യുവേഫ നേഷൻസ് ലീഗ്: ഓറഞ്ച് പടയെ തുരത്തി ക്രൊയേഷ്യ ഫൈനലിൽ

യുവേഫ നേഷൻസ് ലീഗ്: ഓറഞ്ച് പടയെ തുരത്തി ക്രൊയേഷ്യ ഫൈനലിൽ

രണ്ടാം സെമിയിൽ ഇറ്റലിയും സ്പെയിനും ഇന്ന് നേർക്കുനേർ
Updated on
1 min read

യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍. നെതര്‍ലന്‍ഡ്‌സിന്റെ തട്ടകത്തില്‍ നടന്ന ആദ്യ സെമിയില്‍ 4-2 നാണ് ക്രൊയേഷ്യ ഓറഞ്ച് പടയെ ഒതുക്കിയത്.

അധിക സമയം വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ ജയവുമായി ക്രൊയേഷ്യ സുവര്‍ണ താരങ്ങളുടെ കിരീട സ്വപ്‌നത്തിലേക്ക് ഒരുപടികൂടി അടുത്തു

അധിക സമയം വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ ജയവുമായി ക്രൊയേഷ്യൻ സുവര്‍ണനിര കിരീട സ്വപ്‌നത്തിലേക്ക് ഒരുപടികൂടി അടുത്തു. അധിക സമയത്ത് പെനാല്‍റ്റി ഗോളിലൂടെ ക്രൊയേഷ്യയുടെ ജയമുറപ്പിക്കുകയും മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത നായകന്‍ ലൂക്കാ മോഡ്രിച്ച് ആണ് കളിയിലെ താരം.

റോട്ടര്‍ഡാമില്‍ ക്രൊയേഷ്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ആദ്യഗോള്‍ പിറന്നത് ആതിഥേയരില്‍ നിന്നായിരുന്നു. മത്സരത്തിന്റെ 34ാം മിനിറ്റില്‍ ഡോണേല്‍ മാലെന്‍ നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ തിരിച്ചുവരവ് നടത്തി. 55ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി ഗോളിലൂടെ സന്ദര്‍ശകര്‍ സമനില പിടിച്ചു. ആന്‍ഡ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്.

72ാം മിനിറ്റില്‍ വീണ്ടും ഡച്ച് ഗോള്‍വല കുലുങ്ങി. മാരിയോ പസലിച്ചിലൂടെയായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍. ക്രൊയേഷ്യയുടെ ജയം ഏകദേശം ഉറപ്പിച്ചപ്പോഴാണ് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നോവാലോങ്ങിലൂടെ നെതര്‍ലന്‍ഡ്‌സ് സമനില കണ്ടെത്തിയത്. 96ാം മിനിറ്റിലെ സമനില ഗോളോടെ മത്സരം അധികസമയത്തേക്ക്.

എക്‌സ്ട്രാടൈമില്‍ എട്ട് മിനിറ്റ് പിന്നിടുമ്പോള്‍ ബ്രൂണോ പെറ്റകോവിച്ചിലൂടെ ക്രൊയേഷ്യയുടെ നിര്‍ണായക ഗോള്‍. നായകന്‍ മോഡ്രിച്ചിന്റെ പാസ് പെറ്റ്‌കോവിച്ച് ലക്ഷ്യം തെറ്റാതെ എതിരാളികളുടെ വലയ്ക്കുള്ളിലേക്കെത്തിച്ചു. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ക്രൊയേഷ്യയ്ക്ക് ഒരു പെനാല്‍റ്റി കൂടി വീണു കിട്ടി. കിട്ടിയ അവസരം പാഴാക്കാതെ മോഡ്രിച്ച് നാലാം ഗോളും നേടി ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റലി സ്‌പെയിനെ നേരിടും.

logo
The Fourth
www.thefourthnews.in