ജോർജിയ: പോർച്ചുഗലിനെ ഞെട്ടിച്ച റൊണാള്‍ഡൊ ആരാധകർ

ജോർജിയയുടെ ഈ യാത്ര എത്രത്തോളം പോകുമെന്നറിയില്ല. പക്ഷേ ഓർമ്മിപ്പിക്കാൻ ഒരു ഉദാഹരണമുണ്ട്. 2004 യൂറോ കപ്പും ഗ്രീസും

വെല്‍റ്റിൻസ് അരീനയിലേക്ക് ആരാധകർ ഒഴുകിയത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കാല്‍പ്പന്താട്ടം കാണാനായിരുന്നു. കണ്ടു, ഏഴാം നമ്പറുകാരൻ ഗ്യാലറികളെ കോരിത്തരിപ്പിക്കുന്നത്. പക്ഷേ അത് റൊണാള്‍ഡൊ അല്ലെന്ന് മാത്രം. ജോർജിയയുടെ ക്വിച്ച ഖ്വരാസ്കെലിയ. റൊണാള്‍ഡോയുടെ സ്വന്തം ആരാധകൻ. 34 വയസ് മാത്രം പ്രായമുള്ള ജോർജിയൻ ഫുട്ബോളിനെ ആദ്യ യൂറോ കപ്പില്‍ തന്നെ പ്രീ ക്വാർട്ടറിലേക്ക് എത്തിച്ചവൻ. അതും പോർച്ചുഗലിനേയും ഫുട്ബോള്‍ ലോകത്തേയും ഞെട്ടിച്ചുകൊണ്ട്.

ഒരു 13 വർഷങ്ങള്‍ പിന്നോട്ട് പോകാം, 2011ല്‍. ഒരു ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനത്തിനായി റൊണാള്‍ഡോ ജോർജിയയിലെത്തിയ ദിനം. അന്ന് ഒരു ചിത്രമെടുക്കാനായി റൊണാള്‍ഡോയ്‌ക്കൊപ്പം കൂടിയ അനേകം കുരുന്നുകളില്‍ ഒന്ന് ക്വിച്ചയായിരുന്നു. റൊണാള്‍ഡോയുടെ പുറകില്‍ നിന്ന് എത്തിനോക്കുന്ന ക്വിച്ചയുടെ മുഖം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആ അക്കാദമിയില്‍ നിന്നുള്ള പല താരങ്ങളുമടങ്ങിയ ജോർജിയയാണ് റൊണാള്‍ഡോയെ കാഴ്‌ചക്കാരാനാക്കി പ്രീ ക്വാർട്ടറിലേക്ക് കുതിച്ചത്.

NurPhoto

പോർച്ചുഗലിനെ നേരിടാൻ കളത്തിലിറങ്ങുന്നതിന് മുൻപായിരുന്നു ക്വിച്ചയെ തേടി റൊണാള്‍ഡോയെത്തിയത്. ക്വിച്ചയ്ക്ക് ആശംസകള്‍ നേർന്നു ഇതിഹാസം. ഇങ്ങനെയൊരു നിമിഷമുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നായിരുന്നു താരം പിന്നീട് പറഞ്ഞത്. മത്സരശേഷം ക്വിച്ച ആദ്യം ഓടിയെത്തിയതും റൊണാള്‍ഡോയ്ക്കരികിലേക്കായിരുന്നു. ആ ഏഴാം നമ്പർ ജേഴ്‌സി വാങ്ങി, സ്വപ്ന മുഹൂർത്തമെന്ന് തലക്കെട്ടോടെ അത് ലോകത്തെ അറിയിക്കുകയും ചെയ്തു.

