മിഷന്‍ 2026: ഫ്രഞ്ച് പരിശീലകനായി ദെഷാംപ്‌സ് തുടരും

മിഷന്‍ 2026: ഫ്രഞ്ച് പരിശീലകനായി ദെഷാംപ്‌സ് തുടരും

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ദെഷാംപ്‌സ് മാറുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു
Updated on
1 min read

ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ദിദിയർ ദെഷാംപ്‌സ് 2026 ലോകകപ്പ് വരെ തുടരും. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഇന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ദെഷാംപ്‌സ് സ്ഥാനത്തിനും മാറുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

"2026 വരെ ഫ്രഞ്ച് ദേശീയ ടീം പരിശീലകനായി ദിദിയർ ദെഷാംപ്‌സ് തുടരുമെന്നത് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനും അതിന്റെ അധ്യക്ഷനായ നോയൽ ലെ ഗ്രേറ്റും അതിയായ സന്തോഷത്തോടെ അറിയിക്കുന്നു" കരാർ നീട്ടിയ വിവരം ഫ്രഞ്ച് ഫുട്ബോളിന്റെ ഔദ്യോഗിക ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.

ദെഷാംപ്‌സിനൊപ്പം അസിസ്റ്റന്റായ ഗൈ സ്റ്റെഫാൻ, ഗോൾകീപ്പിംഗ് കോച്ച് ഫ്രാങ്ക് റാവോട്ട്, ഫിസിക്കൽ ട്രെയിനർ സിറിൽ മൊയിൻ എന്നിവരുടെ കരാറും 2026 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പിലും, അമേരിക്ക, കാനഡ, മെക്സിക്കോ, എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിലും ഈ സംഘത്തിന് കീഴിലാകും ഫ്രാൻസ് ഇറങ്ങുക.

2012ൽ ലോറന്റ് ബ്ലാങ്കിന് പകരക്കാരനായാണ് ദെഷാംപ്‌സ് ഫ്രാൻസ് ടീമിന്റെ പരിശീലകനാകുന്നത്. ഈ വർഷത്തെ ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചതടക്കം സമീപകാലത്ത്‌ പ്രധാന ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് ഫ്രാൻസ് പുറത്തെടുക്കുന്നത്. 2016 യൂറോ കപ്പിൽ ഫ്രാൻസിനെ റണ്ണേഴ്‌സ് അപ്പ് ആക്കിയ ദെഷാംപ്‌സ് 2018ൽ അവർക്ക് ലോകകപ്പ് നേടിക്കൊടുത്തു. കഴിഞ്ഞ വർഷത്തെ യുവേഫ നേഷൻസ് ലീഗ് കിരീടവും അദ്ദേഹത്തിന് കീഴിൽ ഫ്രഞ്ച് പട നേടിയിരുന്നു.

ദെഷാംപ്‌സിന്റെ കീഴിൽ ഇതിനോടകം 139 മത്സരങ്ങൾ പൂർത്തിയാക്കിയ ഫ്രാൻസ് 89 ജയവും 28 സമനിലകളും നേടി. 22 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. 279 ഗോളുകൾ എതിരാളികളുടെ വലയിലേക്കടിച്ചപ്പോൾ 119 ഗോളുകൾ വഴങ്ങി.

logo
The Fourth
www.thefourthnews.in