'ഞാന്‍ സൗദിയിലേക്കില്ല'; അല്‍ അഹ്ലിയുടെ ഓഫര്‍ നിരസിച്ച് ഡിപോള്‍

'ഞാന്‍ സൗദിയിലേക്കില്ല'; അല്‍ അഹ്ലിയുടെ ഓഫര്‍ നിരസിച്ച് ഡിപോള്‍

നിലവില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് ഡി പോള്‍. 2021-ല്‍ ഇറ്റാലിയന്‍ ക്ലബ് ഉഡ്‌നീസില്‍ നിന്ന് അത്‌ലറ്റിക്കോയിലെത്തിയ താരത്തിന് 2026 വരെ ക്ലബുമായി കരാറുണ്ട്
Updated on
1 min read

അര്‍ജന്റീന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോളിനെ റാഞ്ചാനുള്ള സൗദി അറേബ്യന്‍ ക്ലബ് അല്‍ അഹ്ലിയുടെ നീക്കങ്ങള്‍ പൊളിഞ്ഞു. സൗദി ക്ലബ് മുന്നോട്ടു വച്ച കരാര്‍ തള്ളിയതായി ഡി പോള്‍ വ്യക്തമാക്കി. യൂറോപ്പില്‍ തുടരാനാണ് ആഗ്രഹമെന്നും സൗദിയിലേക്കു ചേക്കേറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡി പോള്‍ വ്യക്തമാക്കിയതായി പ്രമുഖ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനും ഏജന്റുമായ ഫാബ്രസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

നിലവില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് ഡി പോള്‍. 2021-ല്‍ ഇറ്റാലിയന്‍ ക്ലബ് ഉഡ്‌നീസില്‍ നിന്ന് അത്‌ലറ്റിക്കോയിലെത്തിയ താരത്തിന് 2026 വരെ ക്ലബുമായി കരാറുണ്ട്. 35 മില്യണ്‍ യൂറോയാണ് താരത്തിന് അല്‍ അഹ്ലി ഓഫര്‍ ചെയ്തത്.

അതേസമയം സൗദി ക്ലബിന്റെ ഓഫര്‍ തള്ളിയെങ്കിലും അത്‌ലറ്റിക്കോയില്‍ തുടരാന്‍ താരം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നുതന്നെയുള്ള മറ്റേതെങ്കിലും ക്ലബിലേക്ക് മാറാനാണ് താരം ശ്രമിക്കുന്നത്. താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സി, ആസ്റ്റണ്‍വില്ല എന്നിവരും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ശ്രമിക്കുന്നുണ്ട്.

ഈ സീസണില്‍ പുതിയ പരിശീലകനായി മത്യാസ് ജയ്‌സലിനെ നിയമിച്ച ശേഷം 140 മില്യണ്‍ പൗണ്ടോളം ചിലവഴിച്ച് സൂപ്പര്‍ താരങ്ങളെ എത്തിച്ച ക്ലബാണ് അല്‍ അഹ്ലി. ഇതിനോടകം റോബര്‍ട്ടോ ഫിര്‍മിനോ, റിയാദ് മഹ്‌റെസ്, എഡ്വേര്‍ഡ് മെന്‍ഡി തുടങ്ങിയവരെ അവര്‍ സ്വന്തമാക്കിയിരുന്നു. ഒരു മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ സ്വന്തമാക്കുകയെന്ന ലക്ഷ്യം വച്ചാണ് അവര്‍ ഡി പോളിനെ നോട്ടമിട്ടത്.

logo
The Fourth
www.thefourthnews.in