വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ആറാടി ഇംഗ്ലണ്ട്, മികവോടെ ഡെന്‍മാര്‍ക്ക്

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ആറാടി ഇംഗ്ലണ്ട്, മികവോടെ ഡെന്‍മാര്‍ക്ക്

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലേക്ക് കടന്നത്. രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്കിന്റെ മുന്നേറ്റം.
Updated on
1 min read

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും. ഇന്നു നടന്ന അവസാന റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തില്‍ ചൈനയെ തകര്‍ത്ത് ഇംഗ്ലണ്ട് മുന്നേറിയപ്പോള്‍ ഹെയ്തിയെ കീഴടക്കിയായിരുന്നു ഡെന്‍മാര്‍ക്കിന്റെ നോക്കൗട്ട് പ്രവേശനം.

അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ചൈനയെ തുരത്തിയത്. ഇരട്ടഗോളുകള്‍ നേടിയ ലോറന്‍ ജയിംസിന്റെ പ്രകടനമാണ് അവര്‍ക്ക് നിര്‍ണായകമായത്. അലീസിയ റൂസോ, ലോറന്‍ ഹെമ്പ്, കോള്‍ കെല്ലി, റേച്ചല്‍ ഡാലി എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ മറ്റു സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ അലീസിയയിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍വേട്ട ആരംഭിച്ചത്. 84-ാം മിനിറ്റില്‍ റേച്ചല്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. ചൈനയ്ക്കു വേണ്ടി 57-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് വാങ് ഷുവാങ് ആണ് ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം പെര്‍ത്തിലെ റെക്ടാംഗുലര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് ഹെയ്തിയെ തോല്‍പിച്ചത്. ഇരുപകുതികളിലുമായാണ് ഡെന്‍മാര്‍ക്ക് സ്‌കോര്‍ ചെയ്തത്. 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പെര്‍നില്ലി ഹാര്‍ഡറും രണ്ടാം പകുതിയില്‍ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ സാനെ ട്രോല്‍സ്ഗാര്‍ഡ് നീല്‍സണുമാണ് ഡെന്‍മാര്‍ക്കിന്റെ ഗോളുകള്‍ നേടിയത്.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളില്‍ നിന്നു രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്കിന്റെ മുന്നേറ്റം. മൂന്നു പോയിന്റുമായി ചൈന മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ഹെയ്തിയാണ് അവസാന സ്ഥാനത്ത്.

logo
The Fourth
www.thefourthnews.in