മഗ്വെയ്‌റിനു പകരം ബ്രൂണോ; പുതിയ നായകനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
പോര്‍ചുഗല്‍ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ നായകനായി പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഹാരി മഗ്വെയ്‌റിനു പകരമായാണ് ബ്രൂണോയെ പുതിയ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും മഗ്വെയ്ര്‍ ബെഞ്ചിലിരുന്നപ്പോള്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് കോച്ച് എറിക് ടെന്‍ ഹാഗ് വിശ്വസിച്ച് ഏല്‍പിച്ചത് ബ്രൂണോയെയായിരുന്നു. 28-ാകരനായ പോര്‍ചുഗീസ് താരം ടീമിനായി മിന്നുന്ന പ്രകടനവുമാണ് പുറത്തെടുത്തത്.
പോര്‍ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ്ങില്‍ നിന്ന് 2020-ലാണ് ബ്രൂണോ യുണൈറ്റഡിലെത്തുന്നത്. മൂന്നു സീസണുകള്‍ക്കിടെ യുണൈറ്റഡിനു വേണ്ടി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 185 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 64 ഗോളുകളും 54 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചത്. പുതിയ സീസണില്‍ ടീമിന്റെ തന്ത്രങ്ങളും സ്ട്രാറ്റജികളും താന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബ്രൂണോയെ കേന്ദ്രീകരിച്ചാണ് തയാറാക്കുന്നതെന്നും ടെന്‍ഹാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് മഗ്വെയ്‌റിനെ നായക സ്ഥാനത്തു നിന്ന് ക്ലബ് നീക്കിയത്. മഗ്വെയ്ര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ക്കൂടി പങ്കുവച്ചത്. കോച്ച് എറിക് ടെന്‍ഹാഗ് താനുമായി സംസാരിച്ചുവെന്നും തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുന്നത് സംബന്ധിച്ച തീരുമാനം അദ്ദേഹം അറിയിച്ചെന്നും മഗ്വെയ്ര്‍ പറഞ്ഞു. ടീമിന്റെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞ മഗ്വെയ്ര്‍ ടീമിനായി ആത്മാര്‍ഥമായി തന്നെ കളിക്കുമെന്നും വ്യക്തമാക്കി.
യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യറാണ് മഗ്വെയ്റിനെ ക്യാപ്റ്റനാക്കിയത്. പിന്നീട് ടെന്‍ഹാഗ് എത്തിയതോടെയാണ് മഗ്വെയ്റിന്റെ പിടി അയഞ്ഞത്. ടെന്‍ഹാഗിന്റെ ഇലവനില്‍ പലപ്പോഴും മഗ്വെയ്റിന് സ്ഥാനമുണ്ടായിരുന്നില്ല. ഇതോടെ താരവും കോച്ചും തമ്മില്‍ അകല്‍ച്ചയിലാണെന്നു ഗോസിപ്പ് ഉയരുകയും ചെയ്തിരുന്നു. പിന്നാലെ മഗ്വെയ്റിനെ വില്‍ക്കാന്‍ ടെന്‍ഹാഗ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.