അവശേഷിക്കുന്നത് 10 മത്സരങ്ങള്‍ വീതം; പ്രീമിയർ ലീഗില്‍ 'ട്രിപ്പിള്‍' ട്രീറ്റ്
പ്രവചനാതീതം എന്നൊരു വാക്ക് ഏതെങ്കിലുമൊരു ഫുട്ബോള്‍ ലീഗിന് നല്‍കാന്‍ കഴിയുമെങ്കില്‍ അത് അർഹിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗാണ്. സീസണിലെ അവസാന മത്സരത്തിലെ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ചാമ്പ്യന്മാരാരെന്നറിയാന്‍ കാല്‍പന്ത് പ്രേമികള്‍ക്ക് മൈതാനത്തേക്ക് കണ്ണുനട്ടിരിക്കേണ്ടി വന്ന ചരിത്രമുള്ള ലീഗ്. മറ്റൊരു സീസണ്‍കൂടി ക്ലൈമാക്സിലേക്ക് കടക്കുമ്പോള്‍ ഇത്തവണയും സാഹചര്യം വ്യത്യസ്തമല്ല.
ഓരോ ടീമിനും 10 മത്സരങ്ങള്‍ അവശേഷിക്കെ പോയിന്റ് പട്ടികയില്‍ ഒന്നാമത് ആഴ്സണലാണ്, ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആഴ്സണലിനും ലിവർപൂളിനും 64 പോയിന്റ് വീതമാണുള്ളതെങ്കില്‍ സിറ്റിയുടെ നേട്ടം 63 പോയിന്റാണ്.
ആഴ്‌സണല്‍
ആഴ്‌സണ്‍ വെങ്ങറുടെ കീഴില്‍ തോല്‍വിയറിയാതെ പ്രീമിയർ ലീഗ് കിരീടം ആഴ്‌സണല്‍ ഉയർത്തിയിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. 38 മത്സരങ്ങളില്‍ നേടിയ 26 ജയവും 12 തോല്‍വിയുമായിരുന്നു ഗണ്ണേഴ്‌സിന്റെ കിരീട യാത്രം എളുപ്പമാക്കിയത്. എന്നാല്‍ പിന്നീട് പ്രീമിയർ ലീഗ് കിരീടമെന്നത് ആഴ്‌സണലിന് കിട്ടാക്കനിയാണ്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ടീമിന് കിരീടം ഉയർത്താനുള്ള സുവർണാവസരമാണ് നിലവിലുള്ളത്.
മൈക്കല്‍ ആർറ്റെറ്റയുടെ കീഴില്‍ 28 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 20 ജയം, നാല് വീതം തോല്‍വിയും സമനിലയും. പോയിന്റ് പട്ടികയുടെ തലപ്പത്തിരിക്കുന്ന ആഴ്‌സണലിന്റെ സ്ഥിതി ഇതാണ്. ഇന്നലെ നടന്ന സിറ്റി-ലിവർപൂള്‍ പോരാട്ടം സമനിലയില്‍ കലാശിച്ചതാണ് ഒന്നാം സ്ഥാനത്തേക്ക് ആഴ്‌സണലിനെ എത്തിച്ചത്.
ആഴ്‌സണലിനെ സംബന്ധിച്ച് കാര്യങ്ങള്‍ കടുപ്പമാണ്. അവശേഷിക്കുന്ന 10 മത്സരങ്ങളില്‍ അഞ്ചും പട്ടികയില്‍ ആദ്യ പത്തിലുള്ളവരുമായാണ്.
ചെല്‍സി (11-ാം സ്ഥാനം), മാഞ്ചസ്റ്റർ സിറ്റി (3), ലുട്ടോണ്‍ ടൗണ്‍ (18), ബ്രൈറ്റണ്‍ (8), ആസ്റ്റണ്‍ വില്ല (4), വോള്‍വ്‌സ് (9), ടോട്ടന്‍ഹാം (5), ബേണ്‍മൗത്ത് (13), മാഞ്ചസ്റ്റർ യുണൈറ്റഡ് (6), എവർട്ടണ്‍ (16) എന്നീ ടീമുകളെയാണ് ആഴ്‌സണല്‍ ഇനി നേരിടേണ്ടത്. ഇതില്‍ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് മൂന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള മാർച്ച് 31ലെ മത്സരം തന്നെ. ലീഗ് പട്ടികയുടെ ഗതി നിർണയിക്കാന്‍ കെല്‍പ്പുള്ള മത്സരമാണിത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനും ഫലം നിർണായകമായിരിക്കും.
മാഞ്ചസ്റ്റർ സിറ്റി
ക്ലൈമാക്സില്‍ കപ്പടിക്കുന്ന ശീലമുള്ള പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും നിലവിലെ സമ്മർദം അതിജീവിക്കുക എന്നത് അത്ര വെല്ലുവിളിയായിരിക്കില്ല. എന്നാല്‍ ലിവർപൂളിനോട് വഴങ്ങിയ സമനില വീണ്ടുമൊരു പരീക്ഷണ കാലഘട്ടത്തിലേക്ക് സിറ്റിയെ തള്ളിവിട്ടിരിക്കുകയാണ്. 28 മത്സരങ്ങളില്‍ നിന്ന് 19 ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയുമുള്ള സിറ്റിക്ക് 63 പോയിന്റാണുള്ളത്.
ബ്രൈറ്റണ്‍, ആഴ്സണല്‍, ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ് (14), ലുട്ടോണ്‍ ടൗണ്‍, ടോട്ടന്‍ഹാം, നോട്ടിങ്ഹാം ഫോറസ്റ്റ് (17), വോള്‍വ്‌സ്, ഫുള്‍ഹാം (12), വെസ്റ്റ്ഹാം (7) എന്നീ ടീമുകളെയാണ് ഇനി സിറ്റി നേരിടേണ്ടത്. ആഴ്‌സണല്‍, ആസ്റ്റണ്‍ വില്ല, ടോട്ടന്‍ഹാം മത്സരങ്ങളാണ് സിറ്റിയെ സംബന്ധിച്ച് ഏറെ നിർണായകമായിട്ടുള്ളത്. മൂന്ന് ടീമുകളും മികച്ച ഫോമിലുമാണ്.
ലിവർപൂള്‍
കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലിവർപൂള്‍ ലീഗിന്റെ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് തലപ്പത്തേക്ക് എത്തിയത്. ആഴ്‌സണലുമായി ഓരോ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പിന്നിലായതിനാലാണ് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 28 മത്സരങ്ങളില്‍ നിന്ന് 19 ജയം, ഏഴ് സമനില, രണ്ട് തോല്‍വി എന്നിങ്ങനെയാണ് ലിവർപൂളിന്റെ സീസണിലെ നേട്ടം.
എവർട്ടണ്‍, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് യുണൈറ്റഡ് (20), മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ് (14), ഫുള്‍ഹാം (12), വെസ്റ്റ് ഹാം, ടോട്ടന്‍ഹാം, ആസ്റ്റണ്‍ വില്ല, വോള്‍വ്‌സ് എന്നീ ടീമുകളുമായാണ് ലിവർപൂളിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍.
യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല, ടോട്ടന്‍ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിങ്ങനെ അഞ്ച് നിർണായക മത്സരങ്ങളാണ് ലിവർപൂളിനെ കാത്തിരിക്കുന്നത്. ലിവർപൂളിന് ആദ്യ കിരീടം (2019-20) നേടിക്കൊടുത്ത ക്ലോപ്പ് പടിയിറങ്ങുന്ന സീസണില്‍ ലിവർപൂളിന് ചാമ്പ്യന്മാരാകാനാകുമൊയെന്നതും ആകാംഷയ്ക്ക് വക നല്‍കുന്നതാണ്.