'മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ'; ആവേശ ഡെര്‍ബിയില്‍ യുണൈറ്റഡിനെ തുരത്തി സിറ്റി

'മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ'; ആവേശ ഡെര്‍ബിയില്‍ യുണൈറ്റഡിനെ തുരത്തി സിറ്റി

ഹാട്രിക് നേടിയ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിന്റെയും യുവതാരം ഫില്‍ ഫോഡന്റെയും മിന്നുന്ന പ്രകടനങ്ങളാണ് സിറ്റിക്ക് തുണയായത്.
Updated on
2 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന ആവേശ ഡെര്‍ബിയില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

ഹാട്രിക് നേടിയ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിന്റെയും യുവതാരം ഫില്‍ ഫോഡന്റെയും മിന്നുന്ന പ്രകടനങ്ങളാണ് സിറ്റിക്ക് തുണയായത്. ഫോഡന്റെ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയതും ഹാലണ്ടായിരുന്നു. രണ്ട് അസിസ്റ്റുകളുമായി മധ്യനിര താരം കെവിന്‍ ഡിബ്രുയ്‌നും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരട്ടഗോളുകള്‍ നേടിയ ആന്റണി മാര്‍ഷ്യലും ഒരുഗോള്‍ നേടിയ ആന്റണിയുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.

സീസണില്‍ ഹാലണ്ടിന്റെ മൂന്നാം ഹാട്രിക്ക് ആണിത്. അതേസമയം ഫോഡന്റെ ആദ്യത്തേതും. ഹാലണ്ട് ഇതുവരെ ഒമ്പതു കളികളില്‍ നിന്ന് 14 ഗോളുകളും ഒരസിസ്റ്റുമാണ് കുറിച്ചത്. ഇന്നത്തെ ഹാട്രിക് പ്രകടനത്തോടെ ഫോഡന്റെ സീസണിലെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. രണ്ട് അസിസ്റ്റുകളും ഇംഗ്ലീഷ് യുവതാരത്തിന്റെ പേരിലുണ്ട്.

സിറ്റിയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. കിക്കോഫ് മുതല്‍ ഇരമ്പിക്കയറിയ സിറ്റി താരങ്ങള്‍ മൂന്നാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഹാലണ്ടും ഡിബ്രുയ്‌നും ഒന്നിനു പിറകെ ഒന്നായി തൊടുത്ത എണ്ണം പറഞ്ഞ രണ്ടു ഷോട്ടുകളും യുണൈറ്റഡ് വിഫലമാക്കി.

എന്നാല്‍ സന്ദര്‍ശകരുടെ പ്രതിരോധം പൊളിയാന്‍ കേവലം അഞ്ചു മിനിറ്റ് കൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളു. എട്ടാം മിനിറ്റില്‍ ബെര്‍നാഡോ സില്‍വ നല്‍കിയ പാസില്‍ നിന്ന് ഫോഡനാണ് ആതിഥേയരുടെ അക്കൗണ്ട് തുറന്നത്. ലീഡ് വഴങ്ങിയതോടെ യുണൈറ്റഡ് പ്രതിരോധം അക്ഷരാര്‍ത്ഥത്തില്‍ പൊളിഞ്ഞു.

എന്നാല്‍ സിറ്റിക്ക് തങ്ങളുടെ രണ്ടാം ഗോള്‍ കണ്ടെത്താന്‍ 34-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡിബ്രുയ്‌ന്റെ പാസ് സ്വീകരിച്ച് ഹാലണ്ടാണ് അവരുടെ ലീഡ് വര്‍ധിപ്പിച്ചത്. രണ്ടു മിനിറ്റിനു ശേഷം ഇതേ കൂട്ടുകെട്ട് വീണ്ടും ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നു ഗോളിന്റേതായി. പിന്നീട് ആദ്യ പകുതി അവസാനിക്കും മുമ്പേ ഹാലണ്ടിന്റെ പാസില്‍ നിന്ന് തന്റെ രണ്ടാം ഗോള്‍ നേടിയ ഫോഡന്‍ ഇടവേളയ്ക്കു മുമ്പേ ടീമിന് നാലുഗോള്‍ ലീഡ് സമ്മാനിച്ചു.

പിന്നീട് ഇടവേളയ്ക്കു ശേഷം യുണൈറ്റഡ് ഒരു ഗോള്‍ മടക്കിയാണ് തുടങ്ങിയത്. 56-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ പാസില്‍ നിന്ന് ബ്രസീല്‍ യുവതാരം ആന്റണിയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ യുണൈറ്റഡിന് ആശ്വസിക്കാന്‍ അതു മതിയാകുമായിരുന്നില്ല.

64-ാം മിനിറ്റില്‍ ഹാലണ്ട് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. സെര്‍ജിയോ ഗോമസായിരുന്നു അസിസ്റ്റ് നല്‍കിയത്. എട്ടു മിനിറ്റിനു ശേഷം ഫോഡനും ഹാട്രിക് തികച്ചു. ഫോഡന്റെ മൂന്നാം ഗോളിന് ഹാലണ്ട് വഴിയൊരുക്കി. മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ അവസാന രണ്ടു ഗോളുകള്‍ പിറന്നത്.

84-ാം മിനിറ്റില്‍ ഫ്രെഡ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി. പിന്നീട് ഇന്‍ജുറി ടൈമില്‍ തന്നെ വീഴ്ത്തിയതിന് അനുവദിച്ചു കിട്ടിയ പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ തോല്‍വി ഭാരം കുറച്ചു.

ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു ന്ഥവും രണ്ടു സമനിലയുമടക്കം 20 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിക്കാനും സിറ്റിക്കായി. എട്ടു മത്സരങ്ങളില്‍ നിന്ന് ഏഴു ജയവും ഒരു തോല്‍വിയുമായി 21 പോയിന്റുള്ള ആഴ്‌സണലാണ് ഒന്നാമത്. ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവും മൂന്നു തോല്‍വിയുമായി 12 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in