കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?

മെസി ഉള്‍പ്പടെ ഖത്തറില്‍ ലോകം കീഴടക്കിയ അര്‍ജന്റീന ടീമിലെ മുഴുവന്‍ താരങ്ങളും കേരളത്തില്‍ കളിക്കാനെത്തുമെന്ന് മന്ത്രി ഉറപ്പ് പറയുമ്പോഴും അത് എത്രകണ്ട് സാധ്യമാകുമെന്ന ആശങ്കയിലാണ് ആരാധകര്‍
Updated on
4 min read

ലയണല്‍ മെസി വരുമോ ഇല്ലയോ? കേരളത്തിലെ ഓരോ സാമാന്യ ഫുട്‌ബോള്‍ പ്രേമിയുടെയും ഊണിലും ഉറക്കത്തിലും ഇപ്പോള്‍ ഈയൊരു ചോദ്യം മാത്രമായിരിക്കും. 2022-ല്‍ ഖത്തറില്‍ ലോകം ജയിച്ച അര്‍ജന്റീനയെയും അവരുടെ കപ്പിത്താന്‍ സാക്ഷാല്‍ ലയണല്‍ മെസിയെയും കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞതുതൊട്ട് ഇങ്ങോട്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഫുട്‌ബോളിന്റെ മിശിഹ പന്തുതട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അവര്‍.

അടുത്ത വര്‍ഷം ഒക്‌ടോബറില്‍ അര്‍ജന്റീന കേരളത്തില്‍ രണ്ടു മത്സരം കളിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഒരു മത്സരം മലപ്പുറത്തും ഒന്ന് കൊച്ചിയിലുമായി നടത്താനാണ് ശ്രമിക്കുന്നതെന്നും രണ്ടു മത്സരങ്ങളിലും മെസി കളിക്കുമെന്നും മന്ത്രി പറയുന്നു. മെസി ഉള്‍പ്പടെ ഖത്തറില്‍ ലോകം കീഴടക്കിയ അര്‍ജന്റീന ടീമിലെ മുഴുവന്‍ താരങ്ങളും കേരളത്തില്‍ കളിക്കാനെത്തുമെന്ന് മന്ത്രി ഉറപ്പ് പറയുമ്പോഴും അത് എത്രകണ്ട് സാധ്യമാകുമെന്ന ആശങ്കയിലാണ് ആരാധകര്‍.

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?
ദ ബെസ്റ്റ് മെസി തന്നെ, നേട്ടം മൂന്നാം തവണ; സ്പെയിനിന്റെ ഐറ്റാന ബോണ്‍മാറ്റി മികച്ച വനിത താരം

മെസി ഉണ്ടാകുമോ?

2025 ഒക്‌ടോബറിലേക്ക് ഇനിയും ഒന്നര വര്‍ഷത്തെ കാത്തിരുപ്പുണ്ട്. ഒക്‌ടോബര്‍ ആറിനും പതിനാലിനുമിടയില്‍ ഒമ്പതു ദിവസമാണ് അര്‍ജന്റീനയുടെ രാജ്യാന്തര ബ്രേക്ക്. കേരളത്തില്‍ കളിക്കാനെത്തുകയാണെങ്കില്‍ ഈ തീയതികളില്‍ ഏതെങ്കിലുമായിരിക്കും മത്സരം നടക്കുക. നിലവില്‍ മുപ്പത്തിയാറുകാരനായ ലയണല്‍ മെസി ആ സമയം അര്‍ജന്റീന ടീമിനൊപ്പം ഉണ്ടാകുമോയെന്നാണ് ആരാധകരുടെ സംശയം.

ഫിഫ ലോകകപ്പ് നേടിയതിനു പിന്നാലെ തന്നെ താരം രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകജേതാക്കള്‍ എന്ന നിലയില്‍ അല്‍പകാലം കൂടി ഫുട്‌ബോള്‍ ആസ്വദിക്കണം എന്നു വ്യക്തമാക്കിയാണ് മെസി തുടരാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നടക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം വിരമിക്കലിനെക്കുറിച്ച് അറിയിക്കാമെന്നായിരുന്നു ലോകകപ്പ് ജയത്തിനു ശേഷം താരം പറഞ്ഞത്.

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?
ഒന്നും അവസാനിച്ചിട്ടില്ല; മെസിയും ക്രിസ്റ്റ്യാനോയും വീണ്ടും നേര്‍ക്കുനേര്‍, വേദി സൗദി, തീയതി ഫെബ്രുവരി ഒന്ന്‌

ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെ യുഎസ്എയിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ മെസിയാണ് നയിക്കുക. കിരീടം നിലനിര്‍ത്തിയാല്‍ താരം അതിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രമുഖ സ്പാനിഷ് ഫുട്‌ബോള്‍ മാധ്യമമായ 'മാര്‍ക്ക' താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനയ്ക്ക് കിരീടം നേടാനായില്ലെങ്കിലും ഈ വര്‍ഷത്തിനപ്പുറം ദേശീയ ടീമില്‍ തുടരാന്‍ മെസി തയ്യാറായേക്കില്ലെന്നും 'മാര്‍ക്ക'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ കളിക്കാനെത്തിയാല്‍പ്പോലും ടീമില്‍ മെസിയുണ്ടാകാനുള്ള സാധ്യത കുറവാണ്.

2025-ല്‍ തന്റെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കാനാണ് മെസി തയ്യാറെടുക്കുന്നതെന്ന് നേരത്തെ അര്‍ജന്റീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസിയുടെ ആദ്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് അധികൃതരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ലബ് ഫുട്‌ബോളില്‍ നിലവില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിക്കു വേണ്ടിയാണ് മെസി കളിക്കുന്നത്. 2025 ജൂണ്‍ വരെയാണ് മയാമിയുമായുള്ള കരാര്‍. അതിനു ശേഷം സ്വന്തം നാടായ റൊസാരിയോയില്‍ ന്യൂവെല്‍സിന്റെ ഹോം സ്‌റ്റേഡിയമായ മാഴ്‌സലോ ബിയേല്‍സ സ്‌റ്റേഡിയത്തില്‍ അവര്‍ക്കായി ബൂട്ടുകെട്ടി മെസി തന്റെ അവസാന മത്സരം കളിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ന്യൂവെല്‍സിനായി 2025 ജൂലൈയില്‍ മെസി കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അങ്ങനെയെങ്കില്‍ ജൂലൈയില്‍ ഫുട്‌ബോള്‍ കരിയറിന് വിരാമമിടുന്ന മെസി എങ്ങനെ ഒക്‌ടോബറില്‍ അര്‍ജന്റീന ടീമിനൊപ്പം കേരളത്തില്‍ എത്തുമെന്നും ആരാധകര്‍ ചോദിക്കുന്നു.

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?
ഇത് മെസി 'വീട്ടിലെത്തിക്കുന്ന ആദ്യ' ബാലണ്‍ ഡി ഓറോ?

പണമൊരു പ്രശ്‌നമാണ്!

മെസി വന്നാലും ഇല്ലെങ്കിലും അര്‍ജന്റീന പോലൊരു ലോകോത്തര ടീമിനെ കൊണ്ടുവന്ന് സൗഹൃദ മത്സരം സംഘടിപ്പിക്കാനുള്ള ശേഷി കേരളത്തിനോ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോ ഉണ്ടാകുമോയെന്നാണ് ആരാധകരുടെ മറ്റൊരു ആശങ്ക. കാരണം മറ്റൊന്നുമല്ല, ഒരു മത്സരത്തിനായി അര്‍ജന്റീന ടീം വാങ്ങുന്ന ഉയര്‍ന്ന മാച്ച് ഫീ തന്നെ. 2023 ജൂണ്‍ 19-ന് ഇന്തോനീഷ്യയ്‌ക്കെതിരേ സൗഹൃദ മത്സരം കളിച്ച അര്‍ജന്റീന ടീം മാച്ച് ഫീയായി വാങ്ങിയത് 43 കോടി രൂപയാണ്. മെസിയില്ലാത്ത ടീമിനാണ് അത്രയും തുക മാച്ച് ഫീ വാങ്ങിയത്. മെസിയുണ്ടെങ്കില്‍ കുറഞ്ഞത് 50 കോടി രൂപയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

അപ്പോള്‍ കേരളത്തില്‍ രണ്ടു മത്സരം കളിക്കാന്‍ മെസിക്കും സംഘത്തിനും ഏറ്റവും കുറഞ്ഞത് 100 കോടിയെങ്കിലും നല്‍കേണ്ടി വരും. കൂടാതെ അര്‍ജന്റീനയ്‌ക്കെതിരേ കളിക്കാന്‍ എത്തുന്ന ടീമിനും മാച്ച് ഫീ നല്‍കേണ്ടി വരും. ഒരു മത്സരത്തില്‍ എതിരാളികളായി ഇന്ത്യന്‍ ടീമിനെ ഇറക്കാനായേക്കും. എന്നാല്‍ മികച്ച നിലവാരമുള്ള ടീം തന്നെ എതിരാളികളായി വേണമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ശാഠ്യം പിടിച്ചാല്‍ ഏഷ്യയിലെയോ ആഫ്രിക്കയിലെയോ ലാറ്റിനമേരിക്കയിലെയോ മികച്ച ടീമുകളെ കൊണ്ടുവരേണ്ടി വരും.

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?
മെസിയോ ക്രിസ്റ്റ്യാനോയോ, കേമനാര്?

ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ ടീം സൗഹൃദ മത്സരത്തിനായി വാങ്ങുന്ന മാച്ച് ഫീ 22 കോടി രൂപയാണ്. ലാറ്റിനമേരിക്കന്‍ ടീമുകള്‍ 30 കോടിക്കടുത്ത് വാങ്ങുന്നുണ്ട്. യൂറോപ്യന്‍ ടീമുകളാണെങ്കില്‍ അതിലും കൂടും. ഇതോടെ രണ്ടു മത്സരങ്ങളുടെ മാച്ച് ഫീയ്ക്ക് മാത്രം ചുരുങ്ങിയത് 150 മുതല്‍ 170 കോടിവരെ കണ്ടെത്തേണ്ടി വരും. സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്കു ആകമാനം വേണ്ടി ബജറ്റില്‍ മാറ്റിച്ച തുക ഇതിലും കുറവാണെന്ന് ഓര്‍ക്കണം. ഇതിനു പുറമേ ടീമുകള്‍ക്കായി രണ്ട് സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പൂര്‍ണമായും വാടകയ്ക്ക് എടുക്കണം, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. ഇതിനെല്ലാം വേറെ തുകയും കണ്ടെത്തണം.

 കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം
കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം

രാജ്യാന്തര നിലവാരത്തിലുള്ള സ്‌റ്റേഡിയം

മലപ്പുറത്തും കൊച്ചിയിലുമായി രണ്ടു മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് മന്ത്രി വി അബ്ദുറഹ്മാന്‍ പറയുന്നത്. രണ്ടിടത്തും നിലവില്‍ ഫിഫ നിലവാരത്തിലുള്ള സ്‌റ്റേഡിയം ഇല്ല. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ളതാണെന്നു പറയപ്പെടുന്നെങ്കിലും ഗ്യാലറിയുടെ അവസ്ഥ പരിതാപകരമാണ്. ഇളകിയ സീറ്റുകളും ചോരുന്ന മേല്‍ക്കൂരകളുമായി ആകെ തകര്‍ന്നു കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

അര്‍ജന്റീനയെപ്പോലൊരു ടീമിനെ സൗഹൃദ മത്സരത്തിന് ക്ഷണിക്കുമ്പോള്‍ ഈ നിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ അവര്‍ തയാറാകില്ല. അതിനാല്‍ കൊച്ചി സ്‌റ്റേഡിയം നവീകരിക്കേണ്ടി വരും. കുറഞ്ഞത് 25-30 കോടി രൂപ അതിനായി കണ്ടെത്തണം. മലപ്പുറത്ത് മഞ്ചേരിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ സ്‌റ്റേഡിയമാണ് ഒരു മത്സരത്തിനായി കണ്ടുവച്ചിരിക്കുന്നത്.

75 കോടി ചെലവ് പ്രതീക്ഷിക്കുന്ന സ്‌റ്റേഡിയം ഇപ്പോഴും 'പദ്ധതി'യായി തുടരുന്നതേയുള്ളു. 60 കോടി രൂപ ഇതിനായി കായിക വകുപ്പ് വകയിരുത്തിയിട്ടുണ്ടെന്നും ഡിസൈന്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞിരുന്നു. പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൈവശമുള്ള 25 ഏക്കറിലാണ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങുന്നത്. മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നതും വെല്ലുവിളിയാണ്.

ടിക്കറ്റ് വില്‍പന

അര്‍ജന്റീന കളിക്കാനെത്തിയാല്‍ ഗ്യാലറി നിറയുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. എന്നാല്‍ ഗേറ്റ് കളക്ഷനിലൂടെ ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയുമോയെന്നു സംശയമാണ്. മഞ്ചേരിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന സ്‌റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി 50,000 ആണ്. കൊച്ചി സ്‌റ്റേഡിയത്തിന് 35,000 പേരെ ഉള്‍ക്കൊള്ളാനാകും. മത്സരത്തിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെയും 20-25 കോടി രൂപ വരുമാനം ലഭിച്ചേക്കും. അര്‍ജന്റീന ടീമിന് മറ്റേതെങ്കിലും ചാനല്‍ ഗ്രൂപ്പുമായി സംപ്രേഷണ കരാര്‍ ഉണ്ടെങ്കില്‍ അതും പ്രതീക്ഷിക്കേണ്ട. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 5000 രൂപ ടിക്കറ്റ് നിരക്ക് ആക്കിയാലേ ഗേറ്റ് കളക്ഷനിലൂടെ 50 കോടിയെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയൂ. എന്നാല്‍ ടിക്കറ്റ് നിരക്ക് ഇത്രയും ഉയരുമ്പോള്‍ സാധാരണക്കാരന് അപ്ര്യാപ്യമാകുമെന്ന തിരിച്ചടിയുമുണ്ട്.

കളത്തിലിറക്കാന്‍ വേണം 50 കോടി; മെസിയെയും അര്‍ജന്റീനയെയും എത്തിക്കാനാകുമോ കേരളത്തിന്?
മെസിക്കൊപ്പം മയാമിയെ 'നയിച്ച്' ബെക്കാമിന്റെ മകള്‍; വൈറലായി വീഡിയോ

ഇതൊക്കെയാണ് ഫുട്‌ബോള്‍ ആരാധകരുടെ ഇപ്പോഴത്തെ ആശങ്കകള്‍. എണ്‍പതുകളുടെ പകുതിയോടെയാണ് കേരളത്തില്‍ ടെലിവിഷന്‍ വ്യാപകമായത്. 1986 ഫുട്‌ബോള്‍ ലോകകപ്പാണ് മലയാളികള്‍ ആദ്യമായി ടെലിവിഷനില്‍ കാണുന്നത്. അന്ന് മനസില്‍ക്കയറിക്കൂടിയതാണ് അര്‍ജന്റീനയും ഡീഗോ മറഡോണയും. അന്നുതൊട്ടിങ്ങോട്ട് ഇളംനീലയും വെള്ളയും ഇടകലര്‍ന്ന ആ ജഴ്‌സി മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയതാണ്. അവര്‍ ഒരിക്കലെങ്കിലും മലയാളി മണ്ണില്‍ പന്തുതട്ടുന്നത് കാണാനാണ് ഒരോ മലയാളി ഫുട്‌ബോള്‍ പ്രേമിയും കാത്തിരിക്കുന്നത്. പ്രതിബന്ധങ്ങള്‍ എല്ലാം മറികടന്ന് അത് സംഭവിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.

logo
The Fourth
www.thefourthnews.in