ഏഷ്യൻ ഗെയിംസിനായി ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുകൊടുക്കുന്നില്ല; ഐഎസ്എല്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി എഐഎഫ്എഫ്
ഏഷ്യന്‍ ഗെയിംസിനായി താരങ്ങളെ വിട്ടു നല്‍കാന്‍ ഫ്രാഞ്ചൈസികള്‍ വിസമ്മതിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍. സെപ്തംബര്‍ 21 ന് ആരംഭിക്കാനിരിക്കുന്ന ഐഎസ്എല്‍ 10 ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ ആവശ്യപ്പെട്ടു. ഇതിനായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനെ സമീപിച്ചതായി അദ്ദേഹം അറിയിച്ചു.
സെപ്റ്റംബര്‍ 19നാണ് ഏഷ്യൻഗെയിംസ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനുള്ള 22 അംഗ പുരുഷ ടീമിനെ ഇതിനോടകം തന്നെ അന്തിമമാക്കിയിട്ടുണ്ട്. ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ എന്നിവര്‍ ടീമിലുണ്ട്. ബെംഗുളുരു എഫ്‌സിയില്‍ നിന്ന് ആറ്, മുംബൈ സിറ്റിയില്‍ നിന്ന് മൂന്ന്, എഫ്‌സി ഗോവ,മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും പഞ്ചാബ് എഫ്‌സി, ചെന്നൈയിന്‍ ഫെ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാരും വീതമാണ് ടീമിലുള്ളത്. എന്നാല്‍ കളിക്കാരെ ഏഷ്യാഗെയിംസിനായി വിട്ടുകൊടുക്കാന്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ വിമുഖത അറിയിക്കുകയായിരുന്നു.
ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ എന്നിവര്‍ ടീമിലുണ്ട്
സീസണിന്റെ തുടക്കം ആയതിനാല്‍ എഐഎഫ്എഫ് പ്രത്യേകം ആവശ്യപ്പെട്ടിട്ടും താരങ്ങളെ വിട്ടുനല്‍കാന്‍ ക്ലബ്ബുകള്‍ വിമുഖത അറിയിക്കുകയായിരുന്നു. ഫിഫ വിന്‍ഡോ അല്ലാത്തതിനാല്‍ ഈ സമയത്ത് ക്ലബ്ബുകള്‍ രാജ്യത്തിനായി താരങ്ങളെ വിട്ടുകൊടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇതാണ് ഐഎസ്എല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിലേക്ക് എത്തിച്ചത്. രാജ്യത്തിന്റെ താല്പര്യം പരിഗണിച്ച് കുറഞ്ഞത് 10 ദിവസമെങ്കിലും ലീഗ് നീട്ടിവയ്ക്കണമെന്നാണ് ആവശ്യം.
''ലീഗ് 10 ദിവസത്തേക്കെങ്കിലും മാറ്റിവയ്ക്കാനും ഒക്‌ടോബറില്‍ എപ്പോഴെങ്കിലും ആരംഭിക്കണമെന്നും എഫ്എസ്ഡിഎല്‍ അധികൃതരോട് ആവശ്യപ്പെടും. അങ്ങനെ ഞങ്ങള്‍ക്ക് ഏഷ്യാഡില്‍ പൂര്‍ണശക്തരായ ടീമിനെ ഇറക്കാന്‍ സാധിക്കും. അതിനെക്കാളുപരിയായി ആഗോളതലത്തില്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്. ദേശീയ താല്പര്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്, അതാണ് ക്ലബ്ബുകളോടും എഫ്എസ്ഡിഎല്ലിനോടും ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്'' - കല്യാണ്‍ ചൗബെ പറഞ്ഞു. ഈ സമയത്ത് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ലീഗ് നീട്ടിവച്ചാല്‍ ക്ലബ്ബുകള്‍ക്ക് കളിക്കാരുടെ സേവനം നഷ്ടമാവാത്ത വിധത്തില്‍ തന്നെ ഏഷ്യാഡിലേക്കുള്ള മുഴുവന്‍ സ്‌ക്വാഡിനെയും ഇറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.