വിവാദ റഫറിയിങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് വീണു; ബെംഗളുരുവിന് വിജയത്തുടക്കം

വിവാദ റഫറിയിങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് വീണു; ബെംഗളുരുവിന് വിജയത്തുടക്കം

ജോണ്‍ ഗാസ്റ്റയിലൂടെ നോര്‍ത്ത് ഈസ്റ്റ് നേടിയ സമനില ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനമാകും ഈ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം റഫറിയിങ് അവസാനിക്കുന്നില്ല. നാടകീയതയും വിവാദവും നിറഞ്ഞ മത്സരത്തിനൊടുവില്‍ റഫറിയുടെ ഒരു മോശം തീരുമാനത്തിലൂടെ അര്‍ഹിച്ച സമനില കൈവിട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളുരു എഫ്‌സിക്ക് ആദ്യ ജയം സമ്മാനിച്ചു.

ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. മത്സരത്തിന്റെ 87-ാം മിനിറ്റില്‍ അലന്‍ കോസ്റ്റയാണ് അവരുടെ വിജയ ഗോള്‍ നേടിയത്.

എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്ക ജോണ്‍ ഗാസ്റ്റയിലൂടെ നോര്‍ത്ത് ഈസ്റ്റ് നേടിയ സമനില ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനമാകും ഈ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം.

ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലാണ് ബോക്‌സിന് പുറത്ത് ഇടതുവശത്തു നിന്ന് ഗാസ്റ്റ തൊടുത്ത ഷോട്ട് ബെംഗളുരു ഗോള്‍കീപ്പറെ കീഴടക്കി വലയില്‍ കയറിയത്. വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കിയ ആഹ്‌ളാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ആഘോഷിക്കുന്നതിനിടെ ഗോള്‍ അനുവദിച്ച തീരുമാനം റഫറി റദ്ദാക്കുകയായിരുന്നു.

സമനിലയ്ക്കായുള്ള നോര്‍ത്ത് ഈസ്റ്റിന്റെ നിരന്തര ശ്രമത്തിനിടെ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ബോക്‌സിനുള്ള കൂട്ടപ്പൊരിച്ചിലിനിടെ പന്തു വന്നു വീണത് പുറത്തു കാത്തുനിന്ന ഗാസ്റ്റയുടെ മുന്നില്‍. നെഞ്ചുകൊണ്ട് പന്ത് നിയന്ത്രിച്ച താരം തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

എന്നാല്‍ ഗാസ്റ്റ ഷോട്ടുതിര്‍ക്കുന്ന സമയത്ത് സഹതാരം റൊമെയ്ന്‍ ഫിലിപ്പോസ് ഓഫ്‌സൈഡ് ആണെന്ന നിലപാട് സ്വീകരിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ റൊമെയ്ന്‍ പന്തിനായി ശ്രമിക്കുന്നില്ലെന്നു വ്യക്തമായി കാണാമായിരുന്നു.

നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല. റഫറിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട നോര്‍ത്ത് ഈസ്റ്റ് പരിശീലകന് ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു.

നേരത്തെ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 87-ാം മിനിറ്റിലാണ് കോസ്റ്റ് ബെംഗളുരുവിനായി സ്‌കോര്‍ ചെയ്തത്. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ ചാടി ഉയര്‍ന്നു തലവച്ച താരം പിഴവില്ലാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം പൊരുതിക്കളിച്ച നോര്‍ത്ത് ഈസ്റ്റ് പക്ഷേ അവസരങ്ങള്‍ പാഴാക്കുന്നതിലും മുന്നിട്ടുനിന്നതാണ് തിരിച്ചടിയായത്.

logo
The Fourth
www.thefourthnews.in