ഫുട്‌ബോളില്‍ ഇനി പിങ്ക് കാർഡ് എൻട്രി

അച്ചടക്ക നടപടിയുടെയോ, മോശം പെരുമാറ്റത്തിന്റെയോ, താക്കീതിന്റെയോ ഭാഗമായല്ല പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്. കളത്തില്‍ താരങ്ങളെ നിയന്ത്രിക്കുന്ന റഫറിയുമല്ല ഈ കാര്‍ഡ് പുറത്തെടുക്കുന്നത്

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോള്‍ കഴിഞ്ഞ മാസമാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് കാര്‍ഡ് അരങ്ങേറുമെന്ന്. ഒരു രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് പിങ്ക് കാര്‍ഡ് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. എന്താണ് ഫുട്‌ബോളിലെ പിങ്ക് കാര്‍ഡ്? എപ്പോഴാണ് അത് പുറത്തെടുക്കുന്നത്?

അച്ചടക്ക നടപടിയുടെയോ, മോശം പെരുമാറ്റത്തിന്റെയോ, താക്കീതിന്റെയോ ഭാഗമായല്ല പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്. കളത്തില്‍ താരങ്ങളെ നിയന്ത്രിക്കുന്ന റഫറിയുമല്ല ഈ കാര്‍ഡ് പുറത്തെടുക്കുന്നത്. പിന്നെയെന്താണ് ഈ കാര്‍ഡിനു പിന്നിലുള്ള രഹസ്യം.

ഗ്രൗണ്ടില്‍ ഒരു താരത്തിന് തലയ്ക്ക് ക്ഷതമേറ്റാലോ, കൂട്ടിയിടിച്ച് ബോധക്ഷയമുണ്ടായാലോ ആ താരത്തിനു പകരം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി മറ്റൊരു താരത്തെ ഇറക്കുന്നതിനു വേണ്ടിയാണ് പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്.

ഒരു ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ ഏതെങ്കിലും ടീമിലെ ഒരു താരത്തിന് ഇത്തരത്തില്‍ പരുക്കേറ്റതായി സംശയിച്ചാല്‍ ആ താരത്തിന്റെ ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാള്‍ ഈ പിങ്ക് കാര്‍ഡ് സൈഡ് ലൈനില്‍ നില്‍ക്കുന്ന ഫോര്‍ത്ത് ഒഫീഷ്യലിന് കൈമാറും. ഇതോടെ ആ താരത്തിനെ പിന്‍വലിക്കാനും പകരം മറ്റൊരു താരത്തെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറക്കാനും ടീമിന് സാധിക്കും.

ഫുട്‌ബോളില്‍ ഇനി പിങ്ക് കാർഡ് എൻട്രി
ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

പ്രധാന റഫറിയോ, ഫോര്‍ത്ത് ഒഫീഷ്യലോ പിങ്ക് കാര്‍ഡ് കാണികള്‍ കാണ്‍കെ ഉയര്‍ത്തിക്കാട്ടരുതെന്നും ഫുട്‌ബോള്‍ നിയമം അനുശാസിക്കുന്നു. ഒരു മത്സരത്തില്‍ ഒരു ടീമിന് നടത്താവുന്ന അനുവദീനയ സബ്‌സ്റ്റിറ്റിയൂഷനുകളുടെ കൂട്ടത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കൂട്ടരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതോടെ ഒരു ടീമിന് നിശ്ചിത സമയത്ത് ആറ് സബ്‌സ്റ്റിറ്റിയൂഷന്‍ വരെ നടത്താന്‍ പിങ്ക് കാര്‍ഡ് സഹായിക്കും. ഒരു ടീം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയാല്‍ എതിരാളികള്‍ക്ക് ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ അധികമായി ഉപയോഗിക്കാനും പിങ്ക് കാര്‍ഡ് നിയമം അനുവദിക്കുന്നു.

ഖത്തറില്‍ നടന്ന 2022 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ നടന്ന സംഭവങ്ങളാണ് പിങ്ക് കാര്‍ഡ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയ ആ ഫൈനലില്‍ ഫ്രാന്‍സ് ഏഴ് സബ്‌സ്റ്റിറ്റിയൂഷനുകളാണ് നടത്തിയത്. ഫുട്‌ബോള്‍ നിയമപ്രകാരം നിശ്ചിത സമയമായ 90 മിനിറ്റിനുള്ളില്‍ ഒരു ടീമിന് അഞ്ച് സബ്‌സ്റ്റിറ്റിയൂഷനുകളും മത്സരം അധിക സമയത്തേക്ക് നീണ്ടാല്‍ അധിക സമത്ത് ഒരു സബ്‌സ്റ്റിറ്റിയൂഷനുമാണ് നടത്താന്‍ അനുവാദമുള്ളത്. അതായത് 120 മിനിറ്റ് നീളുന്ന മത്സരത്തില്‍ ഒരു ടീമിന് പരമാവധി നടത്താവുന്ന സബ്‌സ്റ്റിറ്റിയൂഷന്റെ എണ്ണം ആറാണ്.

എന്നാല്‍ ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം 120 മിനിറ്റ് നീണ്ടപ്പോള്‍ ഫ്രാന്‍സ് നടത്തിയത് ഏഴ് സബ്‌സ്റ്റിറ്റിയൂഷനാണ്. ഇതിനു കാരണം മത്സരത്തിന്റെ 96-ാം മിനിറ്റില്‍ ഫ്രഞ്ച് താരം അഡ്രിയാന്‍ റാബിയോട്ടിന് നേരിട്ട പരുക്കാണ്. മത്സരത്തിനിടെ അര്‍ജന്റീന താരം യൂലിയന്‍ അല്‍വാരസുമായി കൂട്ടിയിടിച്ചു വീണ റാബിയോട്ടിന് തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. പരുക്കേറ്റ് മടങ്ങിയ താരം പിന്നീട് തിരിച്ചെത്തിയില്ല. കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പകരം ഒരു താരത്തെ ഇറക്കാന്‍ ഒഫീഷ്യല്‍സ് ഫ്രാന്‍സിനെ അനുവദിക്കുകയും ചെയ്തു.

ഫുട്‌ബോളില്‍ ഇനി പിങ്ക് കാർഡ് എൻട്രി
മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?

ഇത് ഔദ്യോഗിക സബ്‌സ്റ്റിറ്റിയൂഷനുകളുടെ കണക്കില്‍പെടുത്തിയുമില്ല. പിന്നീട് എക്‌സ്ട്രാ ടൈം അവസാനിക്കും മുമ്പ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് തങ്ങളുടെ ഔദ്യോഗിക ക്വാട്ട പ്രകാരമുള്ള രണ്ട് സബ്‌സ്റ്റിറ്റിയൂഷനുകള്‍ കൂടി നടത്തിയതോടെ ഫ്രാന്‍സ് ആകെ നടത്തിയ സബ്‌സ്റ്റിറ്റിയൂഷനുകളുടെ എണ്ണം ഏഴായി. അതേസമയം അര്‍ജന്റീനയ്ക്ക് ആറു പേരെ മാത്രമേ പുതുതായി കളത്തിലിറക്കാന്‍ സാധിച്ചുള്ളു.

ഇത് ഒരു ടീമിന് അനാവശ്യ മുന്‍തൂക്കം സമ്മാനിക്കുമെന്ന വിലയിരുത്തലിലാണ് ഇരുടീമുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തില്‍ നിയമമാറ്റത്തിലേക്ക് വഴിവച്ചത്. കാല്‍പ്പന്ത് കളിയിലെ നിയമങ്ങളുടെ ഉപജ്ഞാതാക്കളായ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് കഴിഞ്ഞ മാര്‍ച്ചിലാണ് പിങ്ക് കാര്‍ഡിന് അംഗീകാരം നല്‍കിയത്. ഈ മാസം 21-ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് ഔദ്യോഗികമായി അരങ്ങേറുമെങ്കിലും ലോക ഫുട്‌ബോളില്‍ ജൂലൈ ഒന്നു മുതലായിരിക്കും ഇതു നിലവില്‍ വരിക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in