എമിലിയാനോ ജൂലൈ ആദ്യമെത്തും; പെലെ-മറഡോണ-സോബേഴ്സ് ഗേറ്റ് തുറന്നുകൊടുക്കും

എമിലിയാനോ ജൂലൈ ആദ്യമെത്തും; പെലെ-മറഡോണ-സോബേഴ്സ് ഗേറ്റ് തുറന്നുകൊടുക്കും

കൊൽക്കത്തയിൽ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മാർട്ടിനെസ് ഇന്ത്യയിലെത്തുന്നത്
Updated on
1 min read

അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസ് ഇന്ത്യയിലെത്തുമെന്ന കാര്യം ഉറപ്പായി. ജൂലൈ ആദ്യവാരമാണ് താരം എത്തുന്നത്. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുന്ന താരം ജൂലൈ നാലിന് മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണയുടെയും പെലെയുടെയും ക്രിക്കറ്റ് ഇതിഹാസം സര്‍ ഗ്യാരി സോബേഴ്‌സിന്റെയും പേരിലുള്ള ഗേറ്റ് ഉദ്ഘാടനം ചെയ്യും.എമിലിയാനോയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോഹൻ ബഗാൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ക്ലബിലെ സൗകര്യങ്ങൾ നിരീക്ഷിച്ച ശേഷം മാർട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തും. കൊൽക്കത്തയിൽ സ്വകാര്യ സന്ദർശനത്തിനാണ് മാർട്ടിനെസ് എത്തുന്നതെങ്കിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി മോഹൻ ബഗാൻ ജനറൽ സെക്രട്ടറി ദേബാശിഷ് ​​ദത്തയുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മാർട്ടിനെസിനെ ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്ത പ്രമുഖ ബിസിനസുകാരനും സ്‌പോര്‍ട്‌സ് പ്രൊമോട്ടറുമായ സത്രദു ദത്തയ്ക്കും മോഹൻ ബാഗൻ നന്ദി അറിയിച്ചു. നേരത്തെ ഇതിഹാസ താരങ്ങളായ ഡീഗോ മറഡോണയെയും പെലെയെയും കൊല്‍ക്കത്തയില്‍ എത്തിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഖത്തറില്‍ നടന്ന 2022 ഫിഫ ലോകകപ്പില്‍ ലയണല്‍ മെസിയുടെ നായകത്വത്തിനു കീഴില്‍ അര്‍ജന്റീനയുടെ കിരീട ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മാര്‍ട്ടിനസ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും നിര്‍ണായക നാലു പെനാല്‍റ്റി കിക്കുകള്‍ സേവ് ചെയ്ത മാര്‍ട്ടിനസിന്റെ പ്രകടനം അര്‍ജന്റീന ആരാധകര്‍ക്ക് മറക്കാനാകില്ല. ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും മാര്‍ട്ടിനസായിരുന്നു. ലോകകപ്പിനു മുമ്പ് നടന്ന 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും മാര്‍ട്ടിനസ് മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 30-കാരനായ താരം നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ആസ്റ്റണ്‍ വില്ലയുടെ കാവല്‍ക്കാരനാണ്.

logo
The Fourth
www.thefourthnews.in