പഞ്ചാബിനെ തുരത്തി; സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തുടക്കം
എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഐ.എസ്.എല്‍. ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ ഇന്നു തങ്ങളുടെ ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്.
കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളാ ടീമിന്റെ ജയം. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ദിമിത്രി ഡയമെന്റക്കോസ്, നിഷുകുമാര്‍, കെ.പി. രാഹുല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൃഷ്ണ സിങ്ങിന്റെ വകയായിരുന്നു പഞ്ചാബിന്റെ ആശ്വാസ ഗോള്‍.
ഇരുടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ആധിപത്യം. നാലാം മിനിറ്റു മുതല്‍ അവര്‍ ഗോളില്‍ കണ്ണുവച്ച് ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ ഫലം ലഭിക്കാന്‍ 40-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍.
തുടരെ നടത്തിയ ആക്രമണത്തിനൊടുവില്‍ വീണ് കിട്ടിയ പന്ത് ബ്ലാസ്റ്റേഴ്സ് മധ്യനിര താരം സൗരവ് മണ്ഡല്‍ ഗോളിലേക്ക് തൊടുക്കാനായവെ ഗത്യന്തരമില്ലാതെ പഞ്ചാബ് താരം വല്‍പുയ നടത്തിയ ഫൗളിനാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ഗ്രീക്ക് താരം ദിമിത്രി പിഴവില്ലാതെ സ്‌കോര്‍ ചെയ്തു.
ആദ്യ പകുതിയില്‍ ഈ ഗോള്‍ ലീഡില്‍ പിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ നിഷുകുമാര്‍ രണ്ടാം ഗോള്‍ കണ്ടെത്തി. 68-ാം മിനിറ്റില്‍ സഹല്‍ നീട്ടിനല്‍കിയ പന്തുമായി പകരക്കാരന്‍ ബിദ്യാസഗര്‍ സിങ് മുന്നേറിയെങ്കിലും അടി കിരണ്‍ ലിംബു രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ കൃഷ്ണാനന്ദിലൂടെ പഞ്ചാബ് ഒരു ഗോള്‍ മടക്കി.
പിന്നീട് പഞ്ചാബിനെതിരേ ആക്രമണം നയിച്ചും പ്രതിരോധിച്ചും നിന്ന ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി 89ാം മിനിറ്റില്‍ രാഹുല്‍ പട്ടിക തികച്ചു. പഞ്ചാബ് പ്രതിരോധക്കാരില്‍നിന്ന് പന്ത് പിടിച്ചെടുത്ത രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റം തടയാന്‍ ആര്‍ക്കുമായില്ല. അത്യൂഗ്രന്‍ നീക്കത്തിലൂടെ മലയാളി താരം പന്ത് വലയില്‍ എത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ജയമുറപ്പിച്ചു. ജയത്തോടെ ബംഗളുരു എഫ്.സിയും ശ്രീനിധി ഡെക്കാനും കൂടി അടങ്ങുന്ന ഗ്രൂപ്പ് എയില്‍ ഒന്നാമതെത്താനും ബ്ലാസ്‌റ്റേഴ്‌സിനായി. 12-ന് ശ്രീനിധിക്കെതിരോയണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.