വിദേശ ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ; ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചിയിൽ തുടക്കം
ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് തുടക്കം. ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, റിയർ അഡ്മിറൽ സുശീൽ മേനോൻ , കേരള ബ്ലാസ്റ്റേഴ്സ് താരം കെ പി രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. ലോകത്തെ പഴക്കം ചെന്ന മൂന്നാമത്തെയും ഏഷ്യയിലെ ഏറ്റവും പഴക്കവുമുള്ള ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ് ട്രോഫി.
കേരളത്തിൽ ഇതാദ്യമായാണ് ഡ്യൂറന്റ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷം വിദേശത്തുനിന്നുള്ള ടീമുകൾ കൂടി ടൂർണമെന്റിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ തവണയുണ്ട്. ആകെ 24 ടീമുകളാണ് ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുക. ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ടീമുകളാണ് ഇന്ത്യക്ക് പുറത്ത് നിന്ന് പങ്കെടുക്കുന്ന മറ്റു ടീമുകൾ.
ഗോകുലം എഫ് സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളാണ് കേരളത്തിൽ നിന്ന് ടൂർണമെന്റിൽ പങ്കെടുക്കുക.
ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം ഇന്ത്യയിലെ പ്രധാനപ്പെട്ട 15 നഗരങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും. ടൂറിന്റെ ഫ്ലാഗ് ഓഫ് റിയൽ അഡ്മിറൽ സുശീൽ മേനോനും, ദേശീയ താരം ഐ എം വിജയനും ചേർന്ന് നിർവഹിച്ചു. ആഗസ്റ്റ് ഒന്നിന് കൊൽക്കത്തയിൽ വച്ചാണ് ടൂർണമെന്റിന് ആരംഭം.