യുദ്ധം, യൂറോ; യുക്രെയ്‌ന് എല്ലാം പോരാട്ടമാണ്

ഒരു പന്തിനുപുറകെ 22 പേർ പായുന്ന കേവലമൊരു കളിയല്ല ഫുട്ബോള്‍ എന്ന് തെളിയിച്ച പലരാജ്യങ്ങളിലൊന്നുകൂടിയാണ് യുക്രെ‍യ്‌ൻ

മെർക്കുർ സ്പീല്‍ അരീനയില്‍ ഇന്നലെ സ്ലോവാക്യയ്‌ക്കെതിരായ മത്സരത്തില്‍ ഫൈനൽ വിസില്‍ മുഴുങ്ങുമ്പോള്‍ 1800 കിലോമീറ്റർ അകലെ അങ്ങ് കീവില്‍ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടിട്ടുണ്ടാകും യുക്രെയ്‌ൻ ജനത. കാരണം ആ മത്സരം യുക്രെയ്‌ന്റെ അതിജീവനപ്പോരാട്ടത്തിന്റെ പ്രതീകം കൂടിയായിരുന്നു. സ്ലോവാക്യയുടെ നിരന്തരമായ ഗോള്‍ ആക്രമണങ്ങളെ ചെറുത്ത് നേടിയ സുന്ദരമായൊരു ജയം, യൂറോ കപ്പില്‍ നിന്നുള്ള പുറത്താകലിന്റെ വക്കില്‍ നിന്നുള്ള മടങ്ങി വരവും, റോമൻ യാരംചുക്കിന് നന്ദി.

യൂറോ കപ്പ് ആരംഭിക്കുന്നതിന് മുൻപ്, യുക്രെയ്‌ൻ ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ആന്ദ്രെ ഷെവ്‌ചെങ്കൊയുടെ വാക്കുകള്‍ ഓർമ്മിക്കുകയാണ്. യുദ്ധത്തിന്റെ സ്പർശനമേല്‍ക്കാത്ത ഒരു ഫുട്ബോള്‍ താരമോ, സ്റ്റേഡിയമോ, കളിനിലമോ, നഗരമോ, കുരുന്നുകളൊ ഇന്ന് യുക്രെയ്‌നിലില്ല. ഞങ്ങള്‍ യൂറോയ്ക്ക് ഒരുങ്ങുകയാണ്, ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി പൊരുതുന്നവർക്ക് നന്ദി, ഷെവ്‌ചെങ്കൊ പറഞ്ഞു.

ഒരു പന്തിനുപുറകെ 22 പേർ പായുന്ന കേവലമൊരു കളിയല്ല ഫുട്ബോള്‍ എന്ന് തെളിയിച്ച പലരാജ്യങ്ങളിലൊന്നുകൂടിയാണ് യുക്രെ‍യ്‌ൻ. ചോര കിനിയുന്ന യുദ്ധഭൂമിയില്‍ നിന്നെത്തി ഗ്യാലറികള്‍ നിറച്ചവരാണ് യുക്രെ‌യ്‌ൻ ആരാധകർ. അവർ പലപ്പോഴും ഐക്യദാർഢ്യത്തിന്റെയും പ്രതിഷേധത്തിന്റേയുമൊക്കെ പ്രതീകമായി മാറി. ലോകശക്തികള്‍ എതിര് നില്‍ക്കുമ്പോഴും തങ്ങളുടെ താരങ്ങള്‍ക്ക് ഇന്ധനമായി അവർ ഗ്യാലറികളില്‍ പ്രത്യക്ഷപ്പെട്ടു.

യുദ്ധം, യൂറോ; യുക്രെയ്‌ന് എല്ലാം പോരാട്ടമാണ്
അര്‍ജന്റീനയെ വിമര്‍ശിക്കാന്‍ വരട്ടെ; കളിച്ചുജയിച്ചത് ഏഴു ദിവസം പ്രായമുള്ള പുല്ലിനോട്‌!

ഗ്യാലറിയിലും കളത്തിലും ഒരെ മനസോടെയായിരുന്നു സ്ലോവാക്യക്കെതിരായ യുക്രെയ്‌ന്റെ ചെറുത്തുനില്‍പ്പ്. 17-ാം മിനുറ്റിലായിരുന്നു യുക്രെയ്‌ന്റെ യൂറോ പ്രതീക്ഷകള്‍ക്ക് മുകളില്‍ ഇടുത്തീപോലെ സ്ലോവാക്യയുടെ ഇവാൻ ഷ്രാൻസിന്റെ ഗോള്‍. പന്തടക്കത്തിലും ചടുലതയിലും വേഗതയിലും പിന്നിലായിരുന്ന യുക്രെയ്‌നെ ഉത്തേജിപ്പിക്കാൻ 54-ാം മിനുറ്റില്‍ മൈക്കോള ഷപരെങ്കോയുടെ ഗോള്‍.

പകരക്കാരനായി കളത്തിലെത്തിയ റോമൻ യാരംചുക്കിനായിരുന്നു വിജയം തുന്നിച്ചേർക്കാനുള്ള നറുക്ക് വീണത്. 80-ാം മിനുറ്റില്‍. ഒരു സുപ്രധാന ടൂർണമെന്റില്‍ യുക്രെയ്‌നുവേണ്ടി പകരക്കാരനായി കളത്തിലെത്തി ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരം. 2012 യൂറോയില്‍ സ്വീഡനെതിരെ നേടിയ വിജയത്തിന് ശേഷം പിന്നില്‍ നിന്ന് മുന്നിലെത്തുന്നതും ഇതാദ്യം. നീണ്ട ഒൻപത് മത്സരങ്ങളുടെ ഇടവേളയുണ്ട് ഇത്തരത്തിലുള്ള ഒരു വിജയത്തിന്.

ഓരോ ജയവും യുക്രെയ്‌ന് എന്തുകൊണ്ട് വിലപിടിപ്പുള്ളതാകുന്നുവെന്നതിന് പിന്നിലുണ്ട് ചിലത്. 2022 ഫെബ്രുവരിയിലേക്ക്. യുക്രെയ്‌നെതിരായ റഷ്യൻ അധിനിവേശം ആരംഭിച്ച സമയം. യുക്രെ‌യ്‌നാകെ നിശ്ചലമായ സമയം, രാജ്യത്തെ ഫുട്ബോളും. 2021-22 സീസണിലെ യുക്രെയ്‌ൻ പ്രീമിയർ ലീഗ് പൂർണമായും ഉപേക്ഷിച്ചു. മാസങ്ങള്‍ക്ക് ശേഷം വെസ്റ്റേണ്‍ യുക്രൈനില്‍ ലീഗ് തിരിച്ചുവന്നു. പക്ഷേ, വ്യോമാക്രമണങ്ങള്‍ മൂലം പല മത്സരങ്ങളും തടസപ്പെട്ടു.

സുരക്ഷാ കാരണങ്ങളാല്‍ യുക്രെയ്‌ൻ ദേശീയ ടീമിന് വിദേശരാജ്യങ്ങളിലേക്ക് പരീശിലനം മാറ്റേണ്ടതായി വന്നു. 2022 ഖത്തർ ലോകകപ്പില്‍ സാന്നിധ്യമറിയിക്കാനായില്ല. ഫുട്‌ബോളിനെ പ്രണയിക്കുന്ന യുക്രെയ്ന്‍ ജനതയ്ക്ക് അത് തീര്‍ത്താല്‍ തീരാത്ത സങ്കടമാണ് നല്‍കിയത്.

വേദനകള്‍ മറക്കാന്‍ സഹായിക്കുന്ന മരുന്നാണ് ഫുട്‌ബോള്‍ എന്ന് ലോകത്തോടു പറഞ്ഞത് ഭൂഗോളം കണ്ട എക്കാലത്തെയും മികച്ച താരവും ബ്രസീല്‍ ഇതിഹാസവുമായ സാക്ഷാല്‍ പെലെയാണ്. ബാല്യകാലത്തെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും വേദനമറക്കാന്‍ സോക്‌സിനുള്ള കീറത്തുണികള്‍ ചുരുട്ടിവച്ച് പന്തുണ്ടാക്കി ഫുട്‌ബോള്‍ കളിച്ച കാലം ഓര്‍മിച്ചായിരുന്നു പെലെയുടെ ആ വാക്കുകള്‍.

ജര്‍മന്‍ മണ്ണിലേക്ക് യുക്രെയ്ന്‍ ദേശീയ കുപ്പായത്തില്‍ എത്തിയത് വലിയൊരു സ്വപ്‌നവുമായാണ്. അതില്‍ പക്ഷേ കിരീട ജയത്തിന്റെ തൊങ്ങലുകള്‍ ഒന്നുമില്ല, മറിച്ച് അധിനിവേശ ശക്തിയുടെ ഉരുക്കു ടാങ്കുകളാല്‍ തച്ചുടയ്ക്കപ്പെട്ട തങ്ങളുടെ ജനതയ്ക്ക് എല്ലാം മറന്നൊന്നു ആഹ്‌ളാദിക്കാന്‍ ഏതാനും ചില നിമിഷങ്ങള്‍ സമ്മാനിക്കുകയെന്ന ചെറിയ എന്നാല്‍ മഹത്തായ ലക്ഷ്യം മാത്രമാണുള്ളത്. ആ മഞ്ഞക്കുപ്പായത്തില്‍ അവര്‍ക്ക് അതിന് സാധിക്കട്ടെ..

Related Stories

No stories found.
logo
The Fourth
www.thefourthnews.in