ്യമങ്ങളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി വിലയിരുത്താനായി ആഴത്തിലുള്ള പരിശോധനകള്‍ നടത്തിവരികയാണ്. നിലവില്‍ ഭയപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഞാന്‍ പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. അപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അച്ഛന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമെന്ന് ഉറപ്പ് തരുന്നു -കെലി ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു.

പെലെയുടെ മാനേജരും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയും ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അടുത്ത കാലത്തായി പെലെയ്ക്ക് തുടര്‍ച്ചയായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ കീമോതെറാപ്പി ചികിത്സ പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്ന വിലയിരുത്തലുകളുമുണ്ട്.

ഫുട്‌ബോള്‍ പ്രേമികളുടെ എക്കാലത്തെയും ആവേശമായ പെലെ 2021 സെപ്റ്റംബറില്‍ വന്‍കുടലില്‍ നിന്ന് ഒരു ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം പതിവായി വൈദ്യസഹായം തേടുന്നുണ്ട്.

logo
The Fourth
www.thefourthnews.in