വിവാദങ്ങള്‍ക്കൊടുവില്‍  
CR7 ഔട്ട്; കരാർ റദ്ദാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

വിവാദങ്ങള്‍ക്കൊടുവില്‍ CR7 ഔട്ട്; കരാർ റദ്ദാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ടീമിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തെത്തിയിരുന്നു
Updated on
1 min read

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്ത്. ക്രിസ്റ്റ്യായനോയുമായുള്ള കരാര്‍ റദ്ദാക്കിയതായി യുണൈറ്റഡ് വ്യക്തമാക്കി. പരസ്പര ധാരണ പ്രകാരമാണ് കരാര്‍ റദ്ദാക്കുന്നതെന്ന് യുണൈറ്റഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി ടീമിന് നൽകിയ സംഭവയ്ക്ക് താരത്തോട് നന്ദിപറയുന്നതായും മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി.

പരിശീലകന്‍ എറിക് ടെന്‍ഹാഗിനെയും ടീമിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ദിവസങ്ങള്‍ മുന്‍പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയത്. ഇത് ടീമുമായുള്ള താരത്തിന്‌റെ ബന്ധം കൂടുതല്‍ വഷളാക്കി. തുടര്‍ വിവാദങ്ങളാണ് ഇപ്പോള്‍ വഴിപിരിയലില്‍ കലാശിച്ചത്. ലോകകപ്പിനായി പോര്‍ച്ചുഗല്‍ ടീമിനൊപ്പം ഖത്തറിലുള്ള റൊണാള്‍ഡോ, തന്‌റെ പരസ്യ പ്രതികരണം ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയിരുന്നു. വിവാദ അഭിമുഖത്തില്‍ ആലോചിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയ മാഞ്ചസ്റ്റര്‍ ടീം ഒടുവില്‍ കരാര്‍ റദ്ദാക്കല്‍ വിവരം സ്ഥിരീകരിക്കുകയായിരുന്നു.

യുവാന്‌റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ എത്തിയത് മുതല്‍ ടീമുമായി ക്രിസ്റ്റ്യാനോയ്ക്ക് സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന യുണൈറ്റഡിന് ക്രിസ്റ്റ്യാനോയുടെ സാന്നിധ്യത്തിലും കാര്യമായ മെച്ചമുണ്ടായുമില്ല. നവംബര്‍ ആറിന് ആസ്റ്റണ്‍വില്ലയ്‌ക്കെതിരെയാണ് യുണൈറ്റഡിനായി താരം അവസാനമായി കളിച്ചത്. ക്രിസ്റ്റിയാനോ നയിച്ച ടീം 3-1 ന് അന്ന് തോറ്റിരുന്നു.

കഴിഞ്ഞമാസം ടോട്ടനത്തിനെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതോടെ ചെല്‍സിക്കെതിരായ മത്സരത്തില്‍ റോണോയെ പരിശീലകന്‍ ടെന്‍ഹാഗ് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ക്ലബ് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ഗുരുതര ആരോപണം താരം ഉന്നയിച്ചത്. 2013 ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ചതോടെ ടീമിന് പുരോഗതി ഉണ്ടായില്ലെന്നതടക്കം കുറ്റപ്പെടുത്തലും താരം നടത്തി. ഇതോടെ ടീം വിടുമെന്ന ചർച്ചകളും സജീവമായി.

വിവാദങ്ങള്‍ക്കൊടുവില്‍  
CR7 ഔട്ട്; കരാർ റദ്ദാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഗ് കിരീടം നേടാനുള്ള താൽപര്യമില്ല; ടീം വിടാനൊരുങ്ങി റൊണാള്‍ഡോ

പരസ്പരധാരണ പ്രകാരമാണ് കരാർ റദ്ദാക്കിയതെന്ന് സ്ഥിരീകരിച്ച റോണോ, യുണൈറ്റഡിനോട് എന്നും അചഞ്ചല സ്നേഹമെന്നും എന്നാൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സമയമായെന്നും പ്രതികരിച്ചു. ഈ സീസണിലും തുടർന്നും വിജയാശംസകൾ നേരുന്നതായും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഫെർഗൂസന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് പോർച്ചുഗീസ് താരം താര പദവിയിലെത്തുന്നത്. തുടർന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ പിന്നീട് യുവാന്റസിലേക്ക് എത്തി. രണ്ടാം വരവിൽ 54 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് താരം യുണൈറ്റഡിനായി നേടിയത്.

logo
The Fourth
www.thefourthnews.in