ഒടുവില്‍ ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടു; അല്‍ നസറിന് തകര്‍പ്പന്‍ ജയം

ഒടുവില്‍ ക്രിസ്റ്റിയാനോ ലക്ഷ്യം കണ്ടു; അല്‍ നസറിന് തകര്‍പ്പന്‍ ജയം

ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താനും അല്‍ നസറിനായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമായി നാലു പോയിന്റാണ് അവര്‍ക്കുള്ളത്
Updated on
1 min read

ഏറെകാത്തിരുപ്പിനു ശേഷം പുതിയ സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ സൗദി ക്ലബ് അല്‍ നസറിന് തകര്‍പ്പന്‍ ജയം. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൊനാസ്റ്റിര്‍ എഫ്.സിയെയാണ് അല്‍ നസര്‍ തുരത്തിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്നു അല്‍ നസര്‍. പിന്നീട് രണ്ടാം പകുതിയില്‍ അവസാന 16 മിനിറ്റിനിടെയാണ് മറ്റു മൂന്നു ഗോളുകള്‍ കൂടി സ്‌കോര്‍ ചെയ്തത്. അല്‍ നസര്‍ താരം അലി ലാജമി വഴങ്ങിയ സെല്‍ഫ് ഗോളാണ് മൊനാസ്റ്റിറിന്റെ തോല്‍വിഭാരം കുറച്ചത്.

ആദ്യപകുതിയുടെ 42-ാം മിനിറ്റില്‍ ടാലിസ്‌കയാണ് അല്‍ നസറിന് ലീഡ് സമ്മാനിച്ചത്. ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ക്ക് പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 66-ാം മിനിറ്റില്‍ ലാജമി വഴങ്ങിയ സെല്‍ഫ് ഗോള്‍ മെനാസ്റ്റിറിനെ ഒപ്പമെത്തിച്ചു. എന്നാല്‍ സമനില നേടിയതിന്റെ ആഹ്‌ളാദം എട്ടു മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളു.

74-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ അല്‍ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഈ ഗോള്‍ നേട്ടത്തിലൂടെ മറ്റൊരു റെക്കോഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡോണ് പോര്‍ചുഗല്‍ താരത്തെ തേടിയെത്തിയത്. ക്രിസ്റ്റിയാനോയുടെ 145-ാമത് ഹെഡ്ഡര്‍ ഗോളായിരുന്നു അത്. ജര്‍മനിയുടെയും ബയേണിന്റെയും ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിന്റെ 144 ഹെഡ്ഡര്‍ ഗോള്‍ എന്ന റെക്കോഡാണ് പഴങ്കഥയായത്.

ലീഡ് തിരിച്ചുപിടിച്ച ശേഷം ഇടതടവില്ലാത്ത ആക്രമണമാണ് അല്‍ നസര്‍ മൊനാസ്റ്റിറിനെതിരേ അഴിച്ചുവിട്ടത്. 88-ാം മിനിറ്റില്‍ അവര്‍ വീണ്ടും ലീഡ് ഇയര്‍ത്തി. ഇക്കുറി അബുള്ള അല്‍ അമ്‌റിയായിരുന്നു സ്‌കോറര്‍. രണ്ടു മിനിറ്റിനകം അബ്ദുള്‍ അസീസ് അല്‍ എല്‍വായ് കൂടി വലകുലുക്കി അല്‍ നസറിന്റെ പട്ടിക തികച്ചു.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താനും അല്‍ നസറിനായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമായി നാലു പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രതന്നെ പോയിന്റുള്ള അല്‍ ഷബാബാണ് ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നു പോയിന്റുമായി സമാലെക് മൂന്നാമതുണ്ട്.

logo
The Fourth
www.thefourthnews.in