ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍; താരത്തെ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്
സൗദി ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്കാണ് താരത്തെ ക്ലബ് സ്വന്തമാക്കിയത്. 75 ദശലക്ഷം ഡോളറാകും പ്രതിവര്‍ഷ പ്രതിഫലം. 200 ദശലക്ഷം ഡോളറിനാണ് രണ്ടര വര്‍ഷത്തേക്കുള്ള കരാര്‍. 2025 വരെ ക്ലബിനൊപ്പം തുടരുമെന്നാണ് ധാരണ. ജനുവരി ഒന്നുമുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
ചരിത്ര നിമിഷമാണെന്നും കൂടുതൽ ഉയരങ്ങൾ താണ്ടാൻ ക്ലബ്ബിനെയും വരും തലമുറകളെയും രാജ്യത്തെയുമെല്ലാം പ്രചോദിപ്പിക്കുന്നതാണ് ക്രിസ്റ്റ്യാനോയുടെ സൈനിങ്ങെന്നും അല്‍ നസര്‍ ക്ലബ് ട്വീറ്റ് ചെയ്തു. ക്രിസ്റ്റ്യാനോ അൽ നസറിന്റെ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്.
പ്രചോദനം തരുന്നതാണ് ക്ലബ്ബ് മാറ്റമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായി ഇഎസ്പിഎന്‍ റിപ്പോർട്ട് ചെയ്തു. മറ്റൊരു രാജ്യത്തെ പുതിയൊരു ലീഗിൽ കളിക്കാൻ ആകാംക്ഷയുണ്ടെന്നും താരം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുരുഷ-വനിതാ ഫുട്‌ബോളിൽ അൽ നസർ ക്ലബ്, സൗദിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനം നല്‍കുന്നതാണെന്ന് റൊണാൾഡോ പറഞ്ഞു.
"വലിയ ഫുട്ബോൾ അഭിലാഷങ്ങളും ഒരുപാട് സാധ്യതകളുമുള്ള രാജ്യമാണിതെന്ന് അടുത്തിടെ ലോകകപ്പിലെ സൗദി അറേബ്യയുടെ പ്രകടനത്തിൽ നിന്ന് നമുക്ക് കാണാൻ കഴിയും. യൂറോപ്യൻ ഫുട്ബോളിൽ നേടാൻ ആഗ്രഹിച്ച വിജയങ്ങളെല്ലാം കരസ്ഥമാക്കാനായതിൽ ഞാൻ ഭാഗ്യവാനാണ്. എന്റെ അനുഭവസമ്പത്ത് ഏഷ്യയിലും പങ്കുവെയ്ക്കുന്നതിനുള്ള ശരിയായ സമയം ഇതാണ്." ക്രിസ്റ്റ്യാനോ പറഞ്ഞു.
37 കാരനായ ക്രിസ്റ്റ്യാനോ കഴിഞ്ഞ വർഷം മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഭാഗമായിരുന്നു. പുതിയതായി വന്ന കോച്ച് ടെൻ ഹാഗുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് താരത്തെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിച്ചത്. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി യുണൈറ്റഡ് താരവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഫ്രീ ഏജന്റ് ആയതിന് പിന്നാലെ ക്രിസ്റ്റ്യാനോ അൽ നസറിലേക്ക് പോകുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.