ഫൈനലിന്റെ അവസാന നിമിഷം വരെ യമാല്‍ കളത്തിലുണ്ടാകുമോ? സ്‌പെയിന് കുരുക്കാകുക ജര്‍മനിയിലെ തൊഴില്‍ നിയമം

യൂറോയില്‍ പലപ്പോഴും യമാല്‍ മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ണമായും പന്തുതട്ടിയിട്ടില്ല. ഫൈനലിലും ഇത് ആവര്‍ത്തിക്കുമോ എന്നത് യമാലിന്റെയും സ്‌പെയിന്റെയും ആരാധകര്‍ ആശങ്കയോടെ കാത്തിരിക്കുന്നതും

ലാമിന്‍ യമാല്‍, 2024 യൂറോ കപ്പില്‍ സ്‌പെയിനായി ഫുട്‌ബോള്‍ ലോകത്തെ അതിശയിപ്പിച്ച കൗമാര പ്രതിഭ. കിരീടപ്പോരിനായി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ലാ റോഹയുടെ വലിയ പ്രതീക്ഷയാണ് യമാല്‍. പക്ഷേ, യമാലിന് ഇംഗ്ലണ്ടിനെതിരേ മത്സരാവസാനം വരെ കളിക്കാന്‍ ആകുമോ? ജര്‍മനിയിലെ തൊഴില്‍ നിയമം അനുസരിക്കാന്‍ സ്‌പെയിന്‍ തയാറായാല്‍ യമാല്‍ മത്സരാവസാനം വരെ കളത്തിലുണ്ടാകില്ലെന്നാണ് ഉത്തരം. യൂറോയില്‍ പലപ്പോഴും യമാല്‍ മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ണമായും പന്തുതട്ടിയിട്ടില്ല. ഫൈനലിലും ഇത് ആവര്‍ത്തിക്കുമോ എന്നത് യമാലിന്റെയും സ്‌പെയിന്റെയും ആരാധകര്‍ ആശങ്കയോടെ കാത്തിരിക്കുന്നതും.

ജർമനിയിലെ തൊഴില്‍ നിയമപ്രകാരം 18 വയസില്‍ താഴെയുള്ളവർക്ക് രാത്രി എട്ട് മണിക്ക് ശേഷം ജോലിയെടുക്കാനാകില്ല. എന്നാല്‍ കായിക താരങ്ങളുടെ കാര്യത്തില്‍ ചെറിയ ഇളവുണ്ട്. പരമാവധി സമയം രാത്രി 11 മണിവരെയാണ്. നിയമപ്രകാരം യമാലിന് രാത്രി 11 മണിക്ക് ശേഷം മൈതാനത്ത് പന്തുതട്ടാനാകില്ലെന്ന് ചുരുക്കം.

ഇനി ഫൈനലിലേക്ക് വരാം. ഇംഗ്ലണ്ട് സ്പെയിൻ ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത് ജർമൻ സമയം രാത്രി ഒൻപത് മണിക്കാണ്. നിശ്ചിതസമയത്ത് കളിയവസാനിക്കുകയാണെങ്കില്‍ പോലും 11 മണി കഴിയാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മത്സരത്തിന്റെ 90 മിനുറ്റിവും യമാല്‍ കളത്തില്‍ തുടരാനുള്ള സാധ്യത വിരളമാണ്.

ഫൈനലിന്റെ അവസാന നിമിഷം വരെ യമാല്‍ കളത്തിലുണ്ടാകുമോ? സ്‌പെയിന് കുരുക്കാകുക ജര്‍മനിയിലെ തൊഴില്‍ നിയമം
ഹാമിഷ് റോഡ്രിഗസ്‌: ഒരു ഓർമപ്പെടുത്തല്‍

ഇനി മത്സരം അധികസമയത്തേക്കൊ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ നീങ്ങുന്ന സാഹചര്യമാണെങ്കില്‍ യമാല്‍ കളത്തില്‍ തുടരുന്നത് നിയമലംഘനവുമാകും. പക്ഷേ, അല്‍പ്പം റിസ്ക്കെടുത്താല്‍ സ്പെയിന് യമാലിനെ കളിപ്പിക്കാനാകും. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ ഭീമൻ തുക പിഴയടക്കണമെന്ന് മാത്രം. 32,500 യുഎസ് ഡോളർ. രൂപ കണക്കിലാണെങ്കില്‍ 27.5 ലക്ഷം രൂപ.

ഇത്രയും തുക പിഴയടയ്ക്കാൻ ഫെഡറേഷൻ തയാറായേക്കുമൊയെന്നതാണ് മറ്റൊരു ചോദ്യം. ഒരുവശത്ത് യൂറോ കിരീടവും, മറുവശത്ത് ജർമനിയിലെ നിയമവും. നിയമം തെറ്റിക്കാൻ സ്പെയിൻ തയാറായേക്കില്ലെന്നാണ് പോയ മത്സരങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യക്കെതിരെ 86-ാം മിനുറ്റില്‍ യമാല്‍ സബ് ചെയ്യപ്പെട്ടു. ഒൻപത് മണിക്ക് നടന്ന ഇറ്റലിക്കും അല്‍ബേനിയക്കുമെതിരെ യമാല്‍ പന്തുതട്ടിയത് 72 മിനുറ്റ് മാത്രമായിരുന്നു. എന്നാല്‍ പ്രീ ക്വാർട്ടറില്‍ ജോർജിയക്കെതിരെ 90 മിനുറ്റും യമാല്‍ കളിച്ചിരുന്നു. ജർമൻ അധികൃതർ ഫെഡറേഷന് പിഴചുമത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജർമനിക്കെതിരായ ക്വാർട്ടർ ഫൈനല്‍ ആറ് മണിക്കായിരുന്നതിനാല്‍ ആശങ്കകളില്ലായിരുന്നു. സെമി ഫൈനലില്‍ ഫ്രാൻസിനെതിരെ 90 മിനുറ്റും യമാല്‍ പൂർത്തിയാക്കിയിരുന്നു. നിശ്ചിത സമയത്തിന് ശേഷം നല്‍കുന്ന അധിക സമയത്തായിരുന്നു യമാലിന് സ്പെയിൻ സബ് ചെയ്തിരുന്നത്.

ഫൈനലിന്റെ അവസാന നിമിഷം വരെ യമാല്‍ കളത്തിലുണ്ടാകുമോ? സ്‌പെയിന് കുരുക്കാകുക ജര്‍മനിയിലെ തൊഴില്‍ നിയമം
ജ്ഞാനസ്‌നാനം ചെയ്തത് മെസി; ലാമിന്‍ യമാല്‍, ഇത് ഫുട്‌ബോളിന്റെ നവയുഗപ്പിറവി

സ്പെയിനിനെ സംബന്ധിച്ച് ഫൈനല്‍ അധികസമയത്തേക്ക് നീങ്ങുകയാണെങ്കില്‍ യമാലിന്റെ സേവനം അനിവാര്യമായ ഘടകമാണ്. കാരണം യൂറോയില്‍ സ്പെയിനിന്റെ യാത്ര സുഖകരമാക്കുന്നതിന് പിന്നില്‍ യമാലിന്റെ ബുട്ടുകളുമുണ്ട്. റെക്കോഡുകള്‍ പലതും യമാലിന്റെ ബൂട്ടുകള്‍ക്ക് മുന്നില്‍ വഴിമാറി. ഇതുവരെ നേടിയത് ഒരു ഗോളും മൂന്ന് അസിസ്റ്റും.

എന്തിന് ഭൂഗോളം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡുപോലും യമാലിന്റെ ബൂട്ടുകള്‍ക്ക് മുന്നില്‍ കടപുഴകി. ഒരു സുപ്രധാന ടൂർണമെന്റില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണിന്ന് യമാല്‍. അതുകൊണ്ട് തന്നെ സ്പെയിനിന്റെ കിരീടസാധ്യതകള്‍ യമാലിന്റെ കളത്തിലെ സമയവും ആശ്രയിച്ചായിരിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in