കളിമറന്നു ക്രോട്ടുകള്‍; പിടിച്ചുകെട്ടി മൊറോക്കോ

കളിമറന്നു ക്രോട്ടുകള്‍; പിടിച്ചുകെട്ടി മൊറോക്കോ

ഈ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇതു നാലാമത്തെ യൂറോപ്യന്‍ ടീമാണ് മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കു മുന്നില്‍ വിജയം നേടാനാകാതെ തലകുനിച്ചത്.
Updated on
1 min read

നാലു വര്‍ഷം മുമ്പ് റഷ്യന്‍ മണ്ണില്‍ നടത്തിയ അദ്ഭുതക്കുതിപ്പ് ആവര്‍ത്തിക്കാന്‍ ക്രോട്ടുകള്‍ക്കായില്ല. ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കു മുന്നില്‍ കളിമറന്നു മോഡ്രിച്ചും സംഘവും പതറിയപ്പോള്‍ മൊറോക്കോയ്ക്ക് ജയത്തോളം പോന്ന സമനില. ദോഹയിലെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തില്‍ ശക്തരായ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു.

ഒരേ ശൈലിയില്‍ കൊണ്ടുംകൊടുത്തും ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം അത്യന്തം ആവേശകരമായിരുന്നു. ഇരുപകുതികളിലേക്കും പന്ത് യഥേഷ്ടം കയറിയിറങ്ങിയപ്പോള്‍ ഏതുനിമിഷവും വലകുലുങ്ങുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇരുപക്ഷത്തും അവസരങ്ങള്‍ തുലയ്ക്കാന്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഗോള്‍ മാത്രം അകന്നു നിന്നു.

4-3-3 ശൈലിയിലായിരുന്നു ഇരുകൂട്ടരും അണിനിരന്നത്. ഇവാന്‍ പെരിസിച്ച്-ലൂക്കാ മോഡ്രിച്ച്-മറ്റേയു കൊവാസിച്ച് എന്ന ത്രയത്തിനെ ചുറ്റിപ്പറ്റിയായിരുന്നു ക്രൊയേഷ്യന്‍ യുദ്ധതന്ത്രം. എന്നാല്‍ അത് വ്യക്തമായി മനസിലാക്കിയ മൊറോക്കന്‍ താരങ്ങള്‍ മൂവരെയും ഇടംവലം തിരിയാന്‍ അനുവദിക്കാതെ പൂട്ടുകയായിരുന്നു.

മധ്യനിരയിലും ആക്രമണനിരയിലും മൂന്നുപേരെ വീതം അണിനിരത്തി ക്രൊയേഷ്യ ആക്രമിച്ചു കളിച്ചപ്പോള്‍ അതേ ആള്‍ബലം പ്രതിരോധത്തില്‍ ഉപയോഗിച്ച മൊറോക്കോ വിലപ്പെട്ട ഒരു പോയിന്റ് പങ്കിട്ടു.

ഇതോടെ ഈ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇതു നാലാമത്തെ യൂറോപ്യന്‍ ടീമാണ് മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കു മുന്നില്‍ വിജയം നേടാനാകാതെ തലകുനിച്ചത്. നേരത്തെ ഡെന്‍മാര്‍ക്ക്, പോളണ്ട്, വെയ്ല്‍സ് എന്നീ ടീമുകള്‍ യഥാക്രമം ടുണീഷ്യ, മെക്‌സിക്കോ, യു.എസ്എ എന്നിവര്‍ക്കു മുന്നില്‍ സമനില വഴങ്ങിയിരുന്നു.

ഇന്നത്തെ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും അവസരങ്ങള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. ക്രൊയേഷ്യന്‍ ഭാഗത്ത് നിക്കോള വ്‌ളാസിച്ചും മൊറോക്കന്‍ നിരയില്‍ നൗസയിര്‍ മസ്‌രായിയും നിരവധിത്തവണ സ്‌കോര്‍ ചെയ്യുന്നതിന് അടുത്തെത്തിയതാണ്. എന്നാല്‍ ലക്ഷ്യം കാണാനായില്ല. അടുത്ത മത്സരത്തില്‍ ക്രൊയേഷ്യ കാനഡയെയും മൊറോക്കോ ബെല്‍ജിയത്തെയും നേരിടും.

logo
The Fourth
www.thefourthnews.in