ക്രിസ്റ്റ്യന്‍ എറിക്‌സൺ
ക്രിസ്റ്റ്യന്‍ എറിക്‌സൺgoogle

ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിച്ച്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയ മാനേജരുടെ കീഴിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക് എത്തുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യന്‍ എറിക്‌സൺ
Updated on
2 min read

ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മരണത്തെ അതിജീവിച്ച ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സനെ ഡഗ്ഗൗട്ടില്‍ എത്തിച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫെര്‍ഗൂസന്‍ കാലഘട്ടത്തിനു ശേഷം ഊര്‍ദ്ധശ്വാസം വലിക്കുന്ന യുണൈറ്റഡ് തങ്ങളുടെ പ്രതാപകാലത്തേക്കു മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'മരണത്തെ അതിജീവിച്ച്' എത്തിയ എറിക്‌സണെ വീണ്ടും ടീമില്‍ എത്തിച്ചത്.

പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് ചുമതലയേറ്റ ശേഷം റെഡ് ഡെവിള്‍സ് നടത്തുന്ന രണ്ടാമത്തെ സൈനിങ് ആണ് എറിക്‌സന്റേത്. ബ്രെന്റ്‌ഫോര്‍ഡില്‍ നിന്നു ഫ്രീ ഏജന്റായാണ് താരം ഓള്‍ഡ്ട്രാഫോര്‍ഡില്‍ എത്തിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.

2020 യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടതിനു ശേഷം യൂറോപ്പിലെ മുന്‍നിര ടീമിലൊന്നിലേക്ക് എറിക്‌സന്റെ തിരിച്ചുവരവ് കൂടിയായി ഇത്. യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന്റെ നായകന്‍ കൂടിയായ എറിക്‌സന്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് കളത്തില്‍ കുഴഞ്ഞു വീണത്.

ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫുകളും നല്‍കിയ പ്രാഥമിക ശ്രുശൂഷയിലൂടെ ജീവന്‍ പിടിച്ചു നിര്‍ത്തിയ എറിക്‌സണ്‍ ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനു ശേഷം പേസ്‌മേക്കറിന്റെ സഹായത്തോടു കൂടിയാണ് കളത്തിലേക്കു തിരിച്ചെത്തിയത്.

എന്നാല്‍ അതോടെ എറിക്‌സന്റെ ക്ലബ് കരിയറിന് അതോടെ അര്‍ധവിരാമം വീഴുകയായിരുന്നു. അത്യാഹിതം സംഭവിക്കുന്നതിനു മുമ്പ് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാന്റെ താരമായിരുന്നു എറിക്‌സണ്‍. എന്നാല്‍ തിരിച്ചെത്തിയ ശേഷം ഇന്ററിന്റെ കുപ്പായമണിയാന്‍ താരത്തിനായില്ല.

ഹൃദ്രോഗബാധിതരായ താരങ്ങളെ കളിക്കുന്നതില്‍ നിന്നു വിലക്കുന്ന കര്‍ശനനിയമങ്ങളാണ് എറിക്‌സണു വിനയായത്. തുടര്‍ന്ന് ഇന്ററുമായി ഉഭയകക്ഷി സമ്മതപ്രകാരം കരാര്‍ റദ്ദാക്കിയ എറിക്‌സണ്‍ കഴിഞ്ഞ സീസണ്‍ ജനുവരി ട്രാന്‍സ്ഫറില്‍ ഇംഗ്ലീഷ് ക്ലബ് ബ്രെന്റ്‌ഫോര്‍ഡിലേക്കു മാറിയിരുന്നു.

ആറുമാസം ബ്രെന്റ്‌ഫോര്‍ഡിനായി കളിച്ച എറിക്‌സണ്‍ 11 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നാല് അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് യുണൈറ്റഡിലേക്കുള്ള വരവ്. റെഡ് ഡെവിള്‍സിന്റെ പുതിയ കോച്ച് ടെന്‍ ഹാഗുമായി എറിക്‌സണു അടുത്ത ബന്ധവുമുണ്ട്.

ഹൃദയാഘതത്തെത്തുടര്‍ന്ന് ഫുട്‌ബോള്‍ കളത്തില്‍ നിന്നു വിട്ടുനിന്ന എറിക്‌സണ്‍ തിരിച്ചുവരവ് നടത്തിയത് ഡച്ച് ഫുട്‌ബോള്‍ ടീം അയാക്‌സിന്റെ പരിശീലനങ്ങള്‍ക്കൊപ്പമാണ്. അന്ന് അയാക്‌സ് പരിശീലകനായിരുന്നു ടെന്‍ഹാഗ്. അദ്ദേഹത്തിന്റെ താല്‍പര്യ പ്രകാരമാണ് എറിക്‌സനെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് തയാറായത്.

"യുണൈറ്റഡിനായികളിക്കാനാകുന്നതിൽ ആവേശത്തിലാണ് ഞാൻ, ഒരുപാട് തവണ ഓൾഡ് ട്രാഫൊർഡിൽ കളിയ്ക്കാൻ ആയിട്ടുണ്ട് എന്നാൽ യുണൈറ്റഡിന്റെ ചുവന്ന കുപ്പായത്തിൽ കളിക്കുന്നത് വേറെ അനുഭവമാണ്. അതിനായി കാത്തിരിക്കുന്നു". കരാറിലെത്തിയ ശേഷം എറിക്‌സൺ പ്രതികരിച്ചു.

പ്രീമിയര്‍ ലീഗില്‍ മുമ്പ് ടോട്ടനം ഹോട്‌സ്പറിന്റെ താരമായിരുന്ന എറിക്‌സണ്‌ 237 മത്സരങ്ങളുടെ പരിചയമുണ്ട്. 52 ഗോളുകളും 71 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്, ദേശീയ ടീമിനായി 115 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടി.

പുതിയ സീസണിനു മുന്നോടിയായി യുണൈറ്റഡ് നടത്തുന്ന രണ്ടാമത്തെ മാത്രം സൈനിങ്ങാണ് ഇത്.

പുതിയ സീസണിനു മുന്നോടിയായി യുണൈറ്റഡ് നടത്തുന്ന രണ്ടാമത്തെ മാത്രം സൈനിങ്ങാണ് ഇത്. നേരത്തെ ഫെയ്‌നൂർഡിന്റെ ഡച്ച് താരം ടൈറില്‍ മലേസ്യയെ യുണൈറ്റഡ് ടീമിൽ എത്തിച്ചിരുന്നു. അയാക്‌സിന്റെ അര്‍ജെന്റൈന്‍ പ്രതിരോധനിര തരം ലിസാൻഡ്രോ മാർട്ടിനെസുമായും ടീം കരാറിലെത്തിയതായി സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in