ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇനി പുതുയുഗം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബ്ബിലേക്ക്

ക്രിസ്റ്റ്യാനോയുടെ വേതനം പല ക്ലബ്ബുകള്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായതുകൊണ്ടാണ് അദ്ദേഹം കരിയറില്‍ ആദ്യമായി യൂറോപ്പിന് പുറത്തേക്ക് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്
Updated on
1 min read

അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബിലേക്ക്. സൗദി ഫുട്‌ബോള്‍ ക്ലബായ അല്‍ നാസറുമായി താരം കരാര്‍ ഒപ്പിട്ടുവെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. 400 മില്യണ്‍ യൂറോയ്ക്ക് രണ്ടര വര്‍ഷത്തേയ്ക്കാണ് കരാര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ വമ്പന്‍ ഓഫറുമായി അല്‍-നാസര്‍ താരത്തെ സമീപിച്ചിരുന്നെങ്കിലും അന്നൊന്നും അനുകൂലമായ പ്രതികരണം താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ക്രിസ്റ്റ്യാനോയുടെ വേതനം പല ക്ലബ്ബുകള്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായതുകൊണ്ടാണ് അദ്ദേഹം കരിയറില്‍ ആദ്യമായി യൂറോപ്പിന് പുറത്തേക്ക് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്തായതിന് പിന്നാലെ താരം ചെല്‍സിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവയിലൊന്നും അന്തിമ തീരുമാനമായിരുന്നില്ല.

യുവന്റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്ററിലേക്ക് മടങ്ങിയെത്തിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ക്ലബ് വിടാന്‍ താരം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്ലബ് ഇതിന് അനുവദിച്ചിരുന്നില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലബ്ബ് തന്നെ വഞ്ചിച്ചുവെന്ന് പ്രസ്താവിച്ച താരം പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് പരസ്പര ധാരണയോടെ ക്രിസ്റ്റ്യാനോ ക്ലബ്ബ് വിടുന്നതായി മാഞ്ചസ്റ്റര്‍ അറിയിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഏത് ക്ലബില്‍ ചേരുമെന്ന ആരാധകരുടെ ആകാംഷകള്‍ക്കും സംശയങ്ങള്‍ക്കും കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in