സിറ്റിക്ക് നിര്‍ണായക ജയം; എത്തിഹാദില്‍ വെടിമരുന്നില്ലാതെ പീരങ്കിപ്പട
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിലെ കിരീടപ്പോരാട്ടത്തിന് ഏറെക്കുറേ തീരുമാനമായി. ഇന്നു പുലര്‍ച്ചെ നടന്ന നിര്‍ണായക മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെതിരേ നിര്‍ണായക ജയം നേടി നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി.
സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. ഇരട്ട ഗോളുകളും ഒരസിസ്റ്റും സ്വന്തമാക്കിയ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്‌നെയും ഇരട്ട അസിറ്റുകളും ഒരു ഗോളുമായി തിളങ്ങിയ എര്‍ലിങ് ഹാലണ്ടുമായിരുന്നു സിറ്റിയുടെ വിജയശില്‍പികള്‍. ജോണ്‍ സ്‌റ്റോണ്‍സിന്റെ വകയായിരുന്നു അവരുടെ ഒരുഗോള്‍. അതേ സമയം റോബ് ഹോള്‍ഡിങ്ങാണ് ആഴ്‌സണിന്റെ ആശ്വാസഗോള്‍ നേടിയത്.
ജയത്തോടെ രണ്ടു മത്സരം കൂടതല്‍ കൈയിലിരിക്കെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്ക്കാന്‍ സിറ്റിക്കായി. 33 മത്സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് ആഴ്‌സണലിനുള്ളത്. എന്നാല്‍ രണ്ടു മത്സരങ്ങള്‍ കുറച്ചു കളിച്ച സിറ്റി 73 പോയിന്റുമായി തൊട്ടരികിലെത്തി. ലീഗില്‍ ശേഷിക്കുന്ന ഫിക്‌സ്ചറുകളും നിലവിലെ ഫോമും കണക്കിലെടുത്താല്‍ തുടര്‍ച്ചയായ മൂന്നാം കിരീടം അവര്‍ക്ക് അരികെയാണ്.
ഇന്നു നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കേ ആഴ്‌സണലിനു മേല്‍ ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്കായി. ഏഴാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടുകയും ചെയ്തു. ഹാലണ്ടിന്റെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ചു ഒറ്റയ്ക്കു മുന്നേറി ഡി ബ്രുയ്‌നെയാണ് സ്‌കോര്‍ ചെയ്തത്. ലീഡ് നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ച ആഴ്‌സണല്‍ ആക്രമണവീര്യം കൂട്ടി. ഇടവേളയ്ക്കു തൊട്ടു മുമ്പ് അവര്‍ രണ്ടാം ഗോളും കണ്ടെത്തി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സ്‌റ്റോണ്‍സാണ് ലക്ഷ്യം കണ്ടത്.
ഡിബ്രുയ്‌നെ എടുത്ത ഫ്രീകിക്കില്‍ തലവച്ച സ്‌റ്റോണ്‍സ് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലകുലുക്കുയായിരുന്നു. ലൈന്‍സ്മാന്‍ ഇത് ഓഫ് സൈഡ് വിളിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ആഴ്‌സണല്‍ താരം ബെന്‍ വൈറ്റിനു പിന്നലായിരുന്നു സ്‌റ്റോണ്‍സ് എന്നു തെളിഞ്ഞതോടെ റഫറി ഗോള്‍ അനുവദിച്ചു. ഇതോടെ രണ്ടു ഗോള്‍ ലീഡിലാണ് സിറ്റി ഇടവേളയ്ക്കു പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കളി ആരംഭിച്ച് ഒമ്പതു മിനിറ്റിനകം സിറ്റി മൂന്നാം ഗോളും കണ്ടെത്തി. ആദ്യ ഗോളിന്റേതിനു സമാനമായി ഹാലണ്ട് നല്‍കിയ പാസില്‍ നിന്ന് ഡി ബ്രുയ്‌നെയാണ് സ്‌കോര്‍ ചെയ്തത്. മൂന്നു ഗോളുകള്‍ക്കു പിന്നിലായിട്ടും സിറ്റി ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ ആഴ്‌സണല്‍ താരങ്ങള്‍ ശ്രമിച്ചു കണ്ടില്ല.
ഒടുവില്‍ മത്സരത്തില്‍ 86-ാം മിനിറ്റിലാണ് അവര്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ട്രൊസാര്‍ഡ് നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ നിന്ന് തകര്‍പ്പനൊരു വണ്‍ ടച്ച് ഷോട്ടിലൂടെ ഹോള്‍ഡിങ് വലയിലാക്കുകയായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഹാലണ്ട് സിറ്റിയുടെ ലീഡ് വീണ്ടും മൂന്നാക്കി ഉയര്‍ത്തി.
ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗ് റെക്കോഡ് സ്വന്തമാക്കാനും നോര്‍വീജിയന്‍ താരത്തിനായി. ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡാണ് ഹാലണ്ട് ഇന്നലെ തന്റെ 33-ാം ഗോളിലൂടെ സ്വന്തമാക്കിയത്. 2017-18 സീസണില്‍ മുഹമ്മദ് സല സ്ഥാപിച്ച 32 ഗോള്‍ എന്ന റെക്കോഡാണ് പഴങ്കഥയായത്.