എട്ട് വർഷം മുൻപ് കണ്ണീര് വീണു; അതേ മൈതാനത്ത് കൈകളുയർത്തി മെസി

എന്തിനും ഒപ്പം നില്‍ക്കുന്ന പത്തുപേർക്ക് ഒപ്പം അവസാന കോപ്പ ആസ്വദിക്കാനിറങ്ങുമ്പോള്‍ ഒരു നോവും ബാക്കി വെക്കരുതല്ലോ

അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍, ഒരു എട്ട് വർഷം പിന്നോട്ട് പോകാം, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 26. അവിടേക്ക് നോക്കിയാല്‍ ഇടംകാലുകൊണ്ട് കാല്‍പ്പന്ത് ലോകം വെട്ടിപ്പിടിച്ചവൻ ഹൃദയം തകർന്നു നില്‍ക്കുന്നത് കാണാം. ഇതിഹാസത്തിന്റെ പൂർണതയിലേക്കുള്ള യാത്രയില്‍ ജർമനിയും മരിയോ ഗോട്ട്‌സെയും ലോകകപ്പ് നിഷേധിച്ചിച്ചിട്ട് രണ്ട് വർഷം മാത്രമെ പിന്നിട്ടിരുന്നൊള്ളു. കോപ്പയില്‍ അർജന്റീന അവസാനമായി മുത്തമിട്ടിട്ട് രണ്ട് പതിറ്റാണ്ടിലധികവും.

അയാളെ ഇതിഹാസമാക്കി മാറ്റിയ ഇടം കാലിനുപോലും അന്ന് പിഴച്ചു. ഒരു കിരീടം അയാള്‍ അർഹിക്കുന്നില്ലേയെന്ന് വിമർശകർ പോലും ചോദിച്ച ദിനം. ഞങ്ങളുടെ മിശിഹയ്ക്ക് പൂർണതയിലെത്താൻ കിരീടമാവശ്യമില്ല എന്ന് സ്വയം ആശ്വസിപ്പിക്കാൻ അർജന്റീന ആരാധകർ ശ്രമിച്ച ദിനം. ബൂട്ടഴിക്കാൻ അന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ബ്യൂണസ് അയേഴ്‌സിലെ തെരുവുകള്‍ക്ക് കിരീടം നഷ്ടമായതിനേക്കാള്‍ വേദന സമ്മാനിച്ചു ആ വാർത്ത.

എട്ട് വർഷം മുൻപ് കണ്ണീര് വീണു; അതേ മൈതാനത്ത് കൈകളുയർത്തി മെസി
ബെറാത്താണ് ഹീറോ; കുസൃതിയില്‍ പിറന്ന സുന്ദര നിമിഷം

കളിയുടെ ഗതിമാറ്റാൻ കെല്‍പ്പുള്ള ഒരു സബ്‌സ്റ്റിറ്റൂട്ടിനെ പോലെ അയാള്‍ മൈതാനത്തേക്ക് വീണ്ടുമിറങ്ങി. കാരണം കാല്‍പ്പന്തിന് പൂർണതയിലെത്താൻ ആ ഇടംകാല്‍ ആവശ്യമായിരുന്നു. ആ വരവില്‍ കിരീടങ്ങള്‍ അയാളിലേക്ക് എത്തുകയായിരുന്നു. മാറക്കാനയില്‍ അയാള്‍ക്കായി മാലാഖ അവതരിച്ചു, അറേബ്യൻ മണ്ണില്‍ മെസിമായാജാലം, കളിദൈവങ്ങളെ തിരുത്തി മാർട്ടിനെസിന്റെ കൈകളും...കോപ്പയിലും വിശ്വകിരീടത്തിലും മെസിമുത്തം.

എല്ലാം നേടിയായിരുന്നു കണ്ണീര് വീണ മണ്ണിലേക്ക് മെസിയും സംഘവും എട്ട് വർഷത്തിന് ശേഷം എത്തിയത്. ഒന്നും തെളിയിക്കാനില്ല. എന്തിനും ഒപ്പം നില്‍ക്കുന്ന പത്തുപേർക്ക് ഒപ്പം അവസാന കോപ്പ ആസ്വദിക്കാനിറങ്ങുമ്പോള്‍ ഒരു നോവും ബാക്കി വെക്കരുതല്ലോ. അതായിരുന്നു ഇന്നത്തെ ചിലിക്കെതിരായ മത്സരം. അന്ന്, 2016ല്‍ അർജന്റീനയുടെ ഹൃദയം തകർന്ന അതേ മൈതാനത്ത്, അതേ എതിരാളികള്‍ക്കെതിരെ ജയം. ലൗത്താരോ മാ‍ര്‍ട്ടീനസിന് നന്ദി.

ലോകചാമ്പ്യന്മാരുടെ ആലസ്യത്തില്‍ നിന്ന് മെല്ലെ അർജന്റീന ഉണരുകുയാണ്. ചിലി പ്രതിരോധ കോട്ട കെട്ടിയതോടെ മധ്യനിരയിലേക്ക് ഇറങ്ങി കളി മെനയുകയായിരുന്നു മെസി. സ്കോർബോർഡിലെ പൂജ്യത്തിനുള്ള ഉത്തരത്തിനായി മെസിയിലേക്കായിരുന്നു അർജന്റീനൻ താരങ്ങള്‍ ഉറ്റുനോക്കിയത്. ഡി പോളിന്റേയും ഹൂലിയാൻ ആല്‍വാരസിന്റേയും നീക്കങ്ങള്‍ വലയിലേക്കെത്തിയിരുന്നില്ല.

എട്ട് വർഷം മുൻപ് കണ്ണീര് വീണു; അതേ മൈതാനത്ത് കൈകളുയർത്തി മെസി
പറക്കുന്ന ലോങ് റേഞ്ചറുകള്‍, പരിഭ്രമിപ്പിക്കുന്ന സെല്‍ഫുകള്‍; സംഭവബഹുലമാണ് യൂറോ

34-ാം മിനുറ്റ് വരെ കാത്തിരുന്നു ഒരു മെസി നിമിഷത്തിനായി, പക്ഷേ ഗോള്‍ പോസ്റ്റ് അത് നിഷേധിക്കുകയായിരുന്നു. ചിലി ഗോള്‍കീപ്പർ ബ്രാവോയുടെ കൈകള്‍ അർജന്റനീയുടെ വിജയപ്രതീക്ഷയിലായിരുന്നു കൈകള്‍ വെച്ചത്. ഡി മരിയയും മാർട്ടിനസും കളത്തിലെത്തി. 88-ാം മിനുറ്റില്‍ മെസിയുടെ കോർണർ ബോക്സിലേക്ക് പറന്നിറങ്ങി. ബോക്സിനുള്ളിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ പന്ത് മാർട്ടിനെസിന്റെ ബൂട്ടുകളിലേക്ക്.

മാർട്ടിനസിന്റെ ഷോട്ട് തടയാനുള്ള വേഗത ബ്രാവോയുടെ കൈകള്‍ക്കില്ലായിരുന്നു, ഗോള്‍. അർജന്റീന താരങ്ങളുടെ ആഘോഷവും ആരാധകരുടെ ഇരമ്പവും 2016ലെ ഓർമകള്‍ക്ക് മുകളിലായിരുന്നു. കരിയറില്‍ അവശേഷിച്ച ഓരേ ഒരു നോവിനും പരിഹാരം.

കിരീട നഷ്ടം, കണ്ണീര്, വിരമിക്കല്‍...ലയണല്‍ മെസിയെന്ന ഇതിഹാസിന്റെ കരിയറിലെ ഏറ്റവും വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മൈതാനമാണ്. കളിയുടെ അവസാന നിമിഷം വരെ അയാളുടെ കളി ആസ്വദിച്ച് വിജയവും സമ്മാനിച്ചു മെറ്റ്‌ലൈഫ്. കണ്ണീര് തുടച്ചു, കൊപ്പയെടുത്ത് മടങ്ങാനുള്ള യാത്രയില്‍ ഇനി ക്വാർട്ടറിലേക്ക്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in