വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: പോര്‍ചുഗലിനെ തുരത്തി ഹോളണ്ട്, സ്വീഡന് ജയത്തുടക്കം
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ഹോളണ്ടിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ന് ശക്തരായ പോര്‍ചുഗലിനെയാണ് തോല്‍പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഓറഞ്ച് പടയുടെ ജയം. മറ്റൊരു മത്സരത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ടീമായ സ്വീഡനും വിജയത്തുടക്കം നേടി. ആഫ്രിക്കന്‍ ടീമായ ദക്ഷിണാഫ്രിക്കയെയാണ് സ്വീഡന്‍ തോല്‍പിച്ചത്.
ഡുനെഡിനിലെ ഫോര്‍സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-ാം മിനിറ്റില്‍ നേടിയ ഗോളാണ് ഹോളണ്ടിന് വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സമ്മാനിച്ചത്. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോള്‍. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് സ്‌റ്റെഫാനി വാന്‍ ഡെര്‍ ഗ്രാറ്റാണ് സ്‌കോര്‍ ചെയ്തത്.
ഷെരിഡ സ്പിറ്റ്‌സെ തൊടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിന്റെ മധ്യത്തിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ ഓടിയെത്തിയ വാന്‍ ഡെര്‍ ഗ്രാറ്റ് അത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീടും മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്താന്‍ ഹോളണ്ടിനു കഴിഞ്ഞെങ്കിലും പോര്‍ചുഗല്‍ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനം മത്സരഫലം 1-0ല്‍ ഒതുക്കി.
വെല്ലിങ്ടണിലെ റീജിയണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം നേടിയ ഗോളിലാണ് സ്വീഡന്‍ ദക്ഷിണാഫ്രിക്കയെ മറികടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. മത്സരത്തില്‍ ആദ്യ ലീഡ് വഴങ്ങിയ ശേഷമായിരുന്നു സ്വീഡന്റെ ഗംഭീര തിരിച്ചുവരവ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
48-ാം മിനിറ്റില്‍ ബോക്‌സിന്റെ ഇടതുവശത്തു നിന്നു ലഭിച്ച പാസ് സ്വീകരിച്ച് ഹില്‍ദാ മാഗിയയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കുന്ന സ്വീഡനെയാണ് പിന്നീട് കണ്ടത്. ഏറെ വൈകാതെ അവര്‍ സമനില ഗോളും നേടി. 65-ാം മിനിറ്റില്‍ ബാഴ്‌സലോണ താരം ഫ്രിദൊലിനയിലൂടെയാണ് അവര്‍ ഒപ്പമെത്തിയത്. ജൊഹാന്ന കനെരിഡിന്റെ ക്രോസില്‍ നിന്നായിരുന്നു ഫ്രിദൊലിന സ്‌കോര്‍ ചെയ്തത്.
ഇതിനു ശേഷം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. വിജയഗോളിനായി സ്വീഡന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ പഴുതില്ലാത്ത പ്രതിരോധവുമായി ദക്ഷിണാഫ്രിക്ക പിടിച്ചു നിന്നു. ഒടുവില്‍ മത്സരം സമനിലയില്‍ കലാശിക്കുമെന്നു തോന്നിച്ചപ്പോഴാണ് വിജയഗോള്‍ വന്നത്. നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഒരു കോര്‍ണറില്‍ നിന്നു സ്വീഡന്‍ വലകുലുക്കി. കൊസോവ്‌രെ അസ്ലാനിയെടുത്ത കോര്‍ണറിന് തലവച്ച് പ്രതിരോധ താരം അമാന്‍ഡ ഇല്ലെസ്റ്റഡ് ആണ് വിജയഗോള്‍ നേടിയത്.