തുടര്‍ച്ചയായ രണ്ടാം ജയം; ധീരജിന്റെ മികവില്‍ ഗോവ തലപ്പത്ത്
Shibu P

തുടര്‍ച്ചയായ രണ്ടാം ജയം; ധീരജിന്റെ മികവില്‍ ഗോവ തലപ്പത്ത്

രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ആറു പോയിന്റുമായാണ് ഗോവ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്. ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമും ഗോവയാണ്.
Updated on
1 min read

ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകളും ബാറിനു കീഴില്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ വിശ്വസ്ത കരങ്ങളും ചേര്‍ന്ന് എഫ്‌സി ഗോവയെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെയാണ് അവര്‍ തോല്‍പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജയം.

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ റെഡീം തലാങ്ങും ഇന്‍ജുറി ടൈമില്‍ 92-ാം മിനിറ്റില്‍ നോഹ സദൗയിയുമാണ് ഗോവയ്ക്കായി വലകുലുക്കിയത്. മത്സരത്തിന്റെ ഇരുപകുതികളിലുമായി നാലോളം സേവുകള്‍ നടത്തിയ ധീരജ് സിങ്ങായിരുന്നു ഗോവന്‍ ജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത മൊറോക്കന്‍ താരം സദൗയിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടിയിരുന്നു. സദൗയി നല്‍കിയ പാസില്‍ നിന്നായിരുന്നു തലാങ് സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ചെന്നൈയിന്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടു തവണ ഗോള്‍ മടക്കുന്നതിന് അടുത്തെത്തിയതാണ്. എന്നാല്‍ ഇരട്ട സേവുകളുമായി ധീരജ് വിലങ്ങുതടിയായി.

മറുവശത്ത് ഗോവയും ആക്രമിച്ചു കളിച്ചതോടെ ആദ്യ പകുതി അത്യന്തം ആവേശകരമായിരുന്നു. എന്നാല്‍ ഇടവേളയ്ക്കു മുമ്പ് സ്‌കോര്‍ബോര്‍ഡില്‍ മാറ്റം കൊണ്ടുവരാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല.

ഇരുപകുതികളിലേക്കും പന്ത് കയറിയിറങ്ങിയതോടെ ഏതുനിമിഷവും ഗോള്‍ വീഴാമെന്ന സ്ഥിതിയായിരുന്നു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ വിനയായി. ഒടുവില്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സദൗയിലൂടെ രണ്ടാം ഗോളും നേടി ഗോവ മൂന്നു പോയിന്റ് ഉറപ്പാക്കുകയായിരുന്നു.

രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ആറു പോയിന്റുമായാണ് ഗോവ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്. ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമും ഗോവയാണ്. നാളെ ഐഎസ്എല്ലില്‍ ഡബിള്‍ ഹെഡ്ഡറാണ്. വൈകിട്ട് 5:30ന് നടക്കുന്ന മത്സരത്തില്‍ ജംഷഡ്പൂരും മുംബൈ സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ രാത്രി 7:30ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ബംഗളുരു എഫ്‌സിയുമായി കൊമ്പുകോര്‍ക്കും.

logo
The Fourth
www.thefourthnews.in