''മലപ്പുറത്ത് കളിച്ചുവളര്‍ന്നവനാണ്; മഞ്ഞപ്പടയുടെ കളി എന്നോടു വേണ്ട''
എതിര്‍താരങ്ങളെ 'ബാന്റര്‍' ചെയ്തു തളര്‍ത്തുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ തന്ത്രം തന്നോടു വേണ്ടെന്ന മുന്നറിയിപ്പുമായി എ ടി കെ മോഹന്‍ബഗാന്റെ മലയാളി യുവതാരം ആഷിക് കുരുണിയന്‍. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഹോം ടീം ആരാധകര്‍ സ്ഥിരം പുറത്തെടുക്കുന്ന തന്ത്രമാണ് ബാന്ററിങ്. എതിര്‍ടീമിലെ ഏതെങ്കിലും ഒരു താരത്തെ ലക്ഷ്യം വച്ചാണ് ഇതു നടപ്പാക്കുക.
ആ താരം പന്ത് ടച്ച് ചെയ്യുമ്പോഴോ, ഒരു മുന്നേറ്റം നടത്തുമ്പോഴോ, ഒരു പിഴവ് വരുത്തുമ്പോഴോ ആരാധകര്‍ ഒന്നടങ്കം ചേര്‍ന്ന് കൂവി വിളിച്ചും ആക്ഷേപ-അപഹാസ്യങ്ങള്‍ ചൊരിഞ്ഞും അവരെ മാനസികമായി തളര്‍ത്തുന്നതാണ് ഈ രീതി. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പ്രത്യേകിച്ച് ഇറ്റലിയിലും ഫ്രാന്‍സിലും ഇതു സര്‍വസാധാരണമാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ബംഗളുരു എഫ് സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ആരാധകരും ഈ തന്ത്രം ഉപയോഗിക്കാറുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്‍െ മലയാളി താരം വി പി സുഹൈറും ഈ തന്ത്രത്തിന്റെ ചൂടറിഞ്ഞിരുന്നു.
നാളെ ബ്ലാസ്‌റ്റേഴ്‌സിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടത്തിന്റെ ഈ തന്ത്രത്തെ ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ആഷിഖ്. തനിക്ക് അത്തരം അനുഭവങ്ങള്‍ നല്ല പരിചയമാണെന്നും അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നുമായിരുന്നു ആഷിഖ് പറഞ്ഞത്.
''അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടേയല്ല. ഞാനൊരു മലപ്പുറത്തുകാരനാണ്. ആ മണ്ണില്‍ സെവന്‍സ് കളിച്ചാണ് ഞാന്‍ വളര്‍ന്ന്. സെവന്‍സ് മത്സരങ്ങളില്‍ ഇതിനേക്കാള്‍ വലിയത് ഞാന്‍ കേട്ടിട്ടുണ്ട്. അത്രത്തോളം വരില്ല ഇത്. അതു കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല''- ആഷിഖ് പറഞ്ഞു.
മലയാള മണ്ണില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിനെതിരേ കളത്തിലിറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുകയെന്നും മറ്റൊന്നും തന്നെ അതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ പ്രേരിപ്പിക്കില്ലെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു. നാളത്തെ മത്സരത്തില്‍ മൂന്നു പോയിന്റ് നേടാനുറച്ചു തന്നെയാണ് ബഗാന്‍ ഇറങ്ങുന്നതെന്നും ആഷിഖ് പറഞ്ഞു.