അധിക്ഷേപങ്ങള്‍ക്കുള്ള മധുര പ്രതികാരം, ദിസ് ഈസ് വിനീഷ്യസ് & ബ്രസീല്‍

അധിക്ഷേപങ്ങള്‍ക്കുള്ള മധുര പ്രതികാരം, ദിസ് ഈസ് വിനീഷ്യസ് & ബ്രസീല്‍

കോപ്പയിലെ ആദ്യ ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിന് അരികെയെത്തി
Updated on
2 min read

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 25, സ്‌പെയിനും ബ്രസീലും തമ്മിലുള്ള ഒരു സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനം. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ നൂറ് കണക്കിന് വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി, വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നിലായിരുന്നു വിനീഷ്യസ് വികാരാധീനനായത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ആ ഇരുപത്തിമൂന്നുകാരന്‍ നേരിട്ട അധിക്ഷേപങ്ങള്‍ അയാളെ എത്രത്തോളം ബാധിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാര്‍ത്താ സമ്മേളനം.

നാല് ഗോളുകള്‍ക്ക് പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍ വിജയം പിടിച്ചെടുക്കുമ്പോള്‍ തങ്ങളെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി കൂടിയായി മത്സരം മാറി

'എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ടുപോകുന്നത് കഠിനമായിരിക്കുന്നു. കളിക്കാനുള്ള താല്പര്യം കുറയുകയാണ്. സ്‌പെയിന്‍ വിടുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആഗ്രഹം നടപ്പാകും'. ഒരു പോരാളിക്ക് ഒരിക്കലും തോറ്റ് മടങ്ങാനാകില്ല എന്ന ദൃഢനിശ്ചയം ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വിനീഷ്യസിന്റെ ഓരോ നേട്ടങ്ങളും ഫുട്‌ബോള്‍ ആരാധകരെ ആനന്ദിപ്പിക്കുന്നത്. അതെ, വിനീഷ്യസ് ജൂനിയറിന്റെ ബുട്ടുകള്‍ തൊടുത്തുവിടുന്ന ഓരോ ഗോളുകളും പതിക്കുന്നത് എതിര്‍ ടീമിന്റെ പോസ്റ്റില്‍ മാത്രമല്ല അയാള്‍ക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞവരുടെ നേര്‍ക്ക് കൂടിയാണ്.

ആദ്യ മത്സരത്തില്‍ കോസ്‌റ്റോറിക്ക സമ്മാനിച്ച സമനില കുരുക്കിന് ശേഷം ബ്രസീലിന്റെ തിരിച്ചുവരവ് കണ്ട രണ്ടാം മത്സരത്തില്‍ വിനീഷ്യസിന്റെ ബുട്ടില്‍ നിന്ന് പിറന്നത് രണ്ട് എണ്ണം പറഞ്ഞ ഗോളുകളായിരുന്നു. നാല് ഗോളുകള്‍ക്ക് പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍ വിജയം പിടിച്ചെടുക്കുമ്പോള്‍ തങ്ങളെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി കൂടിയായി മത്സരം മാറി. വിനീഷ്യസ് ജൂനിയറും ബ്രസീലും തങ്ങളുടെ സാംബാ താളം വീണ്ടെടുത്തിരിക്കുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഗോള്‍.കോം പറയുന്നു.

അധിക്ഷേപങ്ങള്‍ക്കുള്ള മധുര പ്രതികാരം, ദിസ് ഈസ് വിനീഷ്യസ് & ബ്രസീല്‍
'പന്തുതട്ടാനുള്ള ആഗ്രഹം കുറയുന്നു'; വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

പതിഞ്ഞ താളത്തില്‍ തുടങ്ങി കത്തിക്കയറുകയായിരുന്നു പരാഗ്വേയ്ക്ക് എതിരെ ബ്രസീല്‍. ആദ്യ ഘട്ടത്തില്‍ ഒരു പെനാല്‍റ്റി കിക്ക് പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പിന്നാലെ തുടരെ തുടരെ മൂന്ന് ഗോളുകള്‍. അതും പതിനഞ്ച് മിനിറ്റിനിടെ. 35-ാം മിനിറ്റിലൂടെ വിനീഷ്യസ് ബ്രസീലിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ സാവിയോ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും അടയാളപ്പെടുത്തി. ആദ്യ പകുതിയുടെ അധികസമയത്ത് വിനീഷ്യസിന്റെ ബുട്ടില്‍ നിന്നും രണ്ടാം ഗോളും പിറന്നു. 65ാം മിനിറ്റില്‍ ലൂക്കാസ് പാക്വറ്റയിലൂടെ ബ്രസീല്‍ നാലം ഗോളും നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിലായുരുന്നു പാരഗ്വായുടെ തിരിച്ചടി. 48 മിനിറ്റില്‍ പ്രതിരോധതാരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നും തൊടുത്തുവിട്ട ഉഗ്രന്‍ ഷോട്ട് ബ്രസീലിന്റെ വലയില്‍ പതിക്കുകയായിരുന്നു. 81 ആം മിനിറ്റില്‍ പാരഗ്വായ് താരം ആന്‍ഡ്രെസ് കുബാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറിന് അരികെയെത്തി.

logo
The Fourth
www.thefourthnews.in