ജോർജിയ: പോർച്ചുഗലിനെ ഞെട്ടിച്ച റൊണാള്‍ഡൊ ആരാധകർ
എട്ട് വർഷം മുൻപ് കണ്ണീര് വീണു; അതേ മൈതാനത്ത് കൈകളുയർത്തി മെസി

ഇനി ജോർജിയയുടെ പോരാട്ടവീര്യത്തിലേക്ക്. യൂറോ കപ്പില്‍ അണിനിരന്ന 24 ടീമുകളെ പരിശോധിച്ചാല്‍ ഫിഫ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലാണ് ജോർജിയ. 74-ാം സ്ഥാനത്ത്. പോർച്ചുഗല്‍ ആറാം റാങ്കുകാരാണ്, യൂറോ കപ്പ് നേടിയവരുമാണ്. ക്വിച്ച പറഞ്ഞത് ശരിയാണ്, ജോർജിയയില്‍ ഒരു ശതമാനം പോലും ആരും വിശ്വസിച്ചിരുന്നില്ല, പോർച്ചുഗലിനെ നേരിടാൻ ഇറങ്ങുമ്പോള്‍ ഒരു സമനില പോലും വലിയ നേട്ടമായിരുന്നു. പക്ഷേ, യൂറോ കാത്തുവെച്ചത് ചരിത്രം മുഹൂർത്തം.

രണ്ടാം മിനുറ്റിലെ കൗണ്ട‍ർ അറ്റാക്കായിരുന്നു പോർച്ചുഗലിനെ ക്ലൂലെസാക്കികളഞ്ഞത്. ജോർജസ് മിക്കൗട്ടഡ്‌സെയുടെ പാസ് ക്വിച്ചയുടെ ഇടം കാലിലേക്ക്. പോർച്ചുഗലിന്റെ അഞ്ച് പ്രതിരോധതാരങ്ങള്‍ക്ക് ഒപ്പമോടിയ ക്വിച്ച ബോക്സിനുള്ളിലേക്ക്. പറങ്കിപ്പടയുടെ കാവല്‍ക്കാരൻ ഡിയെഗൊ കോസ്റ്റയുടെ കണക്കുകൂട്ടലാകെ തെറ്റി. പന്ത് ശരവേഗം വലയിലെത്തി. ഒരു സുപ്രധാന ടൂർണമെന്റില്‍ ക്വിച്ച ആദ്യമായി ലക്ഷ്യം കണ്ടു. ജോർജിയക്കായി ഇതുവരെ നേടിയ 16 ഗോളുകളില്‍ ഏറ്റവും പകിട്ടാർന്നത്.

ജോർജിയ: പോർച്ചുഗലിനെ ഞെട്ടിച്ച റൊണാള്‍ഡൊ ആരാധകർ
ബെറാത്താണ് ഹീറോ; കുസൃതിയില്‍ പിറന്ന സുന്ദര നിമിഷം

പന്ത് കൈവശം വെച്ചതുകൊണ്ട് കാര്യമില്ല, അത് വലയിലെത്തിച്ചാലെ ജയമൊള്ളു. പൊർച്ചുഗലിന്റെ നിരന്തര ആക്രമങ്ങള്‍ക്ക് ജോർജിയയുടെ ചെറുത്തിനില്‍പ്പിന്റെ വരകടക്കാനായില്ല. ചരിത്രം ഊട്ടിയുറപ്പിക്കാനായി 55-ാം മിനുറ്റിലൊരു പെനാലിറ്റി. അത് ഉറപ്പാക്കിക്കൊണ്ട് മിക്കൗട്ടഡ്‌സെയും. റൊണാള്‍ഡോയെ പിൻവലിച്ചതടക്കം നിരവധി മാറ്റങ്ങള്‍ പോർച്ചുഗല്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പോർച്ചുഗലിന്റെ അവസാന ശ്രമങ്ങളും അതിജീവിച്ച് മുന്നേറ്റം.

ജോർജിയയുടെ ഈ യാത്ര എത്രത്തോളം പോകുമെന്നറിയില്ല. പക്ഷേ ഓർമ്മിപ്പിക്കാൻ ഒരു ഉദാഹരണമുണ്ട്. 2004 യൂറോ കപ്പും ഗ്രീസും. അവരും തുടങ്ങിയത് പോർച്ചുഗലിനെ കീഴടക്കിക്കൊണ്ടായിരുന്നു, ഞെട്ടിച്ചുകൊണ്ടായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. അത് അവസാനിച്ചത് കിരീടത്തിലും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in