യുവേഫ നോക്ഔട്ട് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു
നോക്ഔട്ട് റൗണ്ടിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യൂറോപ്പ ലീഗ് മത്സരങ്ങളുടെ ലൈനപ്പായി. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള മത്സരത്തിലേക്ക് ആരാധകർ ശ്രദ്ധിക്കുമ്പോൾ, യൂറോപ്പ ലീഗിൽ ബാഴ്‌സിലോണ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടമാകും ശ്രദ്ധാകേന്ദ്രം.
ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനി ആവർത്തനമാണ് ഇത്തവണ നോക്ഔട്ട് റൗണ്ടിലെ റയൽ മാഡ്രിഡ് ലിവർപൂൾ പോരാട്ടം. ഫൈനലിലെ തോൽവിക്ക് കണക്ക് തീർക്കാനാകും ലിവർപൂൾ ശ്രമിക്കുക. ഫെബ്രുവരി 22ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് ആദ്യപാദ മത്സരം നടക്കുക. പ്രീ ക്വാർട്ടറിലെ ഒന്നാം പാദ മത്സരം ഫെബ്രുവരി 14 /15, 21/22 തീയതികളിലും രണ്ടാം പാദം മാർച്ച് 7/8 14 /15ലും നടക്കും. ജൂൺ 10ന് നടക്കുന്ന ഫൈനലിന് തുര്‍ക്കിയിലെ ഇസ്താംബുൾ വേദിയാകും.
റയൽ ലിവർപൂൾ പോരാട്ടങ്ങൾക്ക് പുറമെ, പിഎസ്ജി ആറ് വട്ടം ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. ചെൽസി ബൊറുസിയ ഡോർട്മുണ്ടിനെ നേരിടുമ്പോൾ കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ആർബി ലെപ്സിഗാണ്. എസി മിലൻ - ടോട്ടൻഹാം, ഇന്റർ മിലൻ - പോർട്ടോ, ക്ലബ് ബ്രൂഗ് - ബെൻഫിക്ക, ഫ്രാങ്ക്ഫുർട് - നാപോളി എന്നിവർ തമ്മിലാണ് പ്രീ ക്വാർട്ടറിലെ മറ്റ് മത്സരങ്ങൾ.
യൂറോപ്പ ലീഗിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ബാഴ്‌സ ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടുകൊണ്ട് ടൂർണമെന്റ് ആരംഭിക്കും. യുവന്റസ് - എഫ്സി നാന്റസ്, സ്പോർട്ടിങ് സിപി - എഫ്‌സി മിഡ്‌ജില്ലണ്ട്, ഷാക്തർ ഡൊണെറ്റ്സ്‌ക് - സ്റ്റേഡ് റെന്നീസ് എഫ്സി, അയാക്സ് - എഫ്‌സി യൂണിയൻ, ബയേർ ലെവർകുസെൻ - മൊണാകോ എഫ്‌സി, സെവിയ്യ - പി എസ് വി, എഫ്‌സി സാൽസ്ബർഗ് - എഎസ് റോമ എന്നിവർ തമ്മിലാണ് നോക്ഔട്ട് റൗണ്ടിലെ മറ്റ് പോരാട്ടങ്ങൾ